News
ടെക്സസിൽ മെഡിക്കൽ വിമാനം തകർന്നു വീണു; രണ്ട് വയസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
മെക്സിക്കൻ നാവിക സേനയുടെ ഇരട്ട ടർബോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി
ടെക്സസ്: പൊള്ളലേറ്റ രോഗിയുമായി മെക്സിക്കയിൽ നിന്ന് ടെക്സസിലേക്ക് വന്ന വിമാനം അമേരിക്കയിൽ തകർന്നു വീണു. മെക്സിക്കൻ നാവിക സേനയുടെ ഇരട്ട ടർബോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വയസുള്ള കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. അപകടസമയത്ത് വിമാനത്തിൽ ആകെ എട്ട് പേരാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.17ഓടെ ടെക്സസിലെ ഗാൽവെസ്റ്റൺ ബേയിലായിരുന്നു അപകടം. മെക്സിക്കയിലെ യുകാറ്റൻ സംസ്ഥാനത്തെ മെറിഡയിൽ നിന്ന് പറന്നുയർന്ന വിമാനം ഗാൽവെസ്റ്റൺ സ്കോൾസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തൊട്ടുമുമ്പാണ് കടലിൽ പതിച്ചത്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നാല് മെക്സിക്കൻ നാവിക സേനാംഗങ്ങളും നാല് സാധാരണ പൗരന്മാരുമുണ്ടായിരുന്നുവെന്ന് മെക്സിക്കൻ നാവിക സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേരെ ജീവനോടെ കണ്ടെത്തി രക്ഷപ്പെടുത്തി. ഒരാളിനായി തിരച്ചിൽ തുടരുകയാണ്.
മെക്സിക്കൻ സന്നദ്ധ സംഘടനയായ ‘മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷൻ’ നടത്തുന്ന മെഡിക്കൽ മിഷന്റെ ഭാഗമായാണ് പൊള്ളലേറ്റ രോഗികളെ ചികിത്സയ്ക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു.
വിമാനം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെങ്കിലും സമീപവാസികളും യുഎസ് കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് രണ്ട് പേരെ രക്ഷിക്കാൻ സാധിച്ചത്. അപകടസമയത്ത് പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
News
വനിതാ ടി20 പരമ്പര: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.
വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ രണ്ടാം വനിതാ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഓപ്പണർ വിഷ്മി ഗുണരത്നയെ തുടക്കത്തിൽ തന്നെ നഷ്ടമായി. ക്യാപ്റ്റൻ ചാമരി അതപത്തുവിനെ (24 പന്തിൽ 31) സ്നേഹ റാണ മടക്കി. ഹാസിനി പെരേരയും ഹർഷിത സമരവിക്രമയും ചേർന്ന് സ്കോർ മുന്നോട്ടുനീക്കാൻ ശ്രമിച്ചെങ്കിലും ഹാസിനിയെ നല്ലപുറെഡ്ഡി ശ്രീചരണി പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. 32 പന്തിൽ നിന്ന് 33 റൺസെടുത്ത ഹർഷിത സമരവിക്രമയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഹർഷിതയെ പിന്നീട് അമൻജോത് കൗർ റൺഔട്ടാക്കി.
ശ്രീലങ്ക 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസിലാണ് ഒതുങ്ങിയത്. ഇന്ത്യക്കായി നല്ലപുറെഡ്ഡി ശ്രീചരണി മൂന്ന് വിക്കറ്റും, വൈഷ്ണവി ശർമയും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതവും നേടി. സ്നേഹ റാണയും അമൻജോത് കൗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
129 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമായാണ് ലക്ഷ്യം മറികടന്നത്. സൂപ്പർ താരം സ്മൃതി മന്ദാനക്ക് രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല; 11 പന്തിൽ 14 റൺസെടുത്ത താരത്തെ കവിഷാ ദിൽഹരി പുറത്താക്കി. എന്നാൽ ഷെഫാലി വെർമയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. 34 പന്തിൽ നിന്ന് 69 റൺസെടുത്ത ഷെഫാലി അർധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു.
ജെമീമ റോഡ്രിഗസ് 15 പന്തിൽ 26 റൺസും, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 ബോളിൽ 10 റൺസും നേടി. 49 ബോൾ ശേഷിക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.
പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 26ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
News
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.
ഗസ്സ സിറ്റി: ഇസ്രാഈല്‍ സൈന്യം കിഴക്കന്‍ ഗസ്സയിലെ ശുജാഇയ്യ മേഖലയില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. കൊല്ലപ്പെട്ടവരില്‍ എട്ടുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.
ആക്രമണത്തെ ശക്തമായി അപലപിച്ച ഗസ്സയിലെ ഗവണ്മെന്റ് മീഡിയ ഓഫിസ്, ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ 875 തവണ ലംഘിച്ചതായി ആരോപിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടന്ന ഇസ്രാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 1,112 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയില്‍ ഗുരുതരമായ മാനവിക പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഗസ്സ ഭരണകൂടം ആവശ്യപ്പെട്ടു.
kerala
ഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ.
തിരുവനന്തപുരം: ജയിലുകളിൽ തടവുകാർക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് അഴിമതിക്കേസിലെ പ്രതിയായ ഡിഐജി വിനോദ് കുമാറിനെതിരെ ഒടുവിൽ നടപടി. സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്പെൻഷൻ.
ടി.പി വധക്കേസിലെ പ്രതികൾക്കടക്കം വിനോദ് കുമാർ അനധികൃതമായി സൗകര്യങ്ങൾ ഒരുക്കിയെന്നതാണ് കണ്ടെത്തൽ. ജയിൽ ഹെഡ് ക്വാർട്ടേഴ്സ് ഡിഐജി ആയിരുന്ന വിനോദ് കുമാർ, മറ്റ് ജില്ലകളിലെ ജയിലുകൾ സന്ദർശിക്കുമ്പോൾ മുൻകൂർ അനുമതി തേടേണ്ടതുണ്ടായിരുന്നുവെങ്കിലും, യാതൊരു അനുമതിയും ഇല്ലാതെയാണ് കോട്ടയം, മൂവാറ്റുപുഴ, പൊൻകുന്നം തുടങ്ങിയ ജയിലുകളിൽ സന്ദർശനം നടത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് നടന്ന ഈ സന്ദർശനങ്ങൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ നീണ്ടിരുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരോൾ അനുവദിക്കുന്നതിനായി തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയെന്നാണ് ആരോപണം. പണം വാങ്ങിയതിന് പിന്നാലെ തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നിയമവിരുദ്ധ ജയിൽ സന്ദർശനങ്ങളെന്നും വിമർശനം ഉയരുന്നു.
ജയിൽ വകുപ്പ് മധ്യമേഖല ഡിഐജി ഈ ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന ജയിൽ വകുപ്പ് മേധാവിക്ക് പലതവണ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. വിനോദ് കുമാറിന് സംരക്ഷണം ഒരുക്കുന്നതിനാലാണ് നടപടി വൈകിയതെന്ന ആരോപണവും ശക്തമാണ്.
തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമായി അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം സ്വീകരിച്ചിരുന്നതായാണ് കണ്ടെത്തൽ. കൂടുതൽ ആളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിന്റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിനോദ് കുമാർ വാങ്ങിയ വസ്തുവകകളുടെ വിവരങ്ങൾ വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.
-
kerala1 day agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala5 hours agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala1 day agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala2 days agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
india2 days agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india2 days agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
