editorial
അധ്യക്ഷ പദവികളിലെ യു.ഡി.എഫ് ചരിതം
EDITORIAL
സംസ്ഥാനത്ത് കോര്പറേഷന് മേയര്‍മാരെയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പറേഷനുകളില്‍ യു.ഡി.എഫ് സാരഥികള്‍ വിജയിച്ചപ്പോള്‍ കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്‍സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്‍പറേഷനില്‍ മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്‍ സ്ഥാനമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് നാലായി ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്പറേഷന് മേയര്‍മാര്‍ യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്പോലും രണ്ടു കോര്പറേഷന് മേയര്‍മാര്‍ മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്‍പറേഷനില്‍ ചരിത്രത്തിലാധ്യവും തൃശൂരില്‍ ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്‍മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്‍ കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്‍ ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്.
മുനിസിപ്പല്‍ ചെയര്മാന്മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്‍ ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ യു.ഡി.എഫിന് സാധിച്ചപ്പോള്‍, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്‍ അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്‍ അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടം എന്നിവര്‍ വിജയിച്ചുകയറുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരുടെ കാര്യത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്‍ ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്‍ത്തത്തില്‍ നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്‍ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്‍ വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് കുടുതല്‍ വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്‍ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്‍ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്‍ ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്‍ക്ക് ഒരു ആപ്തവാക്യമായിത്തീര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്‍ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്‍ക്കും ആരവങ്ങള്‍ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്‍ ആ പ്രതീക്ഷകള്‍ തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.
editorial
ആഘോഷങ്ങളോടും അസഹിഷ്ണുത
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്. ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ അപ്രസക്തമാക്കി രാജ്യത്താകമാനം സംഘപരിവാര്‍ ശക്തികള്‍ ആഘോഷങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ഭരണകൂടങ്ങളും അതില്‍ ഭാഗവാക്കാകുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. വിവിധ ആഘോഷങ്ങള്‍ക്കുനേരെയുള്ള സംഘപരിവാറിന്റെ അസ്ഹിഷ്ണുതക്കും ആക്രമണങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുപോലെയുള്ള വ്യാപകമായ അഴിഞ്ഞാട്ടങ്ങള്‍ ഇതാദ്യമാണ്. ക്രിസ്സിന്റെ ആരവങ്ങള്‍ പകര്‍ന്നു നല്കുന്ന കാരോള്‍ സംഘങ്ങള്‍ക്കുനേരെ മാത്രമല്ല, സ്കൂളുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു നേരെ പോലും വര്‍ഗീയ ശക്തികള്‍ പടവാളോങ്ങുകയാണ്.
ഇത്തരം പ്രാകൃതസമീപനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണങ്ങള്‍ക്കൂടിയാകുമ്പോള്‍ മതങ്ങളുടെ മാതാവും സംസ്കാരങ്ങളുടെ പ്രഭവ കേന്ദ്രവുമായ നമ്മുടെ രാജ്യം തിരുപ്പിറവിയുടെ ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണ്. ക്രിസ്മസിന്റെ സന്ദേശവുമായെത്തുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാജ്യത്തെ അധികാരവര്‍ഗവും, കേക്കുമായി അരമനകളും വിശ്വാസികളുടെ വീടുകളും കയറിയിറങ്ങുന്ന ബി.ജെ.പിയുമെല്ലാം തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആത്മാര്‍ത്ഥതയുടെ അംശമെങ്കിലുമു ണ്ടെങ്കില് അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷ നല്‍കാനുമാണ് തയാറാകേണ്ടത്.
അല്ലാതെയുള്ള വാചാടോപങ്ങളും മുതലക്കണ്ണീരുമെല്ലാം ഒരു സമുദായത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയൂ.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ രണ്ടിടങ്ങളിലാണ് സംഘ്പരിവാര്‍ ആക്രമണമുണ്ടായത്. ജബല്‍പൂരിലെ ഹവാബാഗ് വനിതാ കോളജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയ്ക്കൊപ്പം തീവ്ര വലത് സംഘടനകളില്‍പെട്ട ഒരു സംഘമാളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ജു ഭാര്‍ഗവയാണ് കാഴ്ചയില്ലാത്ത യുവതിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.
യുവതിയുടെ മുഖത്തും കൈയിലും കയറിപ്പിടിക്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ എന്ന് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിയോനി ജില്ലയിലെ ലഖ്നാഡണ്‍ പ്രദേശത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും മത പരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ആളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ മലയാളികളുള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആട്ടിയോടിക്കുകയായിരുന്നു. ഒഡീഷയിലാകട്ടേ ക്രിസമ്സ് അലങ്കാരങ്ങളും സാന്റോക്ലോസ് വേഷങ്ങളും വില്ക്കാനെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു.ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറില്ലെങ്കിലും കേരളവും ഈ ഭീതിതവും ലജ്ജാകരവുമായ സാഹചര്യത്തിന് സാക്ഷ്യംവഹിക്കേണ്ടിവന്നുവെന്നത് അപമാനകരവും അതിലെറേ ഞെട്ടലുളവാക്കുന്നതുമാണ്.
പാലക്കാട് ജില്ലയിലെ പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് ബി.ജെ.പി നേതാവ് സി.കൃഷ് ണകുമാറാണ്. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം. കരോള്‍ സംഘത്തെ അക്രമിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കരോള്‍ സംഘത്തെ തന്നെ അധിക്ഷേപിച്ച് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്.
ചരിത്രപരമായ ഒരു വസ്തുതയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ‘ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ല’ എന്നതാണത്. നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയമാണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ അന്തസത്ത. മതപരമായ ആഘോഷങ്ങള്‍ പോലും മാനവികതയുടെ മഹോത്സവങ്ങളായി മാറിയിട്ടുള്ള നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ കടക്കലാണ് ഈ ഇരുട്ടിന്റെ ശക്തികള്‍ കത്തിവെച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും ഏതെങ്കിലും മതങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ നേരെയല്ല, മറിച്ച് മനുഷ്യത്വത്തിന് നേരെയാണ് എന്ന് തിരിച്ചറിഞ്ഞ്, ജനാധിപത്യപരമായി പ്രതിരോധിക്കാ നുള്ള ശ്രമങ്ങളാണ് രാജ്യത്തെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.
editorial
എസ്.ഐ.ആര് കാണാതെ പോയവര്‍
സംസ്ഥാനത്ത് എസ്.ഐ.ആര് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.
സംസ്ഥാനത്ത് എസ്.ഐ.ആര് കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. 2,78,50856 വോട്ടര്‍മാരില്‍ നിന്ന് 2,5442352 എന്യൂമറേഷന് ഫോമാണ് തിരികെ ലഭിച്ചത്. അതായത് 91.35% പൂരിപ്പിച്ച് ലഭിച്ചപ്പോള്‍ 8.65% അഥവാ 2480503 എണ്ണം തിരികെ കിട്ടാനുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കണ്ടെത്താന്‍ സാധിക്കാത്തവര്‍, താമസം മാറിയവര്‍, മരിച്ചവര്‍ എന്നിങ്ങനെയുള്ള ഗണത്തില്‍ ഉള്‍പ്പെട്ടാണ് ഇത്രയും പേര് പുറത്തായിരിക്കുന്നത്.
പുറത്താക്കപ്പെട്ടവരില്‍ ഏറ്റവുംകൂടുതല്‍ പേര് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ ആശങ്കകള്‍ സ്ഥാനത്തുതന്നെയാണ് എന്നതാണ്. വട്ടിയൂര്‍ക്കാവ് (49740), കഴക്കൂട്ടം (39519), പാലക്കാട് (29339) എന്നീ മണ്ഡലങ്ങളാണ് പുറത്താക്കപ്പെട്ട വരുടെ എണ്ണത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എസ്.ഐ.ആര് നടപടികള്‍ സുതാര്യമായല്ല നടപ്പാക്കുന്നതെന്ന ആക്ഷേപം കമ്മീഷന് വിളിച്ചു ചേര്‍ത്ത മുഴുവന്‍ സര്‍വകക്ഷി യോഗങ്ങളിലും ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ സ്വരത്തില്‍ ഉന്നയിച്ചതാണ്. ഇരട്ടിപ്പുകള്‍ നീക്കിയതിനു പുറമെ വോട്ടുചെയ്യാന്‍ യോഗ്യതയുള്ളവരെയും പുറത്താക്കിയെന്ന ആക്ഷേപം വ്യാപകമാണ്. എല്ലാവരിലേക്കും ഫോം എത്തിക്കുന്നതില്‍ ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്നും ഇത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി മനപൂര്‍വം സംഭവിച്ചതാണെന്നുമുള്ള ആരോപണവും നിലനില്‍ക്കുന്നുണ്ട്.
എന്യൂമറേഷന് ഫോം വിതരണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ഒഴിവാക്കപ്പെട്ടവരുടെ വിവരം കമ്മീഷന് പുറത്തുവിട്ടത്. കൃത്യമായ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ പേരെ പട്ടികയില്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെങ്കിലും കമ്മീഷന് അതിനും തയാറായിരുന്നില്ല. ജോലിക്കും വിദ്യാഭ്യാസത്തിനുമായി താല്‍ക്കാലികമായി മാറിനില്‍ക്കുന്നവരെ സ്ഥിരമായി മാറിനില്‍ക്കുന്നവരെന്നും ഫോം സ്വീകരിക്കാത്ത വരെന്നും മുദ്രകുത്തിയാണ് ഒഴിവാക്കിയിരിക്കുന്നത്.
2025 ലെ പട്ടികയില്‍ ഉള്‍പ്പെട്ട 2,78,50,855 പേര്‍ക്കും ഫോം നല്‍കിയെന്നും അവയൊക്കെ ഡിജിറ്റലൈസ് ചെയ്തെന്നുമുള്ള വിചിത്രമായ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിരത്തുന്നത്. അങ്ങനെ എല്ലാവര്ക്കും ഫോം നല്കിയിട്ടുണ്ടെങ്കില് എങ്ങനെയാണ് അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയെന്ന ചോദ്യത്തിന് പക്ഷേ കമ്മീഷന് മറുപടി നല്കാന് സാധിക്കുന്നില്ല. ഫോം നിരസിച്ചുവെന്ന കാരണം പറഞ്ഞ് കുറേപേരെ ഒഴിവാക്കിയെങ്കിലും ഇവര്‍ക്കൊന്നും ഫോം തന്നെ നല്‍കിയിട്ടില്ലെന്നതാണ് വാസ്തവം.
ഫോം വീട്ടിലെത്തിച്ചുനല്‍കാനോ അവരെ കണ്ടുമുട്ടാനോ ഉള്ള ഒരു ശ്രമവും നടത്താതെ അവര്‍ ഫോം നിരസിച്ചു വെന്ന് പറയുന്നത് വോട്ടുചോരിയുടെ മറ്റൊരു രൂപമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി, പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടവരെ കണ്ടെത്താന്‍ ചേരേണ്ട ബൂത്ത്തല യോഗങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളിലും നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 24 ലക്ഷം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പായി ബി.എല്‍.ഒമാരും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് അന്തിമ വിലയിരുത്തല്‍ നടത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമീഷന്റെ ഉറപ്പ്.
അംഗീകൃത പാര്‍ട്ടികളുടെ പ്രതിനിധികളെ രേഖാമൂലം ക്ഷണിച്ച് യോഗം വിളിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നെങ്കിലും ഇത് നടപ്പായിരുന്നില്ല. വിവര ശേഖരണ ഘട്ടത്തില്‍ ഫോം സമര്‍പ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരുന്നു വെങ്കിലും ഇതും പാളിയിരുന്നു. ഫോം കൃത്യമായി പൂരിപ്പിച്ച് നല്‍കിയവരെ പോലും കണ്ടെത്താന്‍ കഴിയാത്തവരുടെ ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. ബി.എല്‍.ഒ മാര്‍ നല്കിയ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയും ഇതിന്റെ തെളിവായുള്ള ഫോമുകള്‍ ജനങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു.
എന്നിട്ടും ഇത്രയും പേര് എങ്ങനെ ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് കമ്മീഷന് ഉത്തരം നല്‍കേണ്ടതുണ്ട്. കൃത്യമായ പരിശീലനം ലഭിക്കാത്ത ബി.എല്‍.ഒ മാരുടെ നടപടികള്‍ അപകടം വരുത്തുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്‍ കമ്മീഷന് തയാറായിരുന്നില്ല. വിവാദമായ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയിലൂടെ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി പുറന്തള്ളിയിരിക്കുന്നത് മൂന്നുകോടിയിലധികം വോട്ടര്‍മാരെയാണ്.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കാണിത്. ഇതില്‍ തമിഴ്നാട്ടിലാണ് കടും വെട്ട് നടന്നിട്ടുള്ളത്. ഒരു കോടിയോളം പേരെയാണ് സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ നിന്ന് 73.7 ലക്ഷംപേരെയാണ് പുറത്താക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്ന് അരക്കോടിയോളം പേര് പുറത്തായപ്പോള്‍ ഗോവയില്‍ നിന്ന പത്തു ലക്ഷം പേരും പുതുച്ചേരിയില്‍ നിന്ന് ഒരു ലക്ഷംപേരും ലക്ഷദ്വീപില്‍ നിന്ന് 1500 ലധികം പേരും പുറത്തായിരിക്കുകയാണ്.
editorial
കണ്ണാടി തല്ലിയുടച്ചിട്ടെന്ത് കാര്യം
കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുട്ടില്‍ തീപിടിച്ചത് സി.പി.എമ്മിനും ഇടതു മുന്നണിക്കുമാണ്. കൈയ്യിലുണ്ടായിരുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുമെല്ലാം സുനാമി പോലെ ഒലിച്ചു പോയി. തിരഞ്ഞെടുപ്പില്‍ തോല്‍വിയൊക്കെ സാധാരണയാണെങ്കിലും ‘എന്നാലും ഇങ്ങനുണ്ടൊരു തോല്‍വി’ എന്ന സന്ദേശം സിനിമയില്‍ ജയറാം, സഖാവ് കോട്ടപ്പള്ളിയോട് ചോദിക്കുന്ന ചോദ്യമാണ് സി.പി.എമ്മുകാരെ ഏറെ അസ്വസ്ഥരാക്കുന്നത്. സി.പി.എമ്മിനെയും ഇടത് മുന്നണിയേയും തോല്പിക്കാന് വലിയ പ്രയാസമൊന്നുമില്ല. പക്ഷേ തോറ്റെന്ന് ബോധ്യപ്പെടുത്താന്‍ വലിയ പണിയാണ്.
ഏതാണ്ട് ഹിമാലയം കയറാന്‍ ഇതിലും എളുപ്പമായിരിക്കും. എന്നാലും ക്യാപ്സൂള്‍ ഫാക്ടറി സഖാക്കള്‍ തോറ്റില്ലെന്ന് സമര്‍ത്ഥിക്കാന്‍ ന്യായീകരണം ചമച്ചു കൊണ്ടേ ഇരിക്കും. ഇത്തവണ എന്തായാലും ബി.ജെ.പിക്ക് യു.ഡി.എഫ് സഹായമെന്ന പതിവ് ക്യാപ്സൂള്‍ ഫലിച്ചില്ല. കാരണം സിംപിളായിരുന്നു. മേയറുട്ടി എന്ന് ഓമനപ്പേരൊക്കെ നല്കി അഞ്ചു കൊല്ലം ഭരിച്ച് കടലാ സ് സംഘടനയെ കൊണ്ട് അവാര്‍ഡൊക്കെ വാങ്ങി ഗംഭീരമെന്ന് പാര്‍ട്ടി വിലയിരുത്തിയ തിരുവനന്തപുരം കോര്പറേഷന് സി.പി.എമ്മില്‍ നിന്നും ബി.ജെ.പി റാഞ്ചി. യു.ഡി.എഫിനും ബി.ജെ.പിക്കും സീറ്റ് കൂടിയപ്പോള്‍ ദോണ്ട കിടക്കുന്നു സഖാക്കളുടെ സീറ്റുകളെല്ലാം കാലി. ക്യാപ്സൂള്‍ സഖാക്കള്‍ തരാതരം വ്യാജന് യമണ്ട സിദ്ധാന്തങ്ങള്‍ അടിച്ചിറക്കുന്ന തിരിക്കിലാണിപ്പോള്‍. ഏണസ്റ്റോ ചെഗുവേരയുടേയും ഫിദല്‍ കാസ്ട്രോയുടേയുമൊക്കെ പേരില്‍ അവര്‍ പോലും അറിയാത്ത വചനങ്ങളും ഉദ്ദരണികളുമൊക്കെ ഫിറ്റ് ചെയ്ത് അണ്ടിമുക്ക് സഖാക്കള്‍ മുതല്‍ താത്വികാചാര്യന്മാര് വരെ സായൂജ്യമണിയുകയാണ്.
ഏണ സറ്റ് ഹെമിങ് വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ്സി എന്ന ബുക്കിലെ കൊല്ലാം തോല്പിക്കാനാവില്ലെന്ന ഉദ്ദരണി പണ്ടേ സഖാക്കള്‍ ചെഗുവേരയുടെ ബോര്‍ഡിനൊപ്പം ഫിറ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. പല സഖാക്കളുടേയും ധാരണ ഇത് ചെഗുവേര പറഞ്ഞതാണെന്നാണ്. സഖാക്കളല്ലെ ബു ദ്ധി 15 കൊല്ലം പിറകിലായതിനാല്‍ വൈകി സൂര്യനുദിക്കു മായിരിക്കും. ഈയിടെ ഫിദല്‍ കാസ്ട്രോയും ചെഗുവേര യും തമ്മിലുള്ള സംഭാഷണമാണ് തോറ്റാല്‍ ആദ്യ ക്യാപ് സൂളായി വരുന്നത്. നമ്മള് തോറ്റുപോയാല്‍ എന്ത് ചെയ്യും ഫിദല്‍ കാസ്ട്രോയോട് ചെഗുവേര ചോദിച്ചു. പോരാട്ടം തുടരും. അപ്പോള്‍ ജയിച്ചാലോ പോരാട്ടം തുടരും. ഇതാണ് ഇപ്പോള്‍ പ്രമുഖ അന്തങ്ങളുടെ മുഖ്യ ക്യാപ്സൂള്‍. അന്തം സ് പക്ഷേ ഒട്ടിച്ചുനടക്കുന്ന ഈ ഡയലോഗിന്റെ ഉറവിടം ഏതാണെന്ന് ചോദിച്ചാല്‍ എവിടെ നിന്നും കിട്ടില്ല. കാരണം ആന്‍ഡേഴ്സണെപ്പോലുള്ളവര്‍ സമഗ്രമായ ചെഗുവേര ജീവചരിത്രവും എഴുതിയിട്ടും അതിലൊന്നും കണ്ടെത്താത്ത എന്നാല്‍ കേരളത്തിലെ അന്തംസ് മാത്രം കണ്ടെത്തിയ ഡയലോഗ് ആണിത്. ചെഗു, ഫിദല്‍ പണ്ഡിതരായ പ്രമുഖ അന്തംസിനോട് ഇതിന്റെ സോഴ്സ് ചോദിച്ചാല്‍ കോട്ടപ്പള്ളിയു ം കുമരപിള്ളസാറുമൊക്കെ ആവര്‍ത്തിക്കും താത്വികാചാര്യന്മാരെ ചോദ്യം ചെയ്യരുത്, പാര്‍ട്ടി ക്ലാസില്‍ സ്ഥിരമായി വരാത്തതിന്റെ പ്രശ്നമാണ് എന്നിങ്ങനെ.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതാരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേയുള്ളൂ. അത് സി.പി.എമ്മുകാര്‍ തന്നെയാണ്. സി.പി.എമ്മിന് ശക്തിയുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം പിന്നീട് ബി.ജെ.പി വളര്‍ന്നത് സഖാക്കളുടെ കൂട്ടുപിടിച്ചാണ്. നാളെ ബി.ജെ.പിയാകാന്‍ തിരക്കുകൂട്ടുന്ന വരാണ് ഇന്നത്തെ സഖാക്കള്‍. ബംഗാളും ത്രിപുരയുമൊക്കെ ഇതിന്റെ മുന്‍ഗാമികളാണ്. അണികള്‍ ഒന്നടങ്കം ബി. ജെ.പിയിലേക്ക് ഒലിച്ചുപോകാതിരിക്കാനായി ഇപ്പോള്‍ അഭിനവ സ്റ്റാലിനായ കേരള മുഖ്യന് ഇംഗ്ലീഷ് മരുന്ന് കഴിക്കും പോലെ ഒന്നു വീതം മൂന്ന് നേരം വര്‍ഗീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളിയെ കൊണ്ടുനടക്കുകയാണ്.
അധികാരം നിലനിര്‍ത്താനായി വര്‍ഗീയത ആകാമെന്നാണ് പുതിയ ലൈന്‍. കേന്ദ്രത്തിനും കേരള സര്‍ക്കാറിനുമിടയിലെ പാലമായി ബ്രിട്ടാസ് മാറിയതു പോലെ ബി.ജെ.പിക്കും സി.പി.എ മ്മിനും ഇടയിലെ പ്രമുഖ പാലമാണ് വെള്ളാപള്ളി. കൊണ്ടാലും കൊണ്ടാലും പഠിക്കാത്തതു കൊണ്ടല്ല മുഖ്യന് ഇപ്പോഴും വിഷം ചീറ്റുന്ന വെള്ളാപള്ളിയെ കൊണ്ടു നടക്കുന്നത്. ഇതാണ് ഇ.ഡിയും കേരള സര്‍ക്കാറും തമ്മിലെ ബന്ധത്തിന്റെ ഉദാഹരണം. ഇനിയിപ്പോള്‍ തോറ്റസ്ഥിതിക്ക് ആരുടെ എങ്കിലും തലയില്‍ പഴി കേറ്റണം. ആദ്യം നാടന്‍ പ്ര യോഗവുമായി എം.എം മണി എത്തി. സര്‍ക്കാറിന്‍ന്റെ ആനുകൂല്യം പറ്റി വോട്ടര്‍മാര്‍ പണിപറ്റിച്ചത്രേ!. കേട്ടാല്‍ തോന്നും എ.കെ.ജി സെന്ററിലെ ഫണ്ട് കൊണ്ടാണ് നാട്ടാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് എന്ത് കാര്യം.
പഴയത് പോലെ ഒന്നും ഏശാതായപ്പോഴാണ് സ്വര്‍ണം കട്ട സഖാക്കളെ കുറിച്ചുള്ള പാട്ട് കേട്ടത്. എഴുതിയതും പാടിയതുമൊക്കെ മുസ്ലിംകള്. യുറേക്കാ….. കിട്ടിപ്പോയെന്നും പറഞ്ഞ് പിന്നെ വെച്ചടി കയറ്റമായിരുന്നു പാട്ടിന് പിന്നിലെ എല്ലാവര്‍ക്കുമെതിരെ കേസ്. ആരാ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ആവിഷ്കാര സ്വാതന്ത്ര്യം എന്നും പറഞ്ഞ് ഏത് തോന്നിവാസത്തിനും ലൈസന്‍സ് കൊടുക്കുന്ന സി.പി.എ മ്മുകാര്‍. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി നാട്ടാര് മൊത്തം ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…’ എന്നങ്ങ് ഏറ്റു പാടി. ഒരു പാട്ടിനെ പോലും പേടിക്കുന്ന സഖാക്കളുടെ അവസ്ഥ കണ്ട് ഈശ്വരാ ദുഷ്ടന്മാര്ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് യു.ഡി.എഫുകാര്‍ വരെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ ഇതിഹാസം തീര്‍ത്ത രാജ…യു ടേണ്‍ രാജ രംഗത്തു വന്നു. മറ്റൊരു ക്യാപ്സൂള്‍ കണ്ടെത്തുന്നത് വരെ തല്ക്കാലം നടപടിയൊന്നും വേണ്ടെന്നാണ് നിര്‍ദേശം.
എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി. ഇതിലും വലിയ തോല്‍വി വരാനിരിക്കുന്നതിനാല്‍ ഇനിയിപ്പോള്‍ ഓട്ടച്ചങ്കന്‍ മുതല്‍ ഛോട്ടാ ക്യാപ്സുള്‍ സഖാക്കള്‍ വരെ ന്യൂനപക്ഷ സംഘടനകളുടെ എല്ലാ സ്റ്റേജുകളിലും കയറും. അശ്ലീല പരസ്യങ്ങള്‍ നല്‍കും. ഇതിനായി അന്വേഷണം നേരിടുന്ന വരും അല്ലാത്തവരുമായ മൈലാഞ്ചി കുഞ്ചന്മാര് സ്റ്റേജുകളുമായി എത്തും. പക്ഷേ ഒന്നുണ്ട്. വോട്ടര്‍മാരെ മരം കുലുക്കി തള്ളി ഇടാനാവില്ലല്ലോ.
-
kerala12 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
News16 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
Film10 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
GULF10 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
kerala3 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
india8 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
kerala11 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ