News
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ യു.എസ്. കസ്റ്റഡിയിൽ; ന്യൂയോർക്കിൽ വിചാരണയ്ക്ക്
ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ്. സൈന്യം ന്യൂയോർക്കിലെത്തിച്ചതായി റിപ്പോർട്ട്. മദുറോ ഇനി യുഎസിലെ കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് അറിയിപ്പ്. ലഹരിക്കടത്ത് കേസിലാണ് മദുറോയെയും ഭാര്യയെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന്പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
അധികാര കൈമാറ്റം യാഥാർഥ്യമാകുന്നതുവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് നടപടി “തികച്ചും സാധാരണമായ ആക്രമണം” മാത്രമാണെന്നായിരുന്നു ട്രംപിന്റെ വാദം. ചെറിയ സമയത്തിനുള്ളിൽ വെനസ്വേലൻ സൈന്യത്തെ നിരായുധരാക്കിയെന്നും, ഒരു രാജ്യത്തിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് യുഎസ് സൈന്യം കൈവരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വെനസ്വേലയിലെ വിവിധ നഗരങ്ങളിൽ യുഎസ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. അധിനിവേശ ലക്ഷ്യങ്ങൾ തുറന്നുപറഞ്ഞ ട്രംപ്, യുഎസ് എണ്ണക്കമ്പനികൾ വെനസ്വേലയിലെത്തുമെന്നും, ആവശ്യമെങ്കിൽ ഇനിയും ആക്രമണം തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഇതിനിടെ, നിക്കോളാസ് മദുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് യുദ്ധക്കപ്പലിൽ നിന്നെടുത്തതാണെന്ന് അവകാശപ്പെടുന്ന ചിത്രമാണിത്.
kerala
അഞ്ചുവർഷത്തിന് ശേഷം സൗദി എയർലൈൻസ് കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നിന് സർവീസ് പുനരാരംഭിക്കും
ആദ്യഘട്ടമായി റിയാദ്–കോഴിക്കോട് സെക്ടറിലേക്കാണ് സർവീസ്. ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂർ: നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക് സർവീസ് പുനരാരംഭിക്കുന്നു. 2020 ഓഗസ്റ്റിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച സർവീസുകൾ ഫെബ്രുവരി ഒന്നുമുതൽ വീണ്ടും ആരംഭിക്കും. ആദ്യഘട്ടമായി റിയാദ്–കോഴിക്കോട് സെക്ടറിലേക്കാണ് സർവീസ്. ഇതിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
മലബാറിലെ പ്രവാസികളും ഹജ്ജ്-ഉംറ തീർത്ഥാടകരും ഏറെക്കാലമായി ഉറ്റുനോക്കിയിരുന്ന തീരുമാനമാണിത്. വിമാനാപകടത്തിന് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സൗദി എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. റൺവേ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, വലിയ വിമാനങ്ങൾക്ക് പകരം ഇടത്തരം എയർബസ് A321neo സീരീസിലുള്ള വിമാനങ്ങളാണ് ഇപ്പോൾ സർവീസിനായി ഉപയോഗിക്കുക.
ആഴ്ചയിൽ നാല് സർവീസുകളോടെയാകും തുടക്കം. പിന്നീട് ഇത് ആഴ്ചയിൽ ആറായി വർധിപ്പിക്കാനാണ് തീരുമാനം. പുലർച്ചെ 1.20ന് റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9.45ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.50ന് റിയാദിലെത്തുന്ന രീതിയിലാണ് സമയക്രമം.
റിയാദ് സർവീസിന് പിന്നാലെ മാർച്ച് മാസത്തോടെ ജിദ്ദ–കോഴിക്കോട് സർവീസുകളും ആരംഭിക്കുമെന്ന സൂചനകളുണ്ട്. പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നത്. ഇതോടെ ടിക്കറ്റ് നിരക്ക് കുറയാനും മലബാറിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരം ലഭിക്കാനുമാണ് പ്രതീക്ഷ.
kerala
പുനര്‍ജനി കേസ്: സിബിഐ അന്വേഷണം വന്നാലും പേടിയില്ലെന്ന് വി.ഡി സതീശന്
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
വയനാട്: പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സ്വാഭാവികമാണെന്നും, താന്‍ പേടിച്ചെന്നു പറഞ്ഞേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
”ഇപ്പോള്‍ പുറത്തുവന്നത് വാര്‍ത്ത മാത്രമാണ്. നാലഞ്ച് വര്‍ഷമായി അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അതെല്ലാം ഞാന്‍ അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നൂറ് ശതമാനം കൃത്യമായാണ് എല്ലാം ചെയ്തത്. നേരത്തെയും അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. സിബിഐ വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. വിജിലന്‍സ് ശിപാര്‍ശ നിയമപരമായി നിലനില്‍ക്കില്ല. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്,” വി.ഡി സതീശന് പറഞ്ഞു.
അതേസമയം, വി.ഡി സതീശനെതിരായ അന്വേഷണ ശിപാര്‍ശയില്‍ തുടര്‍നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കി. വിദേശത്തുനിന്ന് ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ് കേസെന്നും, സിബിഐ അന്വേഷണം എല്ലാറ്റിന്റെയും അവസാന വാക്കാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറവൂര്‍ മണ്ഡലത്തില്‍ 2018 ലെ പ്രളയത്തിന് ശേഷം വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ഭവനപദ്ധതിയുടെ പേരില്‍ അനധികൃതമായി പണം പിരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നിരുന്നു. വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ശിപാര്‍ശ ചെയ്തത്.
News
യു.എസ് സേനയുടെ അധിനിവേശം: മദൂറോയെയും ഭാര്യയെയും ന്യൂയോർക്കിലേക്ക് മാറ്റി
ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കാരക്കസ്: വെനിസ്വേലയിലെ തലസ്ഥാനമായ കാരക്കസിൽ നടത്തിയ അധിനിവേശത്തിനിടെ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യു.എസ് സേന ബന്ദിയാക്കി ന്യൂയോർക്കിലേക്ക് മാറ്റിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെയാണ് മദൂറോയെയും ഭാര്യയെയും യു.എസ് സേന പിടികൂടിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ്. ‘ഇവോ ജിമ’ വിമാനവാഹിനി കപ്പലിലേക്കും അവിടെ നിന്ന് ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക താവളത്തിലേക്കും മാറ്റി. പിന്നീട് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം പുലർച്ചെ രണ്ടോടെയാണ് കാരക്കസിൽ ആക്രമണം ആരംഭിച്ചത്. അരമണിക്കൂറോളം നീണ്ട നടപടിക്കിടെ പല സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.
ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ടു. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക നിയന്ത്രിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മദൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടുമെന്നും ആവശ്യമായാൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞു. വെനിസ്വേലയിലെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യു.എസ് കമ്പനികൾ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ് നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതികരണങ്ങളുയർന്നു. ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിക്കണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല–യു.എസ് സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് സ്പെയിൻ സന്നദ്ധത അറിയിച്ചു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം യു.എസ് നടപടിയെ ശക്തമായി അപലപിച്ചു. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും ഇത് നയതന്ത്രത്തെ അവഗണിക്കുന്ന നടപടിയാണെന്നും മന്ത്രാലയം പറഞ്ഞു. ഇറാൻ വെനിസ്വേലയിലെ സ്വയംനിർണയാവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ചപ്പോൾ, ക്യൂബൻ പ്രസിഡന്റ് യു.എസ് നടപടിയെ “ക്രിമിനൽ ആക്രമണം” എന്നു വിമർശിച്ചു.
അതേസമയം, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് യു.എസ് നടപടിയെ പ്രശംസിച്ചു. “സ്വാതന്ത്ര്യം നീണ്ടാൾ വാഴട്ടെ; മദൂറോ ഭരണണം തുലയട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജർമ്മനി വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. ഇറ്റലി ആശങ്ക രേഖപ്പെടുത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കി.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
News1 day agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala17 hours agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala1 day agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala3 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala3 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
