Connect with us

india

ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പില്‍ വിജയം

ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതിയായ ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍ വിജയിച്ചു. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഷിന്‍ഡെ പക്ഷ ശിവസേന ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

2001ലും 2006ലും ശിവസേന കോര്‍പറേറ്ററായിരുന്ന ശ്രീകാന്ത്, പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2011ല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ശിവസേനയില്‍ ചേര്‍ന്നെങ്കിലും ശക്തമായ പൊതുഎതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

2018ല്‍ നാടന്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട ബന്ധങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് 2021ല്‍ ഔദ്യോഗികമായി ഗൗരി ലങ്കേഷ് കൊലക്കേസില്‍ പ്രതിചേര്‍ത്തു.

2024ലാണ് ശ്രീകാന്തിന് ജാമ്യം ലഭിച്ചത്. അമോല്‍ കാലെയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഗൗരി ലങ്കേഷ് വധക്കേസിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കൊലക്കേസ് പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

india

ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാരെ നീക്കാന്‍ സമ്മര്‍ദം; രാജസ്ഥാനില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യാ ഭീഷണി മുഴക്കി

ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.

Published

on

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ ബൂത്തിലെ ഏകദേശം 40 ശതമാനം വരുന്ന 470 വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നാണ് കീര്‍ത്തി കുമാര്‍ ആരോപിക്കുന്നത്. നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടത് മുസ്‌ലിം വോട്ടര്‍മാരെയാണെന്നും, ഇതിനകം വോട്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത് തന്റെ കഴിവിനപ്പുറമുള്ള കാര്യമാണെന്നും ബി.എല്‍.ഒ വ്യക്തമാക്കുന്നു.

വൈറലായ വീഡിയോ ക്ലിപ്പില്‍, ”ഞാന്‍ കലക്ടറുടെ ഓഫിസിലെത്തും, അവിടെ വെച്ച് ആത്മഹത്യ ചെയ്യും” എന്ന് കീര്‍ത്തി കുമാര്‍ ഫോണ്‍ വഴി പറയുന്നത് കേള്‍ക്കാം. ”ഞാന്‍ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യാം. അത് മഹാരാജിനെ തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിപ്പിക്കാന്‍ സഹായിക്കും” എന്നും അദ്ദേഹം ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയോട് പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

ഇവിടെ ‘മഹാരാജ്’ എന്ന് പരാമര്‍ശിക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയെയാണെന്ന് വ്യക്തമാകുന്നു. ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെയും നടപടികളുടെയും പേരില്‍ നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.

ജോലി സമ്മര്‍ദവും എസ്.ഐ.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ആപ്പ് തകരാറുകള്‍, അപര്യാപ്തമായ പരിശീലനം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ കുറഞ്ഞത് മൂന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Continue Reading

india

അറബിക്കടലിൽ പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തു; ഒമ്പത് പേർ കസ്റ്റഡിയിൽ

കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടതോടെ ബോട്ട് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും രാത്രി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെയാണ് ബോട്ട് പിടികൂടിയത്.

Published

on

അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്കുള്ളിൽ കടന്നുകയറിയ പാകിസ്താൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ് സംഘത്തെ കണ്ടതോടെ ബോട്ട് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും രാത്രി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെയാണ് ബോട്ട് പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണത്തിനായി ബോട്ടും ജീവനക്കാരെയും ഗുജറാത്തിലെ പോർബന്ദറിലേക്ക് കൊണ്ടുവരികയാണ്. സംഭവം ഇന്നലെ രാത്രിയോടെയായിരുന്നു.

“വേഗത്തിലുള്ളതും കൃത്യവുമായ രാത്രികാല ഓപ്പറേഷനിൽ, 2026 ജനുവരി 14ന് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ, അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം ഇന്ത്യൻ ജലാതിർത്തിക്കുള്ളിൽ ഒരു പാകിസ്താൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി,” എന്ന് ഗുജറാത്ത് ഡിഫൻസ് പി.ആർ.ഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു.

‘അൽ-മദീന’ എന്ന പേരിലുള്ള പാക് ബോട്ടിലാണ് ഒമ്പത് ജീവനക്കാരുണ്ടായിരുന്നത്. രാജ്യത്തിന്റെ സമുദ്രമേഖലയിലുടനീളം നിരന്തര ജാഗ്രതയും നിയമപാലനവും ഉറപ്പാക്കി ഇന്ത്യയുടെ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കാനുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

ബംഗാളിൽ നിപാ സ്ഥിരീകരിതർ അഞ്ചായി; ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗബാധ

ഒരു ഡോക്ടർക്കും ഒരു നഴ്‌സിനും ഒരു ആരോഗ്യപ്രവർത്തകനുമാണ് പുതുതായി രോഗം കണ്ടെത്തിയത്.

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്ന് പേർക്ക് കൂടി നിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും ഒരു നഴ്‌സിനും ഒരു ആരോഗ്യപ്രവർത്തകനുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബർസാത്തിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്‌സുമാർക്കാണ് ആദ്യം നിപാ സ്ഥിരീകരിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്കാണ് പിന്നീട് രോഗം കണ്ടെത്തിയത്. കട്വ സബ്‌ഡിവിഷണൽ ആശുപത്രിയിലെ ജീവനക്കാരായ മറ്റ് രണ്ട് പേർക്ക്, നേരത്തെ രോഗം ബാധിച്ച നഴ്‌സുമായി സമ്പർക്കത്തിലൂടെയാണ് വൈറസ് പകർന്നതെന്നാണ് പ്രാഥമിക നിഗമനം. പുതുതായി രോഗം സ്ഥിരീകരിച്ച എല്ലാവരും ബെലെഘട്ടയിലെ പകർച്ചവ്യാധികൾക്കായുള്ള പ്രത്യേക ആശുപത്രിയിൽ ചികിത്സയിലാണ്.

രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നൂറിലേറെ പേരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ക്വാറന്റീനിലുള്ളവരിൽ 30 പേർക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാ മാർഗനിർദേശങ്ങളും പാലിച്ച് പ്രവർത്തിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹെൽത്ത് സെക്രട്ടറി നാരായൺ സ്വരൂപ് നിഗം പറഞ്ഞു.

നദിയ, പൂർവ ബർധമാൻ, നോർത്ത് 24 പർഗാനാസ് ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായതെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരുടെ യാത്രാവിവരങ്ങളും സമ്പർക്ക പട്ടികയും ശേഖരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് മുതിർന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആദ്യമായി രോഗം സ്ഥിരീകരിച്ച നഴ്‌സിന് ഡിസംബർ 25 മുതൽ പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഡിസംബർ 20 വരെ ബർസാത്തിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ജനുവരി രണ്ടിനാണ് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരുമായി സമ്പർക്കത്തിലുണ്ടായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരും ക്വാറന്റീനിലാണ്.

നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രോഗം സ്ഥിരീകരിച്ച നഴ്‌സ് ഡിസംബർ 15 മുതൽ 17 വരെ നദിയ ജില്ലയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഈ കാലയളവിൽ ശാന്തിനികേതൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, എവിടെവച്ചാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

പഴംതീനി വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് നിപാ വൈറസ് പകരുന്നത്. പശ്ചിമ ബംഗാളിൽ 2001ലും 2007ലുമാണ് മുമ്പ് നിപാ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2018ലെ നിപാ വ്യാപനത്തിൽ 17 പേർ മരിച്ചിരുന്നു. 2024 വരെ സംസ്ഥാനത്ത് ആകെ 24 പേർ നിപാ ബാധിച്ച് മരിച്ചതായാണ് കണക്ക്.

Continue Reading

Trending