editorial
എസ്.ഐ.ആറില്‍ ജാഗ്രത കൈവിടരുത്
എസ്.ഐ.ആര് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭാഗത്തുനിന്നും വഞ്ചനാപരമായ സമീപനം തുടരുന്ന സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
എസ്.ഐ.ആര് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭാഗത്തുനിന്നും വഞ്ചനാപരമായ സമീപനം തുടരുന്ന സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. തിരഞ്ഞടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ നിരന്തരം സര്‍വകക്ഷി യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കുകയോ, അവര്‍ ചൂണ്ടിക്കാണിക്കുന്ന പിഴവുകള്‍ തിരുത്താനോ തയാറാകാത്തതിലൂടെ വോട്ടര്‍മാരെ എങ്ങിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാം എന്ന ഗവേഷണത്തിലാണെന്നത് സുവ്യക്തമായിരിക്കുകയാണ്.
നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 24,80,503 പേരെ ഒഴിവാക്കിയായിരുന്നു കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. ഒഴിവാക്കിയവരില്‍ 6,49,885 പേര് മരിച്ചവരായിരുന്നു. കണ്ടെത്താനാകാത്തവര്‍ 6,45,548, സ്ഥലം മാറിയവര്‍ 8,21,622 എന്നിങ്ങനെയായിരുന്നു ബാക്കിയുള്ളവരെ തരംതിരിച്ചിരുന്നത്. ഇത്രയും ഗുരുതരമാ സാഹചര്യം നിലിനില്ക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഐ.ആര് വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.
കമ്മീഷന് കണ്ടെത്താന്‍ കഴിയാത്തവര്‍ ഇവിടെത്തന്നെയുണ്ടെന്ന് തെളിവുസഹിതം രാഷ്ട്രീയപാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികവസ്ഥയല്ല കമ്മീഷനെ നയിക്കുന്നത്. കണ്ടെത്താനാകാത്തവരെന്നും സ്ഥലം മാറിപ്പോയവരെന്നും കമ്മീഷന് പറയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇനി ഇടംപിടിക്കണമെങ്കില്‍ ഫോം 6 പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം സമര്പ്പിക്കേതുമുണ്ട്. അതേ സമയം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവരില്‍ തന്നെ 19 ലക്ഷം പേര് അന്തിമ പട്ടികയില്‍ ഉണ്ടാകണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാ ക്കേണ്ട സാഹചര്യവും നിലനില്‍ക്കുകയാണ്. ഇതില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ പട്ടികയില്‍ നിന്ന് പുറത്താകും. അതായത് പട്ടികയില്‍ നിന്ന് ഇനിയും വോട്ടര്‍മാര്‍ പുറത്തുപോകുമെന്ന് ചുരുക്കം. 2002 ലെ പട്ടികയില്‍ ഇല്ലാതിരുന്നവരും എന്യൂമറേഷന് ഫോമില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടെ വിവരങ്ങളുമായി ഒത്തുപോകാത്തവരുമാണ് ഈ 19 ലക്ഷം പേര്. ഇവര്‍ ബി.എല്‍.ഒമാര്‍ മുഖേന ഹിയറിംഗിന് ഹാജരായി രേഖകള്‍ നല്കിയാല് മാത്രമേ ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയില്‍ ഇടം പിടിക്കുകയുള്ളു
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗൂഢമായ നടപടികളെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിഷേധമാണ് സര്വകക്ഷിയോഗതില് മുസ്ലിംലീഗ്ഉ യര്ത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നത് കടുത്ത അനീതിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു. 1960 ലെ രജിസ്ട്രേഷന് ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അവകാശം ഉന്നയിക്കാനും തര്‍ക്കങ്ങള്‍ നല്‍കാനും 30 ദിവസം നല്‍കണമെന്നിരിക്കെ വിദേശത്ത് ജനിച്ച അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പൗരന്മാര്ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെടുകയുണ്ടായി. 30 ദിവസം കാലാവധിയില്‍ 12 ദിവസം പിന്നിട്ടിട്ടും വെബ്സൈറ്റില്‍ അപേക്ഷ നല്കാന് അനുവാദം നല്കപ്പെട്ടിരുന്നില്ല.
അതു കൊണ്ടുതന്നെ തന്നെ 20 ലക്ഷത്തോളം പ്രവാസികളില്‍ വളരെ തുച്ചം പേര് മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ അപാകതകള്‍ പരിഹരിച്ചതിന് ശേഷം 30 ദി വസം സമയം ലഭിക്കാന്‍ ചട്ടം 12 പ്രകാരം പ്രവാസികള്‍ക്ക് അവകാശമുണ്ടെന്നും ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ടലംഘനമാണെന്നും നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷന് കമ്മീഷന് തുടര്‍ന്നാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നോണ്‍ മാപ്പിംഗ് എന്ന പേരില്‍ നോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണെന്നും നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നിലനിര്‍ത്തണം എന്നും വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രതിനിധികള്‍ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികള്‍ക്ക് നല്‍കുകയും ഒപ്പം ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നതും പാര്‍ട്ടിയുടെ ആവശ്യമായിരുന്നു.
ബി.ജെ.പിക്ക് സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്ന് വലിയ തോതില്‍ അംഗങ്ങളെ കണ്ടെത്താനാവാത്തതും സി.പി.എം ശക്തികേന്ദ്രങ്ങളില്‍ നിന്ന് ശരാശരിക്കും താഴെ മാത്രം പുറത്തായതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ താല്പര്യങ്ങള് അവരുടെ ബി.എല്‍.ഒമാരുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നുണ്ടോയെന്ന ആശങ്കയും പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്. എസ്.ഐ.ആര് പ്രകാരമുള്ള വോട്ടര്‍പട്ടികയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്ന പശ്ചാത്തലത്തില്‍ കരട് പട്ടിക വിശദമായി പരിശോധിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍പേരും പട്ടികയില്‍ ഉള് പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തത്തില്‍ മുഴുകേണ്ട നാളുകളാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയുള്ളത്.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
കേരള തൊഗാഡിയ വെറും പൂജ്യ ശ്രീ വെള്ളാപ്പള്ളി തന്റെ വെളിപാട് പുസ്തകമായ വെളിവുകേട് പുറത്തെടുക്കാനാരംഭിച്ചിട്ട് നാള് ഏറെയായി. എന്നാല്‍ ഇത് ചിരിച്ചു കേട്ട് ആദ്യമൊക്കെ ഇതിനു എരിവും പുളിയും നല്കി പിരികറ്റിയത് മാധ്യമങ്ങളായിരുന്നു. സെന്സിന് പകരം സെന്‍സേഷനലിസത്തിന് പിന്നാലെ പോയ മാധ്യമങ്ങള്‍ ഒടുവില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയതോടെ വെള്ളാപ്പള്ളി തനത് ശൈലിയിലേക്ക് ഗിയര്‍ മാറ്റി. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും വരെ ചോദിച്ച് തനിക്കു പാകമാകാത്തവനൊക്കെ തീവ്രവാദിയാക്കിയാണ് ഇപ്പോള്‍ കേരള തൊഗാഡിയ വിലസുന്നത്. കേരള രാഷ്ട്രീയത്തില്‍ വാ പോയ ഇത്തരം കോടാലികള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇത്തരക്കാര്‍ ഗീര്‍വാണമടിക്കുന്നത്. മഹാരഥന്മാര് ഇരുന്ന വ ലിയൊരു സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേരളത്തിന് പരിചിതമല്ലാത്ത വിഷം വമിപ്പിക്കുന്നതെന്നതാണ് ഏറെ സങ്കടകരം. വെള്ളാപ്പള്ളിയുടേത് ഒരു സമുദായത്തിന്റേയോ സംഘടനയുടേയോ അഭിപ്രായമാണെന്നും ഇദ്ദേഹം പറഞ്ഞാല്‍ സമുദായം ഒന്നടങ്കം കൂടെ നില്‍ക്കുമെന്നൊന്നും കരുതാന്‍ നിര്‍വാഹമില്ല. കാരണം പൂജ്യന്‍ ശ്രീ ജയിപ്പിക്കണമെന്ന് പറഞ്ഞവരൊക്കെ തോല്‍ക്കുകയും തോല്പിക്കണമെന്ന് പറഞ്ഞവരൊക്കെ സ്വന്തം തട്ടകത്തില്‍ തന്നെ വിജയശ്രീലാ ളിതരായതും നാളിതുവരെയുള്ള ചരിത്രമാണ്. 2024 ന്റെ പകുതി തൊട്ടാണ് വെള്ളാപ്പള്ളി വര്‍ഗിയതയുടെ മണി മുഴക്കല്‍ അല്പം വേഗത കൂട്ടിയത്. പക്ഷേ നാളിതുവരെ അദ്ദേഹത്തെ തള്ളാനോ ഇത്തരം വിഷലിപ്തമായ പ്രസ്താവനക്കെതിരെ നിയമപരമായി ചെറുവിരലനക്കാനോ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് തന്നെ ഇതിനു പിന്നിലെ അന്തര്‍ധാര വെളിപ്പെടുത്തുന്നതാണ്. മണി മുഴക്കുന്നത് വെള്ളാപ്പള്ളിയാണെങ്കിലും മണി ആര്‍ക്ക് വേണ്ടി മുഴ ക്കുന്നുവെന്നത് ഏറെ പ്രസക്തമാണ്.
സ്വന്തം മകനായി ഒരു പാര്‍ട്ടി തന്നെ തുടങ്ങി അതിനെ ബി.ജെ.പിക്കൊപ്പവും താന്‍ പിണറായിക്കൊപ്പവുമെന്ന് പ്രഖ്യാപിക്കുക വഴി രണ്ട് വള്ളത്തില്‍ കാലിട്ടാണ് അദ്ദേഹം തുടുരുന്നത്. മകനെ നേതാവാക്കി ആരംഭിച്ച പാര്‍ട്ടിക്ക് പടവലത്തിന്റെ വളര്‍ച്ചയാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകളില്‍ മത്സരിച്ച് രണ്ടിടത്ത് ജയിച്ചത് വരെ അതിന്റെ ശക്തി എത്തി നില്ക്കുന്നു. വെള്ളാപ്പള്ളിയുടെ അടുത്ത കാലത്തെ പ്രസ്താവനകള്‍ ഒന്ന് പരിശോധിച്ചാല്‍
അടുത്ത കാലത്തെ പ്രസ്താവനകള്‍ ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാവും. ഇസഡ് കാറ്റഗറി സുരക്ഷക്കുള്ള നന്ദി കേന്ദ്രത്തേയും മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ എടുത്ത 21 കേസുകളില്‍ കുറ്റപത്രം അനങ്ങാത്തതിന്റെ നന്ദി പിണറായിയോടും കാണിക്കുക എന്നതാണ് ഇപ്പോള്‍ ടിയാന്റെ വര്‍ഗീയ കാര്‍ഡിനു പിന്നില്‍. മൈക്രോ ഫിനാന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ സമുദായാംഗങ്ങള്‍ക്ക് ചെറിയ പലിശയില്‍ സര്‍ക്കാര്‍ വായ്പ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ വിപ്ലവം കാരണം സമുദായത്തിനുണ്ടായ നേട്ടം. പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും 15 കോടി 85 ലക്ഷം രൂപ വായ്പ എടുത്ത് സമുദായ സംഘടനക്ക് കീഴിലുള്ള സംഘങ്ങള്‍ക്ക് കൊള്ളപ്പലിശക്ക് മറിച്ചു നല്‍കിയെന്നതാണ് കേസ്. 2016ല്‍ വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി 21 കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം നല്‍കിയതാണ്. എന്നാല്‍ ഒരു കേസില്‍ പോലും കോടതിയില്‍ കുറ്റപത്രം എത്തിയില്ല. അതാണ് കേരള സര്‍ക്കാറും വെള്ളാപ്പള്ളിയും തമ്മിലുള്ള അന്തര്‍ധാര. തീര്‍ന്നില്ല, പിണറായി സര്‍ക്കാര്‍ മൂന്നു കോടി രൂപയാണ് വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്ര നവീകരണത്തിന് നല്‍കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഭരണ വിരുദ്ധ വികാരവും ശബരിമലയിലെ പെരും കൊള്ളയും കാരണം കാരണഭൂതവും സംഘവുമടങ്ങിയ ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശക്ക് ഇനി ഏതാനും നാളുകള്‍ മാത്രമേ ബാക്കിയുള്ളു എന്ന് തോറ്റാലും മൂര്‍ത്തവും അമൂര്‍ത്തവുമടക്കം കടിച്ചാല്‍ പൊട്ടാത്ത ശങ്കരാടി സ്റ്റൈല്‍ ന്യായം ചമക്കുന്ന കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി മുതല്‍ അണ്ടിമുക്ക് സഖാക്കള്‍ക്ക് വരെ അറിയാം.
എന്നാല്‍ പിന്നെ ന്യൂനപക്ഷത്തെ ഒതുക്കി ഭൂരിപക്ഷത്തെ പ്രചോദിപ്പിക്കുന്ന ഒരാള്‍ കൂടെ നില്ക്കട്ടെ എന്ന മൗനാനുവാദമാണ് കേരള തൊഗാഡിയയുടെ ഇപ്പോഴത്തെ ഈ കോപ്രായങ്ങള്‍ക്കു പിന്നിലെന്ന് നിസംശയം പറയാം. പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്തെല്ലാം രക്ഷകനായി വെള്ളാപ്പള്ളി എത്തും. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാറും പാര്‍ട്ടിയും അടിമുടി നാണം കെട്ട് കിടക്കുന്ന സമയത്ത് ചര്‍ച്ച മാറ്റാന്‍ ഇത്തരമൊന്ന് പ്രതീക്ഷിച്ചതുമാണ്. മദ്യം പാടില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് മദ്യവ്യവ സായിയായ പൂജ്യനിയ വെള്ളാപ്പള്ളി ആവശ്യാനുസരണം വര്‍ഗീയത കത്തിച്ചു വിടുന്നത്. എന്നിട്ട് അവസാനം കിലുക്കം സിനിമയില്‍ രേവതി അവതരിപ്പിച്ച കഥാപാത്രം എല്ലാം എറിഞ്ഞുടച്ച ശേഷം ഇത്രയല്ലേ ഞാന്‍ ചെയ്തുള്ളൂ എന്ന് പറയും പോലെയാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പ്രതി കരണം. സ്വയം ഊതിവീര്‍പ്പിച്ച് താന്‍ എന്തോ വലിയ സാധ നമാണെന്ന് കരുതി നടക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകനായ റഈസ് റഷിദ് വസ്തുതകളുടെ പിന്‍ബലത്തില്‍ ഒരു ചോദ്യം ചോദിച്ചത്. ദേ കിടിക്കുന്നു. അതുവരെ ഉണ്ടായിരുന്ന എല്ലാ കാറ്റും ശു…ന്ന് തീര്‍ന്നു. ഇത്തരക്കാരൊക്കെ ഇത്രയേ ഉള്ളൂ. ഇത് മനസിലാക്കാന്‍ കാരണക്കാരനായ മാധ്യമ പ്രവര്‍ത്തകനിരിക്കട്ടെ ഒരു കുതിരപ്പവന്‍. നാണം കെട്ട സ്ഥിതിക്ക് പിന്നെ കലിപ്പ് മോഡാണ് കണ്ടത്. ചോദ്യം ചോദിച്ചവന്റെ നാടും വീടും ആലോചിച്ച് തിവ്രവാ ദിയാക്കി. തനി ഉത്തരേന്ത്യന്‍ സംഘി മാതൃക. എന്നിട്ടും പൊതിഞ്ഞു പിടിച്ച മാലിന്യം കളയാന്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ല. ഓരോരോ അവസ്ഥകള്‍. ബി.ജെ.പി ഭരണത്തില്‍ വെള്ളാപ്പള്ളിക്ക് ഇത് പറയാം. ബി.ജെ.പിയാണോ സി.ജെ.പിയാണോ സി.പി.എമ്മാണോ ഭരിക്കുന്നതെന്ന കണ്‍ഫ്യൂഷനുള്ളതിനാല്‍ പിണറായി ഭരണത്തിലും ഇത് തന്നെ പറയുമ്പോഴും ഒന്നും കണ്ടില്ലെന്നു നടിച്ച് ചത്തതു പോലെ കിടക്കുകയാണ് ആഭ്യന്തര വകുപ്പ്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന എ സ്.ഐ.ടി അന്വേഷണം അട്ടിമറിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പിണറായി സര്‍ക്കാര്‍. അന്വേഷണ ഫലമായി പാര്‍ട്ടി നേതാക്കളും സര്‍ക്കാറിലെ പ്രമുഖരും അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്‍, അവസാന ഘട്ടത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന ഭയപ്പാടാണ് അന്വേഷണം സുഖമമായി മുന്നോട്ടുപോകുന്നതിന് മുന്നില്‍ വിലങ്ങുതടിയായി നിലയുറപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്‍ തന്നെയുണ്ടായിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം നടപടിക്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയും, ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്നാരംഭിച്ച് ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ചെയര്‍മാന്‍മാരുടെയുമൊക്കെ ചോദ്യംചെയ്യലും അറസ്റ്റുമെല്ലാം താമസംവിനാ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റുമാരായ എ. വാ സുവും എം. പത്മകുമാറും അറസ്റ്റിലായതോടെ സര്‍ക്കാറിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുന്നതാണ് പിന്നീട് കാണാനായത്. പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശേഷിച്ചും. ദൈവംപോലൊരാളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി സാക്ഷാല്‍ പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വിലയിരുത്തല്‍ വ്യാപകമായി നടക്കുകയുണ്ടായി.
ഇതിനുശേഷമാണ് അന്വഷണം ഒച്ചിന്റെ വേഗതയിലേക്ക് മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ളപ്പോള്‍ കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുന്നതും സംശയത്തിന്റെ നിയലില്‍ നില്ക്കുന്ന മുന്‍മന്ത്രി ഉള്‍പ്പെടെ ചോദ്യംചെയ്യലിന് വിധേയമാക്കപ്പെടുന്നതുമെല്ലാം സര്‍ക്കാറിനും പാര്‍ട്ടിക്കും ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. അന്വേഷണം ഇഴയുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ട കോടതി, ഒരു ഘട്ടത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാലിപ്പോള്‍ അന്വേഷണം തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയിട്ടുള്ള വഴിവിട്ട ശ്രമങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് എസ്.ഐ.ടി എത്തിച്ചേരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടുവെന്നുമാത്രമല്ല, പ്രതിപക്ഷത്തെ കേസിന്റെ ഭാഗമാക്കാനുള്ള ഗൂഢശ്രമങ്ങളും നടത്തിക്കൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെകൂടി അന്വേഷണ സംഘത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള ന്യായം. എന്നാല്‍ ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയി രിക്കുകയാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യംചെയ്യലിന് വിധേയമാക്കാനുള്ള നീക്കവും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ ഒളിപ്പിച്ചുവെച്ചതുമെല്ലാം ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ ഗൂഢ നീക്കങ്ങളുടെ ഭാഗമായിതന്നെയാണെന്നത് സുവ്യക്തമാണ്. ഏതായാലും ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായിക്കണ്ട് നടപടി സ്വീകരിക്കാന്‍ നിയമപീഠത്തിന്റെ ഭാഗത്തുനിന്നുതന്നെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടുത്തു നിര്‍ത്താന്‍ കഴിയാത്തപക്ഷം ശബരിമല സ്വര്‍ണമോഷണക്കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
-
News3 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala3 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india3 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News3 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala14 hours agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
News2 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
