Connect with us

Sports

ഫോര്‍മുല വണ്‍ ഇതിഹാസം; മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതി

സ്‌കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം

Published

on

ജനീവ: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ വെച്ചുണ്ടായ സ്‌കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം. ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 12 വര്‍ഷമായി ഒരു മുറിക്കുള്ളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൂമാക്കര്‍ ഇപ്പോള്‍ കിടപ്പിലല്ലെന്നും, വീല്‍ചെയറിന്റെ സഹായത്തോടെ സ്വിറ്റ്സര്‍ലന്‍ഡിലെയും മയ്യോര്‍ക്കയിലെയും തന്റെ വസതികളില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങള്‍ ആരാധകര്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. 1995-ല്‍ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നല്‍കുന്നത്.

2012-ല്‍ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കര്‍, 91 റേസുകളില്‍ വിജയിച്ച് ഫോര്‍മുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ സ്‌കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയില്‍ തലയിടിച്ചാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Published

on

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്.

പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.

 

Continue Reading

News

അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര

സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.

Published

on

ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.

ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ഇനി രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 9 വിക്കറ്റിന് 153
ഇന്ത്യ – 10 ഓവറിൽ 2 വിക്കറ്റിന് 155

അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത് അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ പട്ടികയിൽ ഒന്നാമത്.

സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമടക്കം 57 റൺസ് നേടി. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി.

നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായി. മാറ്റ് ഹെൻറിയുടെ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തുന്നത്. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ അതേ ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10ഉം 6ഉം റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും, ശ്രേയസ് അയ്യറെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കിവികളെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക്ക് ചാപ്മാൻ 23 പന്തിൽ 32 റൺസും നേടി.

ഡെവൺ കോൺവേ (2 പന്തിൽ 1), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (5 പന്തിൽ 4), ഡാരിൽ മിച്ചൽ (8 പന്തിൽ 4), മിച്ചൽ സാന്റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (5 പന്തിൽ 3), മാറ്റ് ഹെൻറി (1 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇഷ് സോഡി (5 പന്തിൽ 2), ജേക്കബ് ഡഫി (3 പന്തിൽ 4) എന്നിവർ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ജസ്പ്രീത് ബുംറയെയും രവി ബിഷ്ണോയിയെയും കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു.

Continue Reading

News

ടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്

സല്‍മാന്‍ അലി ആഗ നയിക്കുന്ന 15 അംഗ സംഘത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസം ഇടംപിടിച്ചു.

Published

on

ഇസ്ലാമാബാദ്: ഫെബ്രുവരി ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗ നയിക്കുന്ന 15 അംഗ സംഘത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസം ഇടംപിടിച്ചു. അതേസമയം, പേസര്‍ ഹാരിസ് റൗഫിനെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയും ടീമില്‍ നിന്ന് ഒഴിവാക്കി.

ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഐസിസി നിര്‍ദേശിച്ച അന്തിമ സ്‌ക്വാഡ് സമര്‍പ്പണത്തിനുള്ള സമയപരിധി ഈ മാസം 30നാണ്.

കഴിഞ്ഞ ഏഷ്യാകപ്പ് ടി20യില്‍ മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഹാരിസ് റൗഫ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം, ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്സേഴ്‌സിനായി കളിച്ച ബാബര്‍ അസത്തിനും ശ്രദ്ധേയ പ്രകടനം നടത്താനായില്ല. 11 ഇന്നിങ്സുകളില്‍ നിന്നായി 202 റണ്‍സ് മാത്രമാണ് മുന്‍ പാക് നായകന്‍ നേടിയത്. എന്നിരുന്നാലും, പരിചയസമ്പത്തും വലിയ മത്സരങ്ങളിലെ പ്രകടനവും കണക്കിലെടുത്താണ് ബാബറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.

ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്‍ ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷഹീന്‍ ഷാ അഫ്രീദിയാണ് പാക് പേസ് ആക്രമണത്തെ നയിക്കുക. നസീം ഷായും പേസ് നിരയിലെ പ്രധാന കരുത്താകും.

നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മത്സരം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 15ന് നടക്കും.

പാകിസ്താന്‍ ടീം:
സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, സാഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്

Continue Reading

Trending