kerala

മുസ്‌ലിം കേരളം കുണിയയിലേക്ക്

By Akhila

February 04, 2026

കുണിയ: സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാമ്പ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ്രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും. ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.

എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ.സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസലിയാര്‍ ശതാബി സന്ദേശം നല്‍കും. സമസ്ത സെന്ററിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്‌മെന്റ്‌റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്‍മാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

3313 വളണ്ടിയര്‍മാര്‍

കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളണ്ടിയര്‍മാര്‍. വിഖായ, ത്വലബ, ആമില വളണ്ടിയര്‍മാര്‍ക്കു പുറമെ പ്രാദേശിക വളണ്ടിയര്‍മാരും ഉള്‍പ്പെടെയാണ് 3313 വളണ്ടിയര്‍മാരെ സജ്ജമാക്കിയത്. 101 ബറ്റാലിയനുകളായി തിരിച്ചാണ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ പ്രവര്‍ ത്തനം. ഓരോ ബറ്റാലിയനുകളിലും 33 പേരാണ് ഉണ്ടാവുക. ഓരോ ബറ്റാലിയനും ക്യാപ്റ്റനുണ്ടാകും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രഹസ്യ നിരീക്ഷകരും ഉണ്ടാകും.

ഭക്ഷണ പായ്ക്കിങ്,വിതരണം, കുടിവെള്ള വിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്‍ക്കുള്ള ഭക്ഷണ വിതരണം, ക്യമ്പ് വാഹന പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, വാഹങ്ങളുടെ പാര്‍ക്കിങ് നിയന്ത്രണം, ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷന്‍, റെയില്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്‍ഡുകളിലെയും ഹെല്‍പ് ഡസ്‌ക്, ഇലക്ട്രിക്കല്‍ ആന്റ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കല്‍ സഹായം എന്നിവ വളണ്ടിയര്‍മാരുടെ ചുമതലയാണ്. വളണ്ടിയര്‍ സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റില്‍ ചേരും.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവാണ് വളണ്ടിയര്‍ ക്യാപ്റ്റന്‍. മുഹ്യുദ്ദീന്‍ കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്‍ട്രോളര്‍, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്‍ അസി.ഡ്യൂട്ടി കണ്‍ട്രോളര്‍മാരുമാണ്.

സ്‌നേഹത്തോടെ വരവേറ്റ് മാനവ സൗഹാര്‍ദ ഭൂമി

കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം എത്തുമ്പോള്‍ കുണിയക്ക് പറയാനുള്ളത് മാനവ സൗഹാര്‍ദത്തിന്റെ ചരിത്രം. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന കുണിയയില്‍ സമസ്ത സമ്മേളനത്തെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ നാട് ഒറ്റക്കെട്ടായി ഒരുങ്ങി കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കുണിയിയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ക്ഷേത്ര ഭാരവാഹികളും ക്രൈസ്തവ ദേവാലയ വികാരിയും തദ്ദേശ സ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. അവരെല്ലാം ഒറ്റക്കെട്ടായുള്ള പിന്തുണയാണ് സംഘാടകരെയും സമസ്ത നേതൃത്വത്തെയും അറിയിച്ച ത്. കുണിയ കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പന്‍ മഠപ്പുര ഭാരവാഹികള്‍ ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. സമസ്ത സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം. ഇതിനു മുമ്പേ തന്നെ ക്ഷേത്രത്തിനും മസ്ജിദിനും ഒരേ തൂണില്‍ പ്രവേശന കവാടം സ്ഥാപിച്ച് കു ണിയ കേരളത്തിനു മാതൃക കാണിച്ചിട്ടുണ്ട്.

ലക്ഷ്യം സമ്മേളനം; നടന്നത് 34 ദിവസങ്ങള്‍

കുണിയ: സമസ്തയ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും തിരുവനന്തപുരത്ത് നിന്നും കാല്‍ നടയായി പുറപ്പെട്ടവര്‍ കുണിയയിലെത്തി. ജനുവരി ഒന്നിന് പുറപ്പെട്ട മുഹമ്മദ് സലീം അസ്ലമി, ഹാഫിള് ജുനൈദ് മന്നാനി എന്നിവരാണ് ഒമ്പത് ജില്ലകളിലുടെ 730 കിലോമീറ്റര്‍ താണ്ടി സമ്മേളന നഗരിയിലെത്തിയത്. 34 ദിവസമായിരുന്നു യാത്ര. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്‍ക്ക് പതാക കൈമാറിയത്. കുണിയയില്‍ എത്തിയ ഇരുവരെയും സ്വാഗത സംഘം ഭാരവാഹികള്‍ സ്വീകരിച്ചു.