News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

By Manya

February 24, 2026

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി അയ്യന്‍കുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മല്‍പുറത്ത് വീട്ടില്‍ അജില്‍ വിനോദ് (29) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.

അശോകപുരത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതി, ഹോട്ടലില്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്ന പതിനേഴുകാരിയുമായി പരിചയം സ്ഥാപിച്ചു. പിന്നീട് സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് വീണ്ടും ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിക്ക് പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഏര്‍പ്പെടുത്തി. അവിടെ നിന്ന് രാത്രികളില്‍ പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

നാലുമാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതോടെ കേസ് അവിടെ കൈമാറി. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ. എന്‍. ലീല എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച പാളയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.