കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രമെന്ന നിലയില്‍ പൊതുവിഷയങ്ങളിലെ സമീപനമെന്തന്നറിയാനും രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിയാനും ചന്ദ്രിക പത്രത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാന്‍. ഓരോ പത്രത്തിനും സ്വന്തം നിലപാടുകളും രാഷ്ട്രീയവുമുണ്ടാവും. അതിനപ്പുറത്തേക്ക് വൈവിധ്യമാര്‍ന്ന വിഷയങ്ങളവതരിപ്പിക്കാന്‍ ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തൊട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. വിഷയങ്ങളിലെ വൈവിധ്യം കൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ചന്ദ്രിക വാരിക. മികച്ച ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരുന്നു. നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്റെ പഠനകാലത്തു തന്നെ ചന്ദ്രിക വാരികയുമായി ആത്മബന്ധമുണ്ട്. സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരുടെ ലേഖനങ്ങള്‍ക്കൊപ്പം പ്രശസ്തരുടെ ചെറുകഥകള്‍ കൊണ്ടും ഏറെ സമ്പുഷ്ടമായിരുന്നു വാരിക.

മുഖപത്രത്തിന്റെ പ്രസിദ്ധീകരണമെന്ന നിലയില്‍ ഒരു രാഷ്ട്രീയ ആശയത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ തന്നെ എല്ലാ മേഖലയിലുമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും വായനക്കാരിലെത്തിക്കാനും ചന്ദ്രികയുടെ പ്രസിദ്ധീകരണങ്ങള്‍ക്കാവുന്നുണ്ട്.