News

പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍; ഏഴില്‍ ആറും പ്രവര്‍ത്തനരഹിതമെന്ന് റിപ്പോര്‍ട്ടുകള്‍

By Akhila

February 24, 2026

ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍ ആളും വിമാനവുമില്ലാത്ത അവസ്ഥയിലാണ്. 2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിലാണ് ആറെണ്ണവും ഏറെക്കുറെ പ്രവര്‍ത്തനരഹിതമായത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.

കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബര്‍ 20നാണ് കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സര്‍വീസുകള്‍ ആരംഭിച്ചു. എന്നാല്‍ 2023 നവംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

മറ്റ് എയര്‍പോര്‍ട്ടുകളെല്ലാം 2024 മാര്‍ച്ചിലാണ് ഉദ്ഘാടനം ചെയ്തത്. അസംഗഢ്, ചിത്രകൂട് വിമാനത്താവളങ്ങള്‍ ഒമ്പത് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൊറാദാബാദ് വിമാനത്താവളമാകട്ടെ വെറും മൂന്ന് മാസമായപ്പോഴേക്കും അടച്ചു. അലിഗഢ് വിമാനത്താവളത്തിന്റേതും സമാന അവസ്ഥയാണ്. ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

കുശിനഗര്‍ വിമാനത്താവളത്തില്‍ ആദ്യഘട്ടങ്ങളില്‍ നിരവധി വിമാനങ്ങള്‍ വരുന്ന അവസ്ഥയുണ്ടായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഒരു മാസം 54 വിമാനങ്ങള്‍ വരെ കുശിനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു, എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം അത് വെറും ആറ് വിമാനങ്ങളായി. അടുത്ത മാസമായപ്പോഴേക്കും, അടുത്ത വര്‍ഷങ്ങളിലും അത് പൂജ്യമായി. കോടികളാണ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനായി അധികൃതര്‍ പൊടിച്ചത്. എന്നിട്ടും വിമാനത്താവളം അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.