തിരുവനന്തപുരം: കര്യവട്ടത്ത് നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി അഞ്ച് മത്സര പരമ്പര 3-0 ന് സ്വന്തമാക്കി. ഈ ജയത്തോടെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍മന്‍പ്രീത് 130 ടി20 മത്സരങ്ങളില്‍നിന്ന് 77 വിജയങ്ങള്‍ നേടി. ഇതില്‍ 48 തോല്‍വികളും അഞ്ച് റിസല്‍റ്റില്ലാത്ത മല്‍സരങ്ങളും ഉള്‍പ്പെടുന്നു.
ആസ്‌ത്രേലിയയുടെ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങാവട്ടെ 100 മത്സരങ്ങളില്‍ നിന്ന് 76 വിജയങ്ങള്‍ നേടിയിട്ടുണ്ട്. 18 എണ്ണത്തില്‍ തോല്‍വി ഒരു മല്‍സരം സമനിലയും അഞ്ചെണ്ണം റിസല്‍റ്റില്ലാ മല്‍സരവും. വിജയ ശതമാനം 76 ആണ്, കൂടാതെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നാല് ടി20 ലോകകപ്പ് കിരീടങ്ങളും ലാനിങ്ങിന്റെ പേരിലുണ്ട്, ഈ നാഴികകല്ലുകള്‍ പുരുഷ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍മാരിലൊരാളായി അവരെ മാറ്റി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു. 112 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കുവേണ്ടി ഷഫാലി വര്‍മ 11 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെ 42 പന്തില്‍ 79 റണ്‍സ് നേടി നോട്ടൗട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് രണ്ട് ഫോറുകള്‍ ഉള്‍പ്പെടെ18 പന്തില്‍ 21റണ്‍സ് നേടി വിജയത്തിലെത്തിക്കുകയായിരുന്നു. 13.2 ഓവറില്‍ ഇന്ത്യ വിജയം കണ്ടു. ഷഫാലി തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ധശതകം നേടി, ഈ വര്‍ഷത്തെ എട്ട് ടി20 മത്സരങ്ങളില്‍ നിന്ന്, എട്ട് മത്സരങ്ങളിലും ഇന്നിംഗ്‌സുകളിലുമായി 55.50 ശരാശരിയില്‍ 333 റണ്‍സ് അവര്‍ നേടി. 173-ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റും മൂന്ന് അര്‍ധസെഞ്ച്വറികളും 79* എന്ന മികച്ച സ്‌കോറും ഷഫാലി നേടി.
ഐ.സി.സി വനിത ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയ ഹര്‍മന്‍പ്രീതിന്, വനിത ക്രിക്കറ്റില്‍ ഇന്ത്യയെ അവരുടെ ആദ്യ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനുള്ള അവസരവുമുണ്ട്, അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരോടൊപ്പം ഇന്ത്യ ശക്തമായ ഗ്രൂപ് എയിലാണ്.