ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറുന്നു. രാവിലത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ നടത്തിയ ശക്തമായ തിരിച്ചടിക്ക് ശേഷം അമേരിക്ക ഇസ്രയേല്‍ സംയുക്ത സൈനിക നടപടി വീണ്ടും ആരംഭിച്ചതോടെ സാഹചര്യം അതീവ ഗുരുതരമായി.
തെക്കന്‍ ഇറാനില്‍ നടന്ന സംയുക്ത ആക്രമണത്തില്‍ ഒരു സ്‌കൂളിലാണ് മിസൈല്‍ പതിച്ചതെന്ന് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി അധികാരികള്‍ അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രതികരിച്ചു. രാവിലെ നടന്ന ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ വസതിയ്ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിനെയും ഇസ്രയേല്‍ ലക്ഷ്യമിട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇപ്പോള്‍ ശക്തമായ പ്രത്യാക്രമണം അനിവാര്യമാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളം സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്.