News

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അമേരിക്കയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

By webdesk17

January 11, 2026

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ അമേരിക്കയില്‍ ഇറാനില്‍ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍. രണ്ടാഴ്ച പിന്നിട്ട ഭരണവിരുദ്ധ പ്രക്ഷോഭം കൂടുതല്‍ കനത്തുവരുകയാണ്. അതേസമയം പ്രക്ഷോഭകരെ അമര്‍ച്ച ചെയ്താല്‍ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏതു രീതിയില്‍ നടപ്പാക്കാന്‍ കഴിയും എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് വന്‍തോതില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നതും യുഎസിന്റെ പരിഗണനയിലുണ്ട്.

അതേസമയം ഇറാന്‍ യുദ്ധത്തിന്റെ നടുവിലാണെന്നും ഇതിന് പിന്നില്‍ ഇസ്രാഈലാണെന്നും ഇറാന്‍ സുപ്രിംനാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. അതിനാല്‍ വെടിനിര്‍ത്തലിനോ സമാധാനത്തിനോ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ പ്രതിഷേധക്കാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ പ്രഖ്യാപിച്ചെങ്കിലും ഇറാനില്‍ പ്രക്ഷോഭങ്ങല്‍ ശക്തമാവുകയാണ്. എന്നാല്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ ”ദൈവത്തിന്റെ ശത്രു” ആയി കാണുമെന്നും അതിന് മരണശിക്ഷ വരെ ലഭിക്കാമെന്നുമാണ് അറ്റോര്‍ണി ജനറല്‍ മഹമ്മദ് മോവാഹേദി അസാദ് മുന്നറിയിപ്പ് നല്‍കിയത്.

തെഹ്‌റാന് പുറമെ കിഴക്കന്‍ മേഖലയിലെ മശ്ഹദ്, തബ്രിസ് എന്നിവിടങ്ങളിലും ഉത്തര ഇറാനിലെ ഖുമ്മിലുമടക്കം പ്രതിഷേധം ശക്തമാണ്. 64 പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 14 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇന്നലെ മാത്രം 200ലേറെ പേര്‍ പിടിയിലായി.