india

ആരവല്ലി മലനിര; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

By webdesk17

December 29, 2025

ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വലിയ പരിസ്ഥിതി ആശങ്കകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നവംബര്‍ 20ന് പുറപ്പെടുവിച്ച ഉത്തരവിലെ പുതിയ മാനദണ്ഡങ്ങള്‍ ആരവല്ലിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പ്രത്യേക വെക്കേഷന്‍ ബെഞ്ച് വിഷയം ഇന്ന് അടിയന്തരമായി പരിഗണിക്കുന്നത്.

ആരവല്ലി മലനിരകളിലെ ഖനനം നിയന്ത്രിക്കുന്നതിനായി കോടതി അംഗീകരിച്ച പുതിയ നിര്‍വചനമാണ് വിവാദത്തിലായിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം, തറനിരപ്പില്‍ നിന്ന് 100 മീറ്ററോ അതിലധികമോ ഉയരമുള്ള കുന്നുകളെ മാത്രമേ ‘ആരവല്ലി കുന്നുകള്‍’ ആയി കണക്കാക്കു എന്നാണ് പുതിയ ഉ ത്തരവ്. ഈ മാനദണ്ഡം നടപ്പിലാക്കിയാല്‍ രാജസ്ഥാനിലെ ആരവല്ലി മലനിരകളില്‍ 90 ശതമാനത്തോളം ഭാഗവും സംരക്ഷണ പരിധിക്കു പുറത്താകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വെറും 20 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള ചെറുകുന്നുകളും കുന്നിന്‍ ചരിവുകളും ഖനനത്തിനായി തുറന്നു കൊടുക്കുന്നത് ഥാര്‍ മരുഭൂമിയുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 100 മീറ്റര്‍ എന്ന പരിധി നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണെന്നും ഇത് ഭരണപരമായ സൗകര്യം മാത്രമാണെന്നും വിമര്‍ശനമുണ്ട്. മണല്‍ക്കാറ്റിനെ തടഞ്ഞു നിര്‍ത്തുന്ന സ്വാഭാവിക മതിലായ ആരവല്ലി തകര്‍ന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകും. ഹരിയാന, രാജസ്ഥാന്‍ മേഖലകളിലെ പ്രധാന ജലസ്രോതസ്സായ കുന്നിന്‍ നിരകള്‍ ഇല്ലാതാകുന്നത് കുടിവെള്ളക്ഷാമത്തിന് വഴിവെക്കും.