സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബ് ഗോസാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ചാനലിലെ ജേര്‍ണലിസ്റ്റുകളെ ട്രോളി ശശി തരൂര്‍ എം.പി. ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോടാണ് റിപ്പബ്ലിക്ക് ടിവീ ടീമിനെ ശശി തരൂര്‍ ഉപമിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

തരൂര്‍ കാറിലേക്ക് കയറിപോകാമ്പോള്‍  റിപ്ബ്ലിക്കിന്റെ ആറോളം മാധ്യമപ്രവര്‍ത്തകര്‍ തരൂരിനെ വളഞ്ഞിട്ട് ചോദ്യം ചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍  സോഷ്യല്‍ മീഡിയയില്‍  വന്‍ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. അതിനെ പരിഹസിച്ച് കൊണ്ടാണ് തരൂര്‍ ഇത്തരമൊരു വീഡിയോ ഷെയര്‍ ചെയ്തത്.

സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അര്‍ണാബ് ഗോസ്വാമി നേതൃത്വം നല്‍കുന്ന റിപബ്ലിക്ക് ടിവിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. തന്നെ മോശമായും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുമാണ് ചാനല്‍ ഇടപെടുന്നതെന്നായിരുന്നു ശശി തരൂരിന്റെ വാദം. ഇതില്‍ വാദം കേട്ട കോടതി മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്ന് പറഞ്ഞിരുന്നു. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
എന്നാല്‍ കേസ് തുടര്‍വാദത്തിനായി ഓഗസ്റ്റ് 16ലേക്കു മാറ്റി.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിനു വേണ്ടി കോടതിയില്‍ ഹാജരായത്. ചാനല്‍ റിപ്പോര്‍ട്ടുകളില്‍ ‘കൊല്ലപ്പെട്ട സുനന്ദ പുഷ്‌കര്‍’ എന്ന പരാമര്‍ശം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അര്‍ണാബ് ഗോസ്വാമിക്കും ചാനലിനും നിര്‍ദ്ദേശം നല്‍കണമെന്നും തരൂരിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടുകളും തെളിവുകളും വച്ചാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതെന്ന് അര്‍ണാബ് ഗോസ്വാമിക്കു വേണ്ടി ഹാജരായ സന്ദീപ് സേത്തി അറിയിച്ചു. റിപ്പോര്‍ട്ടുകളില്‍ തരൂരിനെ കൊലപാതകിയെന്നു പരാമര്‍ശിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

സുനന്ദയുടെ മരണം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ശശി തരൂര്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കേസിലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്.