ബംഗളൂരു: സാമ്പത്തിക പ്രയാസങ്ങൾ മാറുമെന്ന വിശ്വാസത്തിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ദമ്പതികൾ ശ്രമിച്ചതായി റിപ്പോർട്ട്. കർണാടകയിലെ ഹോസകോട്ടെ സുളുബലെ ജനത കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്നയാളുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.
വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് ദമ്പതികൾ കുഞ്ഞിനെ പണം നൽകി വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.