film

‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യയിൽ 200 കോടി ക്ലബിൽ; ഹോളിവുഡ് ബോക്സ് ഓഫിസ് റെക്കോർഡ്

By sreenitha

January 03, 2026

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹോളിവുഡ് ചിത്രം ‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് 200 കോടി രൂപ പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം നേടി.

2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന പ്രത്യേകതയ്ക്കൊപ്പം, ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിക്കുന്ന ആറാമത്തെ വിദേശ ചിത്രമെന്ന റെക്കോർഡും ‘അവതാർ; ഫയർ ആൻഡ് ആഷ്’ സ്വന്തമാക്കി. ശക്തമായ ബോക്സ് ഓഫിസ് പ്രകടനവുമായി ചിത്രം ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്.

‘ധുരന്ധർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളുമായി മത്സരമുണ്ടായിരുന്നിട്ടും, നഗരങ്ങളിലും ഗ്രാമങ്ങളിലും ചിത്രം മികച്ച കലക്ഷൻ നേടി. ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഇന്ത്യയിൽ നേടിയ വൻ വിജയത്തിന് പിന്നാലെ, അവതാർ ഫ്രാഞ്ചൈസിയുടെ ബോക്സ് ഓഫിസ് കരുത്ത് ഈ ചിത്രത്തിലൂടെയും തുടരുന്നതായി വ്യക്തമാണ്.

ഇന്ത്യൻ ബോക്സ് ഓഫിസിൽ 200 കോടി കടന്ന അവസാന വിദേശ ചിത്രം ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ആയിരുന്നു. 2022ൽ പുറത്തിറങ്ങിയ ആ ചിത്രം ഏകദേശം 500 കോടി രൂപയുടെ ഗ്രോസ് കലക്ഷൻ നേടി, ഇന്ത്യയിൽ ഏറ്റവും വലിയ കലക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായി മാറിയിരുന്നു.