News

ഇസ്രാഈലിന് തിരിച്ചടി; ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തലിലേക്ക് കടക്കാനൊരുങ്ങി അമേരിക്ക

By webdesk17

December 27, 2025

വെടിനിര്‍ത്തല്‍ രണ്ടാംഘട്ടം തടസപ്പെടുത്താനുള്ള ഇസ്രാഈല്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തലിലേക്ക് കടക്കാനൊരുങ്ങി അമേരിക്ക. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ജനുവരിയില്‍ തന്നെ നടപ്പില്‍ വരുത്താന്‍ അമേരിക്ക തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനവേളയില്‍ ട്രംപ് രണ്ടാംഘട്ട വെടിനിര്‍ത്തല്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.

ഗസ്സയിലെ ഇടക്കാല സര്‍ക്കാര്‍, അന്താരാഷ്ട്ര സുരക്ഷാസേനയുടെ വിന്യാസം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ട്രംപ് പ്രഖ്യാപിക്കും. അതേസമയം രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നീക്കം അട്ടിമറിക്കാന്‍ ഇസ്രാഈല്‍ ശ്രമിക്കുന്നതായും മധ്യസ്ഥ രാജ്യമായ ഈജിപ്ത് കുറ്റപ്പെടുത്തി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിരന്തരം ലംഘിക്കുന്ന ഇസ്രാഈല്‍ നീക്കം ഇതിന്റ തുടര്‍ച്ചയാണെന്നും ഈജിപ്ത് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടര്‍ന്നു. ഗസ്സയിലെ സ്ഥിതി കൂടുതല്‍ മോശമായതായി അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ അറിയിച്ചു. മരുന്നും ഉപകരണങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്ന ഗസ്സയിലെ ആശുപത്രികള്‍ക്ക് ഇന്ധനക്ഷാമവും കടുത്തു. ഇതോടെ നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഔദ ആശുപത്രി എല്ലാ ശസ്ത്രക്രിയകളും നിര്‍ത്തിവച്ചു.