പാട്‌ന: 2017 പ്ലസ്ടുവിലെ ടോപ്പര്‍ ഗണേഷ് കുമാറിനെ പ്രായം കുറച്ചു കാണിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്തു. 24 വയസ്സ് എന്ന് രേഖകളില്‍ കാണിച്ച ഗണേഷിന് 42 വയസ്സുണ്ടെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ വര്‍ഷം പ്ലസ്ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോഴും സമാനമായ ഒരു പിഴവ് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2016 പ്ലസ്ടു ടോപ്പറായിരുന്ന റൂബി റോയ് താന്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിഷയത്തിലെ പ്രാഥമിക വിവരങ്ങളെക്കുറിച്ച് പോലും ടിവി ഇന്റര്‍വ്യൂവില്‍ കൃത്യമായി മറുപടി പറയാനാവാതെ വന്നതിനെത്തുടര്‍ന്ന് സംശയത്തിന്റെ നിഴലിലായിരുന്നു. ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെ റൂബി റോയിയെ അറസ്റ്റ് ചെയ്തിരുന്നു.

അതിനു പിന്നാലെയാണ് ഇപ്പോള്‍ 2017 പ്ലസ്ടു ടോപ്പറും പ്രായത്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ അറസ്‌ററിലാവുന്നത്. കഴിഞ്ഞ വര്‍ഷം റൂബി റോയ് പൊളിറ്റിക്കല്‍ സയന്‍സ് പാചകവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞതെങ്കില്‍ ഇത്തവണ അതല്ല സംഭവിച്ചത്. സംഗീതത്തിലെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ എഴുപതില്‍ 65 നേടിയ ഗണേഷ് കുമാര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പകച്ചുപോയിരുന്നു. ടിവി ചാനല്‍ നടത്തിയ ഇന്റര്‍വ്യൂക്കിടെ ‘മൈഥിലി കോകില’ യെന്നാണ് ലതാ മങ്കേഷ്‌കറെ ഗണേഷ് കുമാര്‍ വിശേഷിപ്പിച്ചത്. ഈ സ്ഥാനപ്പേരാവട്ടെ, ഗണേഷ് കുമാറിന്റെ തന്നെ സ്‌കൂളിനടുത്തുള്ള സമസ്തിപൂരില്‍ നിന്നുമുള്ള ഗായിക ശാരദ സിന്‍ഹയുടെ അപരനാമവും.

സംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളായ താളം, മാത്ര എന്നിവയെക്കുറിച്ചും പറഞ്ഞൊപ്പിക്കാന്‍ ഗണേഷ് നന്നെ പ്രയാസപ്പെട്ടു. സംഗീതത്തിന്റെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ എന്താണ് പെര്‍ഫോം ചെയ്തതെന്ന ചോദ്യത്തിന് ബോളിവുഡ് ഗാനം താളബോധമില്ലാതെ അവതരിപ്പിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തത്.

82.6 ശതമാനം മാര്‍ക്ക് നേടിയാണ് സമസ്തിപൂറിലെ റാംനന്ദന്‍ സിങ് ജഗ്ദീപ് നാരായണ്‍ ഹൈസ്‌കൂളില്‍ പരീക്ഷക്കിരുന്ന ഗണേഷ് കുമാര്‍ നേടിയത്. ഹിന്ദിയില്‍ 92, സംഗീതത്തില്‍ 82, സാമൂഹ്യ ശാസ്ത്രത്തില്‍ 42 എന്നിങ്ങനെയായിരുന്നു ഗണേഷിന്റെ മാര്‍ക്ക് ലിസ്‌ററിലെ ശതമാനക്കണക്ക്.

പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഗണേഷിനെ അനുമോദിക്കാന്‍ ഒരുങ്ങിയിരുന്ന സ്‌കൂള്‍ അധികര്‍ വിവാദത്തെ തുടര്‍ന്ന് അതില്‍ നിന്നും പിന്മാറി.