ദില്ലിയില്‍ നിന്ന് ബഗ്‌ദോഗ്രയിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലഖ്നൗ വിമാനത്താവളത്തില്‍ അടിയന്തിരമായി തിരിച്ചിറക്കി.ഇന്‍ഡിഗോയുടെ 6E 6650 നമ്പര്‍ വിമാനത്തിന്റെ ശുചിമുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് ഭീഷണി കുറിപ്പ് ഉണ്ടായിരുന്നത്. ‘BOMB’ എന്ന വാക്ക് ടിഷ്യു പേപ്പറില്‍ എഴുതിയിരുന്നതെന്നാണ് വിവരം.
രാവിലെ 8:46ന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം 9:17ന് ലഖ്നൗവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിവരം ലഭിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡും സിഐഎസ്എഫ് സംഘവും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചു. പരിശോധനയില്‍ വിസ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നതിനാലാണ് മുന്‍കരുതല്‍ നടപടിയായി വിമാനം തിരിച്ചിറക്കിയതെന്ന് ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിക്കുകയും മാറ്റിയാത്രാ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.