ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന് വധിക്കുമെന്ന് അറിയിച്ച് ബോംബ് ഭീഷണി ലഭിച്ചതായി പരാതി. തിങ്കളാഴ്ച കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

പരാതിയെത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസിന്റെ നിഗമനം.

ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയായ ചെക്ക ചിവന്ത വാനത്തിന്റെ ചില സംഭാഷണങ്ങളാണ് ഭീഷണിക്കു കാരണമെന്നാണ് നിഗമനം.

ചിത്രത്തിലെ ചില സംഭാഷണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഇവരിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.
വിജയ് സേതുപതി, ചിമ്പു, ജ്യോതിക തുടങ്ങിയവരാണ് ചെക്ക ചിവന്ത വാനത്തിലെ താരങ്ങള്‍.