ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്ന സീരിയല്‍ നടനെതിരേ സിബിഐ. കേസെടുത്തു. ഹരിദ്വാര്‍ സ്വദേശിയും ടിവി സീരിയലുകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ യുവാവിനെതിരേയാണ് പോക്‌സോ, ഐടി നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കി അവരുടെ അശ്ലീലചിത്രങ്ങള്‍ ശേഖരിച്ചാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് വില്‍പന നടത്തിയിരുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ക്ക് പുറമേ വീഡിയോകളും വീഡിയോകോള്‍ റെക്കോര്‍ഡിങ്ങുകളും രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്കാണ് കൈമാറിയിരുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെയും ആയിരത്തിലേറെ കുട്ടികളുമായി യുവാവിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ മിക്കവരും. 10 മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ്. വലിയ സിനിമ നടനാണെന്ന വ്യാജേനയാണ് ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടികളുമായി പരിചയം സ്ഥാപിക്കുന്നത്. പിന്നീട് അടുപ്പം മുതലാക്കി അശ്ലീല ചിത്രങ്ങള്‍ ആവശ്യപ്പെടും. ഇതോടൊപ്പം വാട്‌സ് ആപ്പ് നമ്പറുകള്‍ വാങ്ങി അശ്ലീല വീഡിയോ കോളുകളും നടത്തും. ഈ ദൃശ്യങ്ങളാണ് പിന്നീട് സാമൂഹികമാധ്യമങ്ങളിലെ മറ്റു ഗ്രൂപ്പുകളിലൂടെ വില്‍പന നടത്തുന്നത്.

കുട്ടികള്‍ ആരെങ്കിലും ഇയാളുമായുള്ള ആശയവിനിമയം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. നേരത്തെ സ്വന്തമാക്കിയ അശ്ലീലചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നാകും ഭീഷണി. ഇതോടെ ചതിയില്‍പ്പെട്ട കുട്ടികള്‍ വീണ്ടും ചിത്രങ്ങള്‍ അയച്ചുനല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.നേരത്തെ ടെലഗ്രാം ആപ്പ് വഴി 250 രൂപയ്ക്ക് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ വില്‍പന നടത്തിയ ആളെയും സിബിഐ പിടികൂടിയിരുന്നു.