കൊച്ചി: ഒന്നര വയസുകാരന് ഡേ കെയറില്‍ മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പി.ജെ. ആന്റണി റോഡില്‍ പ്രശാന്തി ലൈനില്‍ ‘കളിവീട്’ എന്ന പേരില്‍ ഡേ കെയര്‍ നടത്തുന്ന കോട്ടയം വടവാതൂര്‍ സ്വദേശി ആലുവ കോമ്പാറ നൊച്ചിമ ഇന്ദിരാ റോഡില്‍ താമസിക്കുന്ന മിനി മാത്യു(49)വിനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത.് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സ്ഥാപനം പോലീസ് അടച്ചുപൂട്ടി. അഞ്ചുമനയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളായ രക്ഷിതാക്കള്‍ നോക്കാന്‍ ഏല്‍പിച്ച ഒന്നര വയസുകാരനായ മകനെ മിനി മാത്യു അടിക്കുകയും നുള്ളുകയും ചീത്തവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സ്ഥാപനത്തിലെ ജീവനക്കാരി തന്നെ പകര്‍ത്തിയ രംഗങ്ങളാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. വിവരം അറിഞ്ഞ് കുട്ടിയുടെ രക്ഷിതാക്കള്‍ സ്ഥാപനത്തിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡേകെയറിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷം സൃഷ്ടിച്ചു. സ്ഥാപനത്തിന്റെ ബോര്‍ഡും ചെടിച്ചട്ടികളും പ്രവര്‍ത്തകര്‍ തകര്‍ത്തു. മേയറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ അധികൃതരും ചൈല്‍ഡ് ലെയിന്‍ പ്രവര്‍ത്തകരും സ്ഥാപനത്തിലെത്തി പരിശോധന നടത്തി. ഡേ കെയര്‍ നടത്താന്‍ ആവശ്യമായ ലൈസന്‍സ് മിനി മാത്യുവിന് ഉണ്ടോയെന്നത് സംബന്ധിച്ച് പരിശോധന നടത്തിവരികയാണെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വീടുപോല തന്നെ കുട്ടികളെ പരിചരിക്കേണ്ട സ്ഥലാണ് ഡെ കെയറുകള്‍. അവിടങ്ങളില്‍ കുട്ടികള്‍ ഇത്തരത്തില്‍ പീഡനം നേരിടുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും മേയര്‍ പറഞ്ഞു.ഈ സ്ഥാപനമുള്‍പെടെ നഗരത്തിലെ മുഴുവന്‍ ഡേകെയറുകളുടേയും ലൈസന്‍സുകള്‍ പരിശോധിക്കുമെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. 17 കുട്ടികളാണ് ഇന്നലെ ഡേ കെയറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കൂടുതല്‍ കുട്ടികള്‍ സാധാരണ ഉണ്ടാകാറുള്ളതാണ്. കുട്ടികളെ ടീച്ചര്‍ മര്‍ദ്ദിക്കുന്നതായി നേരത്തെ മുതല്‍ ആരോപണമുള്ളതിനാല്‍ പലരും കുട്ടികളെ ഇവിടേക്ക് അയക്കാറുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പലപ്പോഴായി കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടതോടെ ഇത് സംബന്ധിച്ച് രക്ഷിതാവ് മിനിയോട് ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ഇവര്‍ നല്‍കാറില്ലായിരുന്നു. സംശയം തോന്നിയ രക്ഷിതാവ് ഇവിടുത്തെ ആയയുടെ സഹായത്താല്‍ നടത്തിപ്പുകാരി കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആയ മൂന്ന് ദിവസം മുമ്പ് ഇവിടെ നിന്നും പിരിഞ്ഞുപോകുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷ നിയമം 323 വകുപ്പുകള്‍ ചുമത്തിയാണ് മിനി മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അടിയന്തിര റിപോര്‍ട്ട് തേടി. എറണാകുളം ജില്ലാ കലക്ടര്‍, സിറ്റി പോലീസ് മേധാവി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരോടാണ് കമ്മീഷന്‍ റിപോര്‍ട്ട്് ആവശ്യപ്പെട്ടിരിക്കുന്നത്.പത്തുദിവസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.