News

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സുപ്രീംകോടതി

By webdesk17

December 29, 2025

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്‍വചനത്തിന് വ്യക്തത വേണമെന്ന് സുപ്രീംകോടതി. പുതിയ നിര്‍വചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി കോടതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതില്‍ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസാണ് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.

പുതിയ നിര്‍വചനപ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണമെന്നും വിശദപരിശോധന നടത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധസമിതിയെ രൂപവത്കരിക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ഇക്കഴിഞ്ഞ നവംബര്‍ 20-ന്റെ സുപ്രീം കോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിര്‍വചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരിക. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല. ഇത് ഖനനമാഫിയക്ക് വലിയ ചൂഷണത്തിന് അവസരമൊരുങ്ങുമെന്ന ആശങ്കയാണ് പരിസ്ഥിതിസ്നേഹികള്‍ക്കുള്ളത്. ഇവരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തരമായി കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.