kerala

10 ലക്ഷം രൂപ തട്ടിയതായി പരാതി; ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

By Akhila

February 02, 2026

കോതമംഗലം: ബിജെപി നേതാക്കാള്‍ 10,58,000 രൂപ തട്ടിയെടുത്ത പരാതിയില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. കേസ് ഒത്തുതീര്‍പ്പിനായി ബി.ജെ.പി നേതാക്കള്‍ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ ആത്മഹത്യ ഭീക്ഷണി.

ഓണ്‍ലൈന്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് ചേലാട് ആറ്റ്പുറത്ത് എ.എം.ജോര്‍ജിന്റെ മകന്‍ ഉള്‍പ്പെട്ട പരാതി പരിഹരിക്കുന്നതിന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.എസ്. സുനിഷ് എന്നിവര്‍ പലപ്പോഴായി 10,58,000 രൂപ വാങ്ങി. കേസ് തീര്‍ക്കുന്നതിനായി സനല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വഴിയാണ് ബി.ജെ.പി നേതാക്കള്‍ക്ക് പണം കൈമാറിയത്.

എന്നാല്‍ കേസ് തീര്‍പ്പാകാതെ വീണ്ടും മറ്റൊരു കേസ് വരികയും ചെയ്ത സാഹചര്യത്തില്‍ ജോര്‍ജ് നേരിട്ട് അഞ്ച് ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് നഷ്ടമായ 10,58,000 രൂപ തിരികെ ലഭിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതല്‍ ബി.ജെ.പി സംസ്ഥാന ജില്ല നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

ജനുവരി 16ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കൈയില്‍ പെട്രോളുമായി തിങ്കളാഴ്ച്ച രാവിലെ 10 ഓടെ ബി.ജെ.പി ഓഫീസിന് മുന്നില്‍ ജോര്‍ജും ഭാര്യ ജിന്‍സും ബന്ധുവും ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ എല്‍ദോസും എത്തിയത്. എല്‍ദോസാണ് പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി നേതൃത്വവുമായി ജോര്‍ജിനെ ബന്ധപ്പെടുത്തിയത്. ഇവര്‍ എത്തുമ്പോള്‍ ഓഫീസ് പരിസരത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാക്കള്‍ പൊലീസ് വിളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ഒരു മണിക്കൂറിലേറെ നേരും ഓഫീസ് പരിസരത്ത് കുത്തിയിരുന്ന ജോര്‍ജിനെയും കുടുംബത്തെയും പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

സമ്പത്ത് പണയപ്പെടുത്തിയും അയല്‍ക്കാരില്‍ നിന്ന് സ്വര്‍ണം കടം വാങ്ങിയുമാണ് ഇത്രയും തുക കണ്ടെത്തിയതെന്നും മാസംത്തോറും അര ലക്ഷത്തിലേറെ രൂപ പലിശ നല്‍കാന്‍ മാത്രം കണ്ടെത്തേണ്ട സാഹചര്യമാണെന്നും ഇതിന് നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്ത് വരേണ്ടി വന്നതെന്ന് ജോര്‍ജ് പറഞ്ഞു.