X

വരും തെരഞ്ഞെടുപ്പില്‍ സഖ്യം തുടരും; കോണ്‍ഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഹൈക്കമാന്‍ഡുമായി ചര്‍ച്ചചെയ്ത ശേഷം:ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറൂ എന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും. അതിനാലാണ് ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടത്താന്‍ ധാരണയായത്. അതേസമയം ധനകാര്യവകുപ്പ് മുഖ്യമന്ത്രി കുമാരസ്വാമി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി, ആഭ്യന്തരം തുടങ്ങി പ്രമുഖ വകുപ്പുകള്‍ അടക്കം 20 മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ജെ.ഡി.എസിന്റെ പ്രാതിനിധ്യം പതിമൂന്നായിരിക്കും. അതേസമയം മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടില്ലെന്നും കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. നേരത്തെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. നാളെ രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് സത്യപ്രതിജ്ഞ മാറ്റിയത്.

അതേസമയം മൂന്നു മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തറപ്പറ്റിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതോടെ എച്ച്.ഡി കുമാരസ്വാമി രാജ്ഭവനിലെത്തി മന്ത്രിസഭ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമി്ക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സാവകാശം അനുവദിച്ചെങ്കിലും സത്യപ്രതിജ്ഞ ചടങ്ങു കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്.

chandrika: