india

പശുവിന്‍ പാല്‍ ബുദ്ധി വര്‍ദ്ധിപ്പിക്കും, എരുമപ്പാല്‍ മന്ദതയുണ്ടാക്കും: വിചിത്ര വാദവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

By webdesk17

February 24, 2026

ജയ്പൂര്‍: നാടന്‍ പശുവിന്റെ പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശാലികളാകുമെന്നും എന്നാല്‍ എരുമപ്പാല്‍ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരാക്കുമെനന്ും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. കോട്ടയില്‍ നടന്ന ഒരു ഗോസംരക്ഷണ ചടങ്ങിലാണ് മന്ത്രി ഈ വിചിത്ര വാദം അവകാശപ്പെട്ടത്.

പശുക്കിടാവിനെ ദൂരെ വിട്ടാല്‍ അത് വേഗം സ്വന്തം അമ്മയെ കണ്ടെത്തും, എന്നാല്‍ എരുമക്കിടാവിന് അതിന് കഴിയില്ല. ഇത് അവ കുടിക്കുന്ന പാലിന്റെ ഗുണവ്യത്യാസം മൂലമാണെന്ന് മന്ത്രി അവകാശപ്പെടുന്നു. പശുവിന്‍ പാല്‍ കുടിക്കുന്ന പശുക്കിടാവ് എപ്പോഴും പ്രസരിപ്പുള്ളവനായിരിക്കുമെന്നും എന്നാല്‍ എരുമപ്പാല്‍ കുടിക്കുന്ന എരുമക്കിടാവ് എപ്പോഴും മടിയനായി ഉറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

എരുമപ്പാല്‍ കുടിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ പരിഹാസമാണ് ഉയരുന്നത്. പ്രത്യേക തരം പാല്‍ കുടിക്കുന്നത് ബുദ്ധിശക്തി കൂട്ടുമെന്നോ കുറയ്ക്കുമെന്നോ തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ പഠനങ്ങളും നിലവിലില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തെയും മന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്‌കൂളുകളില്‍ ‘ശൗര്യ ദിവസ്’ ആചരിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുനന്നു.