ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള മിന്നാലാക്രമണങ്ങള്‍(സര്‍ജിക്കല്‍ സ്‌ട്രേക്ക്) യുപിഎയുടെ കാലത്തും നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. ശത്രുക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള മിന്നലാക്രമണങ്ങള്‍ സൈന്യത്തിന്റെ രീതിയാണ്, യുപിഎ ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍ സംഭവിച്ചിട്ടുണ്ട്, അത്‌കൊണ്ട് തന്നെ ഈ തീരുമാനത്തില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

അതേസമയം എന്തുകൊണ്ട് അന്ന് ഇത് പരസ്യമാക്കിയില്ലെന്നും മോദി എന്തിനാണ് ഇത് പരസ്യമാക്കുന്നതെന്നുമുള്ള ചോദ്യത്തിന് സൈന്യത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ആന്റണി വ്യക്തമാക്കിയത്. യുപിഎ ഭരണകാലത്തും മിന്നലാക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനക്ക് ബലം നല്‍കുന്നതാണ് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ വാക്കുകള്‍. 2006 മുതല്‍ 2014വരെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു കേരള മുന്‍ മുഖ്യമന്ത്രി കൂടിയായ എ.കെ ആന്റണി. മിന്നലാക്രമണത്തിന് ശേഷം ആദ്യമായാണ് ആന്റണിയുടെ പ്രസ്താവന.