X

വൈവിധ്യമാർന്ന കോഴ്സുകളുമായി കുസാറ്റ് വിളിക്കുന്നു

അക്കാദമിക രംഗത്ത് മികവാർന്ന സംഭാവനകളർപ്പിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിക്കൊണ്ടിരിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം. ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി വിദേശ സർവകലാശാലയുമായി പഠനഗവേഷണ മേഖലയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച കുസാറ്റ് പ്ലേസ്മെൻറ്റിന്റെ കാര്യതയിലും ഏറെ മികവ് പുലർത്തുന്ന ശ്രദ്ധേയ സ്ഥാപനമാണ്.

പ്ലസ് ടു യോഗ്യതയുള്ളവർക്കും 2024 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രവേശന നേടാവുന്ന കോഴ്‌സുകൾ

 

  • സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫോർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എഞ്ചിനീയിറിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ ബ്രാഞ്ചുകളിൽ നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്) പ്രോഗ്രാം

 

  • ഫോട്ടോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ സ്പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി) പ്രോഗ്രാം.

 

  • അഞ്ചു വർഷം ദൈർഘ്യമുള്ള ബിബിഎ- എൽഎൽബി(ഓണേഴ്‌സ്), ബികോം- എൽഎൽബി (ഓണേഴ്‌സ്) , ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ്-എൽ.എൽ.ബി (ഓണേഴ്‌സ്) എൽ.എൽ.ബി പ്രോഗ്രാമുകൾ

 

  • ബിസിനസ് പ്രോസസ്സ് ആൻഡ് ഡാറ്റ അനലറ്റിക്സിൽ ത്രിവത്സര ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വോക്) പ്രോഗ്രാം

ഡിപ്ലോമ, ഡിഗ്രി, പിജി, പി.എച്ച്ഡി  എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകൾ എന്നിവയുമുണ്ട്. തൃക്കാക്കര, പുളിങ്കുന്ന്,  ലൈക്ക് സൈഡ് എന്നീ 3 ക്യാമ്പസുകളിലായാണ് കുസാറ്റിലെ കോഴ്‌സുകളുള്ളത്

ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് ഫെബ്രുവരി 26 വരെയും എംടെക് പ്രവേശനത്തിന് മേയ് 31 വരെയും www.admissions.cusat.ac.in എന്ന വെബ്സൈറ് വഴി അപേക്ഷ സമർപ്പിക്കാം

ബി.ടെക് പ്രോഗ്രാമിനും   ഫോട്ടോണിക്സ്, കമ്പ്യൂട്ടർ  സയൻസ്,മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളുടെ   പ്രവേശനത്തിനും  മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചിരിക്കണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പ്ലസ്ടുവിന് പഠിച്ചവർക്കാണ്    ബയോളജിക്കൽ സയൻസിലെ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമിന്  പ്രവേശനം ലഭിക്കുക

മറൈൻ എൻജിനീയറിങ് ഒഴികെയുള്ള ബി.ടെക് പ്രോഗ്രാമുകൾ,  ഇന്റഗ്രേറ്റഡ് എം.എസ്സി, എൽഎൽ.ബി, ബി.വോക്    കോഴ്സുകൾ,  എന്നിവയുടെ പ്രവേശനം  കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT-2024) വഴിയാണ് നടക്കുക.  തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്സുകൾക്ക് അനുസരിച്ച് ടെസ്റ്റ് കോഡിൽ വ്യത്യാസം വരും. മറൈൻ എൻജിനീയറിങ് എന്ന റെസിഡെൻഷ്യൽ ബി.ടെക് കോഴ്സിന് പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET-2024) വഴിയാണ്. ഈ കോഴ്സിന് പ്രവേശനം ആഗഹിക്കുന്നവർ അപേക്ഷ ക്ഷണിക്കുന്ന മുറക്ക് CET-2024 ന് അപേക്ഷിക്കാനും റാങ്ക്ലിസ്റ്റ് കുസാറ്റ് വെബ്‌സൈറ്റിൽ യഥാസമയം  അപ്ലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

ബി.ബി.എ./ബി.കോം-എൽഎൽ.ബി(ഓണേഴ്സ്) കോഴ്‌സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് -എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് പ്രവേശനമാഗ്രഹിക്കുന്നവർ പ്ലസ്‌ടുവിന് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും പഠിച്ചിരിക്കണം. ബി.വോക്  (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്) പ്രവേശനത്തിന് മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

ഓരോ കോഴ്‌സിനും  യോഗ്യതാ പരീക്ഷയിൽ ലഭിക്കേണ്ട മാർക്ക് നിബന്ധന സംബന്ധിച്ച വിവരം പ്രോസ്പെക്ടസിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ മേയ് 10,11,12  തിയതികളിൽ  നടക്കും.

എം.ടെക്, എം.ബി.എ പ്രവേശനത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നില്ല. ഗേറ്റ്, ഐ.ഐ.എം നടത്തുന്ന ക്യാറ്റ്, മറ്റു പ്രവേശന പരീക്ഷകളായ സി-മാറ്റ്, കെ-മാറ്റ്, എന്നിവയിലെ  സ്കോറുകൾ പരിഗണിക്കും. പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിന് അതത് വകുപ്പുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

webdesk14: