X
    Categories: MoreViews

പുതുവൈപ്പ് പോലീസ് അക്രമം; പ്രധാനമന്ത്രിക്കുള്ള സുരക്ഷയൊരുക്കിയതാണെന്ന് ഡി.ജി.പി

കൊച്ചി: പുതുവൈപ്പ് സമരത്തില്‍ സമരക്കാര്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഡി.സി.പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി.ജി.പി സെന്‍കുമാര്‍. യതീഷ് ചന്ദ്ര ആരേയും ആക്രമിച്ചിട്ടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ന്യായീകരണം. സംഭവത്തില്‍ വിശദീകരണം നല്‍കാനായി യതീഷ് ചന്ദ്രയെ കൊച്ചിയിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഡി.ജി.പിയുടെ വിശദീകരണം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. അത് തടയാനെത്തിയതായിരുന്നു ഡി.സി.പി യതീഷ് ചന്ദ്ര. അത് പ്രധാനമന്ത്രിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. ഹൈക്കോടതി ജംഗ്ഷനില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നയിടത്താണ് സമരക്കാര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ വഴിയില്‍ തടസ്സമുണ്ടാക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. ഇത് തടയാനാണ് യതീഷ് ചന്ദ്ര ശ്രമിച്ചതെന്നും ഈ സാഹചര്യത്തിലാണ് സമരക്കാര്‍ക്കെതിരെ ബലംപ്രയോഗിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്ലാന്റിന് സുരക്ഷ നല്‍കേണ്ടത് പോലീസ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഞായറാഴ്ച്ചയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ യതീഷ് ചന്ദ്രയുണ്ടായിരുന്നില്ല. അദ്ദേഹം അവധിയിലായിരുന്നു. സമരക്കാരെ ആരേയും വീട്ടില്‍പോയി മര്‍ദ്ദിച്ചിട്ടില്ലെന്നും പറഞ്ഞ സെന്‍കുമാര്‍ അന്നുണ്ടായ പോലീസ് നടപടിയുടെ ശരിയും തെറ്റും പറയാനില്ലെന്നും വ്യക്തമാക്കി.

chandrika: