News

‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ വീടുമാറി നിക്ഷേപിച്ചു; സിസിടിവിയില്‍ കുടുങ്ങിയ യുവാവ് പൊലീസ് പിടിയില്‍

By webdesk17

January 22, 2026

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം പ്രവാസിയായ ഇസ്മയിലിന്റെ വീട്ടുമുറ്റത്ത് ‘കൂടോത്രം’ ചെയ്ത വസ്തുക്കള്‍ നിക്ഷേപിച്ച സംഭവത്തില്‍ ഈങ്ങാപ്പുഴ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിലിനെയാണ് പിടികൂടിയത്. ഇന്ന് വൈകിട്ട് വീടിന്റെ ഗേറ്റ് തുറന്ന് പരിസരം നിരീക്ഷിച്ച ശേഷം കൈയിലുണ്ടായിരുന്ന വസ്തു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് സുനില്‍ കടന്നുകളയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞതോടെ വീട്ടുകാര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ കൈമാറി. ചോദ്യം ചെയ്യലില്‍, ഈങ്ങാപ്പുഴയില്‍ നിന്നെത്തിയതാണെന്നും മറ്റൊരാളുടെ വീട്ടുമുറ്റത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കൂടോത്രം ചെയ്ത വസ്തു വീടുമാറി നിക്ഷേപിച്ചതാണെന്നും സുനില്‍ മൊഴി നല്‍കി. സംഭവം നടക്കുമ്പോള്‍ ഇസ്മയിലിന്റെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.