Connect with us

Sports

യൊഹാന്‍ ക്രൈഫും ഐ.എം വിജയനും തമ്മിലുള്ള ബന്ധം

Published

on

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്
********************
അമ്പതുകളുടെ അവസാനത്തിലാണ്.
ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.
ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന
******************
എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.
ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.

ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ എം വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ.
സമീകരിക്കുന്നില്ല.
ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ.
ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല.
ക്രൈഫ് പട്ടിണി കിടന്നിട്ടില്ല.
ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല.
ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല.
ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല.
പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല.
ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല

കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയേട്ടൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം.

250 ആഭ്യന്തര ഗോളുകൾ !
ഇന്നാട്ടിൽ അത് അത്ഭുതമാണ്.
338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ . 
സെവൻസ് ചേർത്തിട്ടല്ല.
ഔദ്യോഗികം മാത്രം.
ശരാശരി 0.739.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. 
ബൂട്ടിയയും ഛേത്രിയും.
ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.
ശരാശരി -0.384
ഛേത്രി ഇതുവരെ 124 ഗോളുകൾ
252 മത്സരങ്ങൾ
ശരാശരി – 0.49
ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.
അന്താരാഷ്ട്ര ഗോളുകളോ?
ഐ എം – 40 ഗോൾ 79 മത്സരം
ബൂട്ടിയ – 40 ഗോൾ 104 മത്സരം 
ഛേത്രി – 67 ഗോൾ 107 മത്സരം
വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.
ഇതൊക്കെ കണക്ക്.
ഇനി കളിയഴകിലേക്ക് വന്നാൽ,

ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്.
“എയര്‍ ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്‍. ജോബ്‌ മാസ്റ്റര്‍ ട്രോഫി സെവന്‍സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌.

ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല്‍ തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്‍വഭാഗ്യം.

നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന്‌ ദാസന്‍ പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്്ഡൊമന്‍ ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.

എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്‍. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.

എയര്‍ ക്ലബ്ബ്‌ കത്തി നില്‍ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ബാക്കിയായി. ദാസന്‍ പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ.

ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്‍ ചെക്കന്‍ ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന്‍ ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു.

എയര്‍ ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക്‌ പന്തു നല്‍കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.

ദാസന്‍ പറഞ്ഞു. ചെക്കന്‍മാര്‍ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്‍ക്ക്‌ തലക്കനമിത്തിരി കൂടുതലാ.

ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്‍ ചെക്കന്‌ അവര്‍ പ്രത്യേകം നല്‍കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന്‍ ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്‍ അവര്‍ക്കൊപ്പമായി.

പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്്ബോളാണ്‌ ഫുട്ബോള്‍. കറുമ്പന്‍ എലുമ്പന്‍ വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. ‘സെന്റര്‍ ഔട്ട’്‌ എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി.

വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച്‌ ദാസന്‍ ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്‍ പുലമ്പിക്കൊണ്ടിരുന്നു.”
നിസംശയം
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.

കടപ്പാട്:. WhatsApp Forward

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Cricket

ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

Published

on

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13  പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ.  കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

Continue Reading

Trending