News

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,520 രൂപ കുറഞ്ഞു

By vismaya

February 06, 2026

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയായി.

ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,720 രൂപയായി. സ്വര്‍ണാഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ജിഎസ്ടിയും പണിക്കൂലിയും ചേര്‍ത്ത് ആഭരണശാലകള്‍ ഈടാക്കുന്ന അന്തിമ വില പ്രത്യേകം ശ്രദ്ധിക്കണമെന്ന് വ്യാപാരികള്‍ അറിയിച്ചു.

ഇന്നത്തെ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 11,475 രൂപയാണ്. ഇതേ വിഭാഗത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,800 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപയായി തുടരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നും കുറഞ്ഞുമാണ് നിലകൊള്ളുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1.31 ലക്ഷം രൂപയായിരുന്നു വില. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു.

തുടര്‍ന്ന് ലാഭമെടുക്കുന്നതിനായി നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുകയായിരുന്നു. പിന്നീട് വില കുറഞ്ഞപ്പോള്‍ വീണ്ടും വാങ്ങലും വില്‍പ്പനയും നടന്നതോടെയാണ് വിലയില്‍ ആവര്‍ത്തിച്ച മാറ്റങ്ങള്‍ ഉണ്ടായത്. നിലവിലെ വിലക്കുറവ് സാധാരണക്കാര്‍ക്കും വിവാഹത്തിനായി സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍.