കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയില്‍ എത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 210 രൂപ കുറഞ്ഞ് വില 14,145 രൂപയായി. പവന് 1,680 രൂപയുടെ കുറവുണ്ടായി, ഇതോടെ പവന്റെ വില 1,13,160 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ രണ്ട് തവണ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, വ്യാപാരത്തിന്റെ അവസാന ഘട്ടത്തില്‍ വില കുറവോടെയാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച രാവിലെ രണ്ട് ഘട്ടങ്ങളിലായി ഗ്രാമിന് 685 രൂപ ഉയര്‍ന്ന് 14,415 രൂപയിലും പവന് 5,480 രൂപ വര്‍ധിച്ച് 1,15,320 രൂപയിലുമെത്തിയിരുന്നു.
പിന്നീട് വൈകിട്ട് ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയിലേക്കും പവന് 480 രൂപ കുറഞ്ഞ് 1,14,840 രൂപയിലേക്കുമാണ് വില താഴ്ന്നത്. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 100 ഡോളറിന്റെ കുറവാണ് ഉണ്ടായത്. റെക്കോര്‍ഡ് ഉയരമായ 4,887 ഡോളറില്‍ നിന്ന് സ്വര്‍ണവില 4,790 ഡോളറിലേക്കാണ് താഴ്ന്നത്. ഗ്രീന്‍ലാന്‍ഡിനെ ആക്രമിക്കില്ലെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായത്.
നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, യു.കെ, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനത്തില്‍ നിന്നാണ് യു.എസ് പിന്മാറിയത്. ഈ അന്താരാഷ്ട്ര രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ നേരിട്ടുള്ള സ്വാധീനം ചെലുത്തിയതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.