രാജാവിനെപ്പോലെയാണ് കേരള ജനത പി.ടി.തോമസിനെ യാത്രയാക്കിയതെന്ന് ഭാര്യ ഉമ തോമസ്. വെല്ലൂരില്‍ നിന്നും പി.ടിയുമായുള്ള ആംബുലന്‍സ് അതിര്‍ത്തിയായ കമ്പംമെട്ടിലെത്തിയ പുലര്‍ച്ചെ മൂന്നിന് കനത്ത മഞ്ഞിനെ വകവെക്കാതെ ജനങ്ങള്‍ കാത്ത് നില്‍ക്കുന്നതു കണ്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. എനിക്ക് അവരെ മറക്കാനാവുന്നില്ല, അവരോട് ഒരുപാട് നന്ദിയുണ്ട്. അവരുടെ കണ്ണില്‍ നിന്നല്ല നെഞ്ചില്‍ നിന്നാണ് കണ്ണീരൊഴുകിയതെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും ഉമ മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ മനസ്സില്‍ തറഞ്ഞ് നില്‍ക്കുന്നു. ജന്മനാട് പി.ടി യെ സ്‌നേഹിക്കുന്നുവെന്നതും അംഗീകരിക്കുന്നുവെന്നതും വലിയ കാര്യമാണ്. ഇത്ര അംഗീകാരം നല്‍കി ഒരു നേതാവിനെ യാത്രയാക്കിയത് അപൂര്‍വ സംഭവമാണ്.

ഞങ്ങള്‍ രണ്ട് മതസ്ഥരായതിനാല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടായിരുന്നു. ഉപ്പുതോട്ടിലെ പള്ളിയില്‍ അടക്കണമോ തനിക്കും മക്കള്‍ക്കും കാണാന്‍ കൊച്ചിയിലെ പള്ളിയില്‍ സംസ്‌ക്കരിയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചിന്തിച്ചിരുന്നു. നവംബര്‍ 22ന് കാണാനെത്തിയ സുഹൃത്ത് ഡിജോ കാപ്പനോട് പി.ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനാല്‍ എല്ലാം പി.ടിയുടെ ആഗ്രഹം പോലെ നടന്നു. പി.ടി ഒരു ദൈവവിശ്വാസിയായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പ്രാര്‍ഥിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രാര്‍ഥിച്ച കാര്യങ്ങളൊന്നും നടക്കാതിരിന്നിട്ടില്ല, പി.ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമെ കഴിഞ്ഞുള്ളു. മറ്റൊരിടത്തും പി.ടി തോറ്റിട്ടില്ല. അതെല്ലാം ഇവിടുത്തെ ജനങ്ങള്‍ മനസിലാക്കി-ഉമ വിതുമ്പി. നേതാക്കളോടും സാധാരണക്കാരോടും ഒരുപാട് നന്ദിയുണ്ട്. രാഹുല്‍ ഗാന്ധി, വി.ഡി സതീശന്‍, കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഡോ.എസ്. ലാല്‍, വേണു രാജാമണി അങ്ങനെ ഒത്തിരിപേര്‍. കെ.സി ജോസഫേട്ടനാണ് ആശുപത്രി കാര്യങ്ങളെല്ലാം കോര്‍ഡിനേറ്റ് ചെയ്തത്. എ.കെ ആന്റണി വിളിക്കാത്ത ദിവസമില്ല.

പി.ടിയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെ ആദ്യം വിളിച്ചത് ആന്റണിയാണ്. മുഖ്യമന്ത്രിക്കും, മന്ത്രിമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും എല്ലാ നേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും ഉമ അറിയിച്ചു. അതേ സമയം പി.ടി തോമസിന്റെ ചിതാഭസ്മം നാല് മണ്‍കുടങ്ങളിലായി മക്കളും സഹോദരനും സുഹൃത്തുക്കളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് രവിപുരം ശ്മശാനത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏറ്റുവാങ്ങി. നാല് മണ്‍കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതില്‍ ഒരുഭാഗം പി.ടിയുടെ ആഗ്രഹപ്രകാരം ഉപ്പുതോട് പള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. അതിനായി സഭയുടെ അനുമതി തേടും. സഭ അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് ഉമ പറഞ്ഞു. പെരിയാര്‍, ഗംഗ, തിരുനെല്ലി എന്നിവിടങ്ങളില്‍ കൂടി നിമജ്ജനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമ കൂട്ടിച്ചേര്‍ത്തു.