editorial

ഇന്ത്യയുടെ നിശബ്ദതയും ദേശീയ താല്‍പ്പര്യങ്ങളും

By Akhila

March 06, 2026

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, ഇന്ത്യ പുലര്‍ത്തുന്ന വിസ്മയിപ്പിക്കുന്ന മൗനം വലിയ ചോദ്യചിഹ്നങ്ങളാണ് ഉയര്‍ത്തുന്നത്. നയതന്ത്രരംഗത്തെ കരുത്തുറ്റ സാന്നിധ്യമെന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ‘സുരക്ഷാ ദാതാവ്’ എന്നും സ്വയം വിശേഷിപ്പിക്കുന്ന ഒരു രാജ്യം, സ്വന്തം വാതില്‍പ്പടിയില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. മിഡില്‍ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കുറ്റകരമായ മൗനമാണ് തുടരുന്നത്. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താല്‍പ്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറ വെക്കുകയാണ്.

പശ്ചിമേഷ്യയില്‍ നിന്നും യുദ്ധം നമ്മുടെ തൊട്ടടുത്തെത്തിയിട്ടും രാജ്യം തുടരുന്ന മൗനം ഭയപ്പെടുത്തുന്നതാണ്. ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂ 2026-ല്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇറാനിയന്‍ കപ്പലിന് നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ചുണ്ടായ ടോര്‍പ്പിഡോ ആക്രമണത്തെ രാജ്യത്തിന് ഒരിക്കലും നോക്കിനില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. ഈ ആക്രമണം ഇന്ത്യയുടെ സമുദ്രസുരക്ഷാ വാദങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. ഇന്ത്യയുടെ അതിഥിയായി എത്തിയ ഒരു കപ്പല്‍ നമ്മുടെ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് തകര്‍ക്കപ്പെട്ടിട്ടും ഒരു അനുശോചനമോ പ്രതിഷേധമോ രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നത് അമ്പരപ്പിക്കുന്നതാണ്. ‘മഹാസാഗര്‍’ പോലുള്ള ഉന്നത സിദ്ധാന്തങ്ങള്‍ പ്രസംഗിക്കുന്നവര്‍, സ്വന്തം അതിഥിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടല്‍ രാജ്യത്തിന്റെ അന്തസ് ഇല്ലാതാക്കലാണ്. ഏകദേശം 180 പേരാണ് ഇറാനിയന്‍ കപ്പലില്‍ ഉണ്ടായിരുന്നത്. 87 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 32 പേരെ രക്ഷപ്പെടുത്തിയതായും ശ്രീലങ്കന്‍ നാവികസേന പറയുന്നു.

ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇന്ത്യയുടെ ദേശീയ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. 38 വാണിജ്യ കപ്പലുകളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ പതാക വഹിക്കുന്ന ഈ കപ്പലുകളില്‍ 1100-ഓളം നാവികരുണ്ട്. ക്യാപ്റ്റന്‍ ആശിഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഫലപ്രദമായ ഒരു രക്ഷാപ്രവര്‍ത്തനവും കാണാനില്ല. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയില്‍ വാസുദേവ് കുടുംബകത്തിന്റെ കണിക പോലും ഇല്ല. രാജ്യത്തിന്റെ പ്രതിച്ഛായക്ക് ഏറ്റ കളങ്കമാണ് ഈ മൗനം. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഇന്നു വലിയൊരു ആശങ്കയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന വീഡിയോകള്‍ പുറത്തുവരുന്നത് സര്‍ക്കാരിന്റെ നിസ്സംഗതയുടെ സാക്ഷ്യപത്രമാണ്.

വര്‍ഷങ്ങളായി ഇന്ത്യ കെട്ടിപ്പടുത്ത ചേരിചേരാ നയവും തന്ത്രപരമായ സ്വയംഭരണവും ഇന്ന് വിട്ടുവീഴ്ച ചെയ്യപ്പെടുകയാണ്. മോദി സര്‍ക്കാരിന്റെ ഈ കീഴടങ്ങല്‍ രാഷ്ട്രീയപരവും അധാര്‍മ്മികവുമാണ്. ഇത് ഇന്ത്യയുടെ പ്രധാന ദേശീയ താല്‍പ്പര്യങ്ങളെ ഇല്ലാതാക്കുകയും നമ്മുടെ വിദേശനയത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്യും. ഒരുകാലത്ത് ആഗോളതലത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യ, ഇന്ന് പ്രധാനപ്പെട്ട ആഗോള പ്രതിസന്ധികളില്‍ കേവലം കാഴ്ചക്കാരനായി മാറുന്നത് ആശങ്കാജനകമാണ്.

കടലിലെ സുരക്ഷാ ദാതാവെന്ന് അവകാശപ്പെടുമ്പോഴും എന്തുകൊണ്ടാണ് ഇന്ത്യന്‍ നാവികരെ രക്ഷിക്കാന്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്തത്? പ്രശ്നബാധിത മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ ഗംഗ’യോ ‘ഓപ്പറേഷന്‍ കാവേരിയോ’ പോലുള്ള ദൗത്യങ്ങള്‍ ഇത്തവണ വൈകുന്നതെന്തുകൊണ്ട്? രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാരത്തെയും യുദ്ധം എങ്ങനെ ബാധിക്കുമെന്നതും ആശങ്കാജനകമാണ്. രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും മറ്റ് ഇന്ധനങ്ങളും മാത്രമേ സ്റ്റോക്കുള്ളൂ എന്നാണ് പറയുന്നത്. എണ്ണവില കുതിച്ചുയരുമ്പോള്‍, നമ്മുടെ ഊര്‍ജ്ജ അടിയന്തര പദ്ധതി എന്താണ് എന്നതിലും ഒരു നിശ്ചയവുമില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള ആവശ്യം അംഗീകരിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഗള്‍ഫ് രാജ്യങ്ങളുമായുള്ള മറ്റ് പ്രധാന ഉത്പന്നങ്ങളുടെ വ്യാപാരത്തിന്റെ കാര്യവും കഷ്ടത്തിലാണ്.

ദേശീയ താല്‍പ്പര്യങ്ങള്‍ എന്നാല്‍ കേവലം പ്രസംഗങ്ങളല്ല, മറിച്ച് പ്രതിസന്ധിഘട്ടത്തില്‍ പൗരന്മാരുടെയും രാജ്യത്തിന്റെ അന്തസ്സിന്റെയും കാവലാളാകുക എന്നതാണ്. മൗനം എപ്പോഴും ഒരു നയതന്ത്രമല്ല; ചിലപ്പോള്‍ അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും വിദേശനയത്തിലെ കരുത്ത് വീണ്ടെടുക്കുകയും വേണം.