Connect with us

News

ഇന്‍ഡോര്‍ മലിനജല ദുരന്തം രൂക്ഷം: മരണം പതിനേഴായി,കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്

പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Published

on

ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ ആകെ 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.

രോഗബാധിതരും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഇന്‍ഡോറിലെ 85 വാര്‍ഡുകളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. മെഴുകുതിരി മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങളാണ് പാര്‍ട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം, മലിനജലം കുടിച്ച് 17 പേര്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. മൂന്ന് ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. കോടതി നിര്‍ദേശപ്രകാരം നിലവിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ ജലദുരന്തം സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകള്‍ നടത്തി വരികയാണ്. എന്നാല്‍ മരിച്ചവരുടെയും ചികിത്സ തേടിയവരുടെയും കൃത്യമായ എണ്ണം പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

നൂറുകണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചതോടെയാണ് ഇന്‍ഡോര്‍ മലിനജല ദുരന്തത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും ചികിത്സാ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്‍ഡോറിലെ ഭഗീരഥപുരം വാര്‍ഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധ ഉണ്ടായത്. ദുരന്തം സംഭവിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതി വഷളായി. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബര്‍ 28ഓടെ വാര്‍ഡിലെ 90 ശതമാനം ആളുകള്‍ക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.

കുടിവെള്ള പൈപ്പ് ലൈനിന് മുകളിലായി, സുരക്ഷാ ടാങ്കില്ലാതെ നിര്‍മിച്ച ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളില്‍ രോഗകാരികളായ അണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധജലം ഉറപ്പാക്കണമെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വീണ്ടും സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് 440 രൂപ കൂടി

ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 12,725 രൂപയാണ് നിലവിലെ വില.

Published

on

അമേരിക്ക-വെനസ്വേല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് പവന് 440 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,01,800 രൂപയായി. ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 12,725 രൂപയാണ് നിലവിലെ വില.

ഇന്നലെ മാത്രം സ്വര്‍ണവില മൂന്ന് തവണ ഉയര്‍ന്നിരുന്നു. ആകെ 1,760 രൂപയാണ് ഒരുദിവസംകൊണ്ട് വര്‍ധിച്ചത്. ആഗോളതലത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2,240 രൂപ കുറഞ്ഞതോടെയാണ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെയെത്തിയത്. എന്നാല്‍ പിന്നീട് വില വീണ്ടും ഉയരുകയായിരുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിന് പിന്നാലെയുള്ള ദിവസങ്ങളിലും വില വര്‍ധന തുടര്‍ന്നു. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സ്വര്‍ണം സര്‍വകാല റെക്കോഡും സൃഷ്ടിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാല്‍ തന്നെ ആഗോള വിപണിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ നേരിട്ട് പ്രതിഫലിക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

News

ചങ്ങലയിലും പതറാതെ മഡുറോ കോടതിയില്‍

ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മാന്‍ഹട്ടനിലെ കോടതിയിലേക്ക് വരുമ്പോള്‍ ഇരുവരുടെയും മുഖത്ത് സാമ്രാജ്യത്വത്തിന് മുന്നില്‍ തല കുനിക്കില്ലെന്ന ഉറച്ച ഭാവം.

Published

on

ന്യൂയോര്‍ക്ക്: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവനെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി റാഞ്ചിക്കൊണ്ടുപോയ അമേരിക്കയുടെ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. കയ്യാമം വെച്ച് നുറുകണക്കിന് സായുധ പൊലിസുദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെയും ഭാര്യ സില ഫ്‌ലോറസിനെയും കോടതിയില്‍ കൊണ്ടുവന്നത്.

ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മാന്‍ഹട്ടനിലെ കോടതിയിലേക്ക് വരുമ്പോള്‍ ഇരുവരുടെയും മുഖത്ത് സാമ്രാജ്യത്വത്തിന് മുന്നില്‍ തല കുനിക്കില്ലെന്ന ഉറച്ച ഭാവം. ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ 92 വയസ്സുകാരനായ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റിന്റെ മുന്നിലാണ് ഇരുവരെയും ഹാജരാക്കിയത്.

തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് ബ്രൂക്ലിനിലെ ജയിലില്‍ നിന്ന് മഡുറോയെ മാറ്റിയത്. അവിടെനിന്ന് ഒരു കായിക മൈതാനത്തെത്തിച്ച ശേഷം ഹെലികോപ്റ്ററില്‍ ന്യൂയോര്‍ക്ക് ഹാര്‍ബറിന് മുകളിലൂടെ മന്‍ഹട്ടന്‍ ഹെലിപോര്‍ട്ടില്‍ ഇറക്കി. ഇടതുകാല്‍ മുടന്തി പതുക്കെ നടന്നാണ് മഡുറോ അ വിടെനിന്നും കവചിത വാഹനത്തിലേക്ക് കയറിയത്. ഇതിന് പിന്നാലെ വന്‍ പൊലീസ് അകമ്പടിയോടെ വാഹനവ്യൂഹം കോടതി സമുച്ചയത്തിലേക്ക് പ്രവേശിച്ചു. 2024ല്‍ ഡൊണാള്‍ഡ് ട്രംപ് ശിക്ഷിക്കപ്പെട്ട അതേ കോടതി സമുച്ചയത്തിന് സമീപമാണ് മഡുറോയെയും ഹാജരാക്കിയത് എന്നത് ശ്രദ്ധേയമാ യി. കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും വന്‍ നിര തന്നെ ഉണ്ടായിരുന്നു.

കയ്യാമം വെച്ച് മഡുറോയെ കോടതിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യം അമേരിക്ക പുറത്തുവിട്ടു. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ ഒരു സാധാരണ പ്രതിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും മഡുറോയ്ക്കും ലഭിക്കും. ലഹരിക്കടത്ത്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, നിയമ വിരുദ്ധ ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി അതീവ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. യു.എസിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്ന്‍ കടത്താന്‍ ഒത്താശ ചെയ്‌തെന്നാണ് പ്രധാന ആരോപണം. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അമേരിക്കന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ യു.എ സ് ഭരണകൂടം ഉന്നയിക്കുന്നത്.

താന്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ്‌റാണെന്നും ഈ വിചാരണ അനധികൃതമാണെന്നുമാണ് അഭിഭാഷകര്‍ മുഖേന മഡുറോ വാദിക്കുന്നത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ മഡുറോയ്ക്കായി ശക്തമായ നിയമപോരാട്ടം നടത്താന്‍ വെനസ്വേലയും റഷ്യയും ചേര്‍ന്ന് ഉന്നതതല അഭിഭാഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ വിദേശരാജ്യത്ത് വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും അന്താരാഷ്ട്ര നിയമമനുസരിച്ച് മഡുറോയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. മറ്റൊരു രാജ്യത്ത് കടന്നുകയറി പ്രസിഡന്റിനെ റാഞ്ചിക്കൊണ്ടു പോയത് തട്ടിക്കൊണ്ടുപോകലിന് തുല്യമാണെന്നും അതിനാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും അവര്‍ വാദിക്കുന്നു.

2020ലെയും ഇപ്പോള്‍ പുതുതായി ചുമത്തിയതുമായ ലഹരിക്കടത്ത് കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് തെളിവുകളില്ലെന്നും മഡുറോയുടെ സംഘം കോടതിയെ അറിയിച്ചു. അതേസമയം അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കത്തെ ചോദ്യം ചെയ്ത് യു.എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും അടിയന്തര പ്രമേയം അവതരിപ്പിച്ചു. യുഎസ് നടപടി അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്തത് ലോകക്രമത്തെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

More

ഇസ്രായേലിലെ ശാസ്ത്ര-ഗവേഷണ മേഖല തകർച്ചയിലേക്ക്? ഉപരോധങ്ങളും ഒറ്റപ്പെടലും വിനയാകുന്നുവെന്ന് ഹിബ്രു മാധ്യമങ്ങൾ

Published

on

തെൽ അവീവ്: ഇസ്രായേലിലെ ശാസ്ത്ര-ഗവേഷണ മേഖല അഭൂതപൂർവമായ തകർച്ചയുടെ വക്കിലെന്ന് ഹീബ്രു മാധ്യമങ്ങൾ. അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചുവരുന്ന ഉപരോധങ്ങൾ, ആഗോള ഗവേഷണ ശൃംഖലകളിൽ നിന്നുള്ള ഒറ്റപ്പെടൽ, വർഷങ്ങളായുള്ള ഭരണപരമായ പാളിച്ചകൾ എന്നിവയാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തുടർച്ചയായ യുദ്ധങ്ങളും സംഘർഷങ്ങളും തകർച്ചയുടെ ആക്കം കൂട്ടിയതായി പ്രമുഖ ഇസ്രായേലി പത്രമായ ‘യെദിയോത്ത് അഹ്രോണോത്ത്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇസ്രായേൽ അക്കാദമി ഓഫ് സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസ് മേധാവി ഡേവിഡ് ഹാരെലിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗസ്സയിലെ സൈനിക നടപടികളും വംശഹത്യാ ആരോപണങ്ങളും മുൻനിർത്തി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇസ്രായേലി ഗവേഷകരുമായി സഹകരിക്കാൻ വിസമ്മതിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
“മൂന്ന് രീതിയിലുള്ള ഉപരോധങ്ങളാണ് ഞങ്ങൾ നേരിടുന്നത്” – ഹാരെൽ പറഞ്ഞു. ശാസ്ത്രജ്ഞർക്ക് നേരെയുള്ള വ്യക്തിപരമായ വിലക്കുകളാണ് ഇതിൽ പ്രധാനം. പ്രമുഖ സർവ്വകലാശാലകളിൽ നിന്നുള്ള ക്ഷണങ്ങൾ റദ്ദാക്കപ്പെടുന്നതും വിദേശ ഗവേഷകർ ഇസ്രായേലി ശാസ്ത്രജ്ഞർക്കൊപ്പം പ്രബന്ധങ്ങൾ തയ്യാറാക്കാൻ വിസമ്മതിക്കുന്നതും പതിവായിരിക്കുകയാണ്. നോബൽ സമ്മാന ജേതാവായ പ്രൊഫസർ അഹരോൺ ചിചനോവർക്ക് പോലും ഇത്തരത്തിൽ വിലക്ക് നേരിടേണ്ടി വന്നത് മേഖലയെ ഞെട്ടിച്ചിട്ടുണ്ട്.
ബെൽജിയം, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ മിക്ക സർവ്വകലാശാലകളും ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു. ആന്റ്‌വെർപ്, ഗ്രാനഡ, ഘെന്റ് തുടങ്ങിയ പ്രമുഖ സർവ്വകലാശാലകളുമായുള്ള തന്ത്രപ്രധാന സഹകരണങ്ങൾ റദ്ദാക്കപ്പെട്ടത് ഇസ്രായേലിന്റെ അക്കാദമിക് അടിത്തറയെ ബാധിക്കും.
യൂണിവേഴ്സിറ്റി മേധാവികളുടെ സമിതി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ ശാസ്ത്രജ്ഞർക്ക് നേരെ 200 ഉപരോധ റിപ്പോർട്ടുകളാണ് ലഭിച്ചത്. എന്നാൽ 2025 ആയപ്പോഴേക്കും ഈ എണ്ണം ആയിരത്തിനടുത്തെത്തി.
കഴിഞ്ഞ ജൂണിൽ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് സെന്ററിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഏകദേശം 2 ബില്യൺ ഡോളറിന്റെ (ഏകദേശം 17,000 കോടി രൂപ) ഭൗതിക നഷ്ടമുണ്ടാക്കി. എന്നാൽ കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും ഉണ്ടായ നാശനഷ്ടത്തേക്കാൾ ഭീകരമാണ് ഇസ്രായേൽ ശാസ്ത്രലോകം നേരിടുന്ന ബൗദ്ധികമായ ഒറ്റപ്പെടലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പരസ്യമായ ഉപരോധങ്ങൾക്ക് പുറമെ, പ്രമുഖ പുരസ്കാര സമിതികളും ഗവേഷണ ഫണ്ടിംഗ് ഏജൻസികളും ഇസ്രായേലിനെ നിശബ്ദമായി ഒഴിവാക്കുന്നതായും റിപ്പോർട്ട് പറയുന്നു. നോബൽ സമ്മാനം, ട്യൂറിംഗ് അവാർഡ് തുടങ്ങിയവയുടെ അന്തിമ പട്ടികയിൽ ഇസ്രായേലി ഗവേഷകർ ഉണ്ടെങ്കിൽ പോലും അവർ തഴയപ്പെടാൻ സാധ്യതയുണ്ടെന്ന് ഹാരെൽ ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ വമ്പിച്ച ഗവേഷണ പദ്ധതിയായ ‘ഹൊറൈസൺ യൂറോപ്പിൽ’ നിന്ന് ഇസ്രായേലിനെ പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇത് സംഭവിച്ചാൽ ഇസ്രായേലിന്റെ ശാസ്ത്ര മുന്നേറ്റത്തിന് ലഭിക്കുന്ന ആത്യന്തികമായ പ്രഹരമായിരിക്കും അത്.
ഗസ്സയിലെ യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും തുടരുന്ന സാഹചര്യത്തിൽ, ഇസ്രായേലിന്റെ ഹൈടെക് വ്യവസായത്തെയും നവീകരണത്തെയും ഈ തകർച്ച സാരമായി ബാധിച്ചേക്കും.
Continue Reading

Trending