Connect with us

Features

ഐഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. ബ്രാന്‍ഡ് നെയിം, ഫോണ്‍ ഹാങ് ആവാതിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് ഉപയോക്താക്കളെ ഐ ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നഘടകം

Published

on

ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. ബ്രാന്‍ഡ് നെയിം, ഫോണ്‍ ഹാങ് ആവാതിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് ഉപയോക്താക്കളെ ഐ ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നഘടകം. ഓരോ പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോഴും മറ്റുള്ള കമ്പനികള്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ഫീച്ചര്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രദ്ധിക്കാറുമുണ്ട്. ഒരു പുതിയ ഐ ഫോണ്‍ വാങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.

ആപ്പിള്‍ ഐഡി ക്രിയേറ്റ് ചെയ്യുക: ഐട്യൂണ്‍സ്, ആപ്പ് സ്റ്റോര്‍ എന്നിവയുടെ പ്രയോജനം ഉപയോഗപ്പെടുത്തണമെങ്കില്‍ ആപ്പിള്‍ ഐഡി അത്യാവശ്യമാണ്. സംഗീതം, സിനിമ, ആപ്പുകള്‍ എന്നിവയിലേക്ക് ഉപയോക്താവിന് സുഗമമായി എത്താനുള്ള കീ കൂടിയാണ് ആപ്പിള്‍ ഐഡി.

ആക്ടിവേറ്റ് ഐഫോണ്‍: ഫോണിന്റെ സാധ്യതകളിലേക്ക് എത്താനായി ചെയ്യേണ്ട കാര്യമാണ് ഐഫോണ്‍ ആക്ടിവേറ്റ് ചെയ്യുക എന്നത്. നിമിഷങ്ങള്‍ കൊണ്ട് സാധ്യമാകുന്ന ഒരു പ്രവൃത്തിയാണത്.

ഐഫോണ്‍ സിങ്ക് ചെയ്യുക: നിങ്ങളുടെ ഫോണിലേക്ക് ആവശ്യമായ വിവിരങ്ങള്‍ മ്യൂസിക്, വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഐഫോണിലേക്ക് ലോഡ് ചെയ്യുക. എന്ത് ഉപകരണവുമായി ആണ് സിങ്ക് ചെയ്യുന്നത് എന്നത് പിന്നീട് സെറ്റിംഗ്സില്‍ മാറ്റം വരുത്താന്‍ സാധിക്കും.

ഐ ട്യൂണ്‍സ് ഇന്‍സ്റ്റാള്‍ ചെയ്യുക: പ്രിയപ്പെട്ട് പാട്ടുകള്‍, ചിത്രങ്ങള്, വീഡിയോകള്‍ എന്നിങ്ങളെ ഇഷ്ടപ്രകാരം ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും ഉപയോഗ്താവിനെ സഹായിക്കുന്ന ഫീച്ചറാണ് ഐ ട്യൂണ്‍സ്. പഴയ ആപ്പിള്‍ മാകിലും പിസികളിലും മാത്രമാണ് നിലവില്‍ ഇത് ചെയ്യേണ്ടി വരാറുള്ളത്.

ഐഫോണിലെ ബില്‍റ്റ് ഇന്‍ ആപ്പുകള്‍ പഠിക്കുക: ബില്‍റ്റ് ഇന്‍ ആയിട്ടുള്ള വളരെയധികം ആപ്പുകളാണ് ഐഫോണ്‍ നല്‍കുന്നത്. ഉപഭോക്താവിന് അധികമായി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യണ്ട അവസ്ഥയുണ്ടാവാത്ത രീതിയിലാണ് ബില്‍റ്റ് ഇന്‍ ആപ്പുകള്‍.

ആപ്പിള്‍ പേ സെറ്റപ്പ് ചെയ്യുക: ഐഫോണ്‍ 6 സീരീസിന് മുകളിലാണ് ഈ ഫീച്ചറുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകളേക്കാള്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതാണ് ആപ്പിള്‍ പേ സംവിധാനം.

ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുക: ഫോണിലെ ഡാറ്റകള്‍ സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള ഫീച്ചറാണ് ഐ ക്ലൌഡ്. നിങ്ങളുടെ ഫോണിലെ ഡാറ്റയുടെ ബാക്കപ്പ് ചെയ്യാനും ഐ ക്ലൌഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ സാധിക്കും.

 

Features

മറ്റു മനുഷ്യരെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം: വിജയ് സേതുപതി

ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

Published

on

ചെന്നൈയില്‍ സിനിമ കാണാന്‍ എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തീയറ്ററില്‍ കയറാന്‍ സമ്മതിക്കാത്ത നടപടിയെ അപലപിച്ച് തമിഴ്‍ നടന്‍ വിജയ് സേതുപതി രംഗത്തെത്തി. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം. അദ്ദേഹം പറഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി

ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തീയറ്ററിലാണ് ആദിവാസി കുടുംബത്തിനെ തീയറ്ററില്‍ കയറ്റാതിരുന്നത്.ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.

Continue Reading

columns

ഇതിഹാസമായ വൈക്കം സത്യഗ്രഹം

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

Published

on

സുകുമാരന്‍ മൂലേക്കാട്ട്

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പുതിയ കാലഘട്ടത്തിലെ ചരിത്രകാരന്മാര്‍ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നു സത്യാഗ്രഹമെന്ന് എഴുതുകയും പറയുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന് പൊതുവഴിയിലൂടെ നടക്കുവാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു സമരം ആരംഭിച്ചത്. 1923ല്‍ കാക്കിനാഡ കോണ്‍ഗ്രസില്‍ പങ്കെടുത്തു കൊണ്ട് മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി സഹോദരന്മാരുടെയും അനുഗ്രഹ ആശംസകളോടെ അയിത്തോച്ചാടനം വിഷയമാക്കി ടി.കെ. മാധവന്‍ ഒരു പ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടി. അതിനു മുമ്പ് തിരുനെല്‍വേലിയില്‍ വെച്ച് ഗാന്ധിജിയെ കണ്ട് തിരുവിതാംകൂറിലെ അയിത്ത ജാതിക്കാര്‍ അനുഭവിക്കുന്ന അവശതയും കഷ്ടപ്പാടുകളും ടി.കെ. മാധവന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തീണ്ടല്‍ തൊടീല്‍ അവസാനിപ്പിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനും ക്ഷേത്ര പ്രവേശനം പതിത വര്‍ഗത്തിനും കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മജി സ്വന്തം കൈപ്പടയില്‍ ഒരു പ്രസ്താവന എഴുതി ടി.കെ.മാധവനെ ഏല്‍പ്പിച്ച് പത്രങ്ങള്‍ക്ക് നല്‍കുവാന്‍ ആവശ്യപ്പെട്ടു. ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങള്‍ ആ പ്രസ്താവന വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ചു.

കാക്കിനാഡ സമ്മേളനത്തിനു ശേഷം അയിത്തോച്ചാടന കമ്മറ്റി എന്ന പേരില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഒരു പ്രചരണകമ്മറ്റിയെ നിയോഗിച്ചു. കെ.പി. കേശവ മേനോന്‍, ടി.കെ. മാധവന്‍, കരൂറ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കണ്ണന്‍ തോടത്ത് വേലായുധ മേനോന്‍, കെ. കേളപ്പന്‍ എന്നിവരടങ്ങിയതായിരുന്നു ആ കമ്മറ്റി. ഈ കമ്മറ്റി തിരുവിതാംകൂറില്‍ പലയിടങ്ങളിലും സഞ്ചരിച്ച് 1924 ഫെബ്രുവരി 28 ാം തീയതി വൈക്കത്തെത്തി. വൈക്കത്തമ്പലത്തിന്റെ നാലു ദിശയിലുളള റോഡുകളില്‍ ഇനി അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കാണുകയുണ്ടായി. അന്നു വൈകുന്നേരം വൈക്കം കായല്‍ കരയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് നാളെ അയിത്ത ജാതിക്കാരെക്കൂട്ടി നിരോധന പലക മറികടക്കുമെന്ന് കെ.പി. കേശവ മേനോന്‍ പ്രഖ്യാപിച്ചു. ഇത് ഭരണ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കി. പലരും സന്ധി സംഭാഷണങ്ങളുമായി പ്രചാരണ ഡെപ്യൂട്ടേഷനെ സമീപിച്ചു. സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിരോധനം മറികടക്കല്‍ ഒരു മാസത്തേക്ക് നീട്ടി വച്ചു. അതിന് ഫലപ്രാപ്തി ഉണ്ടായില്ല.

1924 മാര്‍ച്ച് 30ന് ഐതിഹാസികമായ വൈക്കം സത്യഗ്രഹം സമാരംഭിച്ചു. ഈ ഒരു മാസത്തിനിടയില്‍ മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളോട് സമരം ആരംഭിക്കുന്നതിനും അതിനുവേണ്ട നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. സമര ആരംഭ ദിവസം വെളുക്കുന്നതിനു മുമ്പ് തന്നെ വൈക്കം പട്ടണം പുരുഷാരവത്താല്‍ നിബിഡമായിരുന്നു. മൂന്നു സത്യഗ്രഹ സേനാനികള്‍ കുളിച്ച് കുറിയിട്ട് നിരോധന പലക മറികടക്കാന്‍ സന്നദ്ധരായി വലിയ ജനാവലിയുടെ അകമ്പടിയോടെ സമരമുഖത്തെത്തി. സവര്‍ണനായ ഗോവിന്ദപണിക്കരും ഈഴവനായ ബാഹുലേയനും ദലിതനായ ചാത്തന്‍ കുഞ്ഞപ്പിയും ആയിരുന്നു ആ ധീര സമരഭടന്മാര്‍. ഓരോരുത്തരോടും ജാതി ചോദിച്ചു. സവര്‍ണനായ ഗോവിന്ദ പണിക്കര്‍ക്ക് കടന്നു പോകാം എന്ന് അനുമതി ലഭിച്ചു. തന്റെ സഹജാതരേയും കൊണ്ടല്ലാതെ എനിക്കു മാത്രമായി കടന്നു പോകേണ്ടതില്ലെന്ന് ഗോവിന്ദ പണിക്കര്‍ പ്രസ്താവിച്ചു. മൂവരേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അവരെ ശിക്ഷിച്ച് ജയിലിലേക്കയച്ചു. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ടി.കെ മാധവനും, കെ.പി. കേശവമേനോനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ശ്രീമൂലം തിരുന്നാള്‍ തീപ്പെട്ടത് മൂലം ജയിലില്‍ കിടന്ന ഇവരെയെല്ലാം തുറന്നു വിട്ടു. പിന്നെ അറസ്റ്റ് ചെയ്യല്‍ നിര്‍ത്തി.

കൊല്ല വര്‍ഷം 1099ലെ വെളളപ്പൊക്കം ഒരു സുനാമി പോലെ ജനത്തിനനുഭപ്പെട്ട കാലം. വൈക്കത്തപ്പന്റെ തിരുനടയില്‍ കഴുത്തറ്റം വെളളം പൊങ്ങിയിരുന്നു. കഴുത്തറ്റം വെളളത്തില്‍ നിന്നുകൊണ്ട് ത്യാഗികളായ സമരസേനാനികള്‍ സമരം ചെയ്തു. സവര്‍ണരില്‍പ്പെട്ട ധാരാളം ആളുകള്‍ സമരത്തിന് അനുകൂലമായി വന്നുചേര്‍ന്നു കൊണ്ടിരുന്നു. ഈ സമയം സത്യഗ്രഹ ക്യാമ്പും, ഓഫീസും ശ്രീനാരായണ ഗുരുദേവന്‍ സ്വന്തം പേരില്‍ വാങ്ങിയ വെല്ലൂര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു. എല്ലാ ദിവസവും അവിടെ നിന്നും ജാഥയായിട്ടാണ് സത്യഗ്രഹികള്‍ എത്തിയിരുന്നത്. വെളളപ്പൊക്കകാലത്ത് സമര സേനാനികളോട് ദാരുണമായാണ് വിരോധികള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ അതിദാരുണമായ ഒരു സംഭവം മൂവാറ്റുപുഴയില്‍ നിന്നും വന്ന ധര്‍മ്മ ഭടനായ രാമന്‍ ഇളയതിന്റെ കണ്ണില്‍ സവര്‍ണ്ണാനുകൂലികള്‍ ചുണ്ണാമ്പെഴുതിയതാണ്. രാമന്‍ ഇളയതിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അതിക്രൂരമായ മര്‍ദ്ദനമാണ് സമരവിരോധികള്‍ അഴിച്ചുവിട്ടത്. മര്‍ദ്ദനമേറ്റിട്ടും അഹിംസയെ മുറുകെ പിടിച്ച് ധര്‍മ്മസമരം മുന്നോട്ട് കൊണ്ടുപോകുവാന്‍ ദൈനംദിനം ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

സമരത്തിന് ജനമനസുകളുടെ കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും ഒരു സവര്‍ണ ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നാടെങ്ങും ആഹ്ലാദത്തോടെ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. നാഗര്‍കോവിലില്‍ നിന്നും എം.ഇ. നായിഡുവിന്റെ നേതൃത്വത്തില്‍ തിരുവനന്തുപരത്ത് എത്തിച്ചേര്‍ന്നു. ഇതിന്റെ നേതാക്കള്‍ മഹാറാണിക്ക് നിവേദനം നല്‍കി. ശ്രീനാരായണ ഗുരുദേവന്‍ സത്യാഗ്രഹ ആശ്രമം സന്ദര്‍ശിക്കുകയും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി സമര ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു.

1925 മാര്‍ച്ച് മാസത്തില്‍ മഹാത്മാ ഗാന്ധി വൈക്കത്തെത്തി ആശ്രമത്തില്‍ സന്നദ്ധ ഭടന്മാരോടൊപ്പം താമസിക്കുകയും ചെയ്തു. വൈക്കത്ത് ഇണ്ടന്‍തുരുത്തി മനയിലെത്തി സവര്‍ണ നേതാക്കളുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടാ യില്ല. രണ്ടു ദിവസത്തിനു ശേഷം മഹാത്മജി ആലപ്പുഴ-കൊല്ലം വഴി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെയും തിരുവനന്തപുരത്തെത്തി മഹാറാണിയേയും പൊലീസ് കമ്മീഷണര്‍ പിറ്റിനേയും കണ്ട് സമരം തീര്‍ക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി. പിറ്റുമായി ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തു. സമരം പിന്നെയും തുടര്‍ന്നു. 1925 നവംബര്‍ 23ാം തീയതി പ്രത്യക്ഷസമര പരിപാടികള്‍ അവസാനിപ്പിച്ചു. നവംബര്‍ 30ന് സമരവിജയ സമ്മേളനം നടത്തി ഇരുപത് മാസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരം അവസാനിപ്പിച്ചു.
സമര രംഗത്ത് അതുല്യമായ സംഭാവനകള്‍ കൊണ്ട് ശ്രദ്ധേയരായ ഒട്ടനവധി ആളുകളുണ്ട്. നേതൃത്വപരമായ സംഭാവന ചെയ്ത ആമചാടി തേവന്റെയും, ഇ.വി. രാമസ്വാമി നായിക്കരുടേയും ചിറ്റേടത്ത് ശങ്കുപിളള തുടങ്ങി എത്രയോ ത്യാഗികളുടെ കൂടി പങ്കാളിത്തം കൊണ്ടാണ് സമരം വിജയപ്രാപ്തിയില്‍ എത്തിയത്. പഞ്ചാബില്‍ നിന്നു വന്ന അകാലിദളിന്റെ സംഭാവന കുറച്ചു കാണേണ്ടതല്ല. സമരം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രജാ സഭയില്‍ എന്‍. കുമാരന്‍ അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യ പ്രമേയത്തിന് അനുകൂലമായി സവര്‍ണരുള്‍പ്പെടെയുളള മനുഷ്യ പക്ഷത്ത് നിന്നവരേയും ഓര്‍ക്കേണ്ടതുണ്ട്. പ്രമേയം വോട്ടിലിട്ടു. ഒരു വോട്ടിന് തളളപ്പെട്ടു. ആ ഒരു വോട്ട് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകരില്‍ ഒരാളായ ഡോ. പല്‍പ്പുവിന്റെ സഹോദരന്‍ പരമേശ്വരന്റേതായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.
1936ല്‍ ക്ഷേത്ര പ്രവേശന വിളമ്പരത്തോടെ എല്ലാ വഴികളിലും അയിത്ത ജനതയ്ക്ക് സഞ്ചാരത്തിനായി തുറന്നു കിട്ടി. അതിനു ശേഷം അതുവരെയുണ്ടായിരുന്ന വിപ്ലവകരമായ ചിന്ത അന്യാധീനപ്പെട്ടു പോയോ എന്ന് സന്ദേഹിക്കുന്നു. പുതിയ കാലഘട്ടത്തില്‍ അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യം മുഴക്കി പതിത ജനസമൂഹത്തിന് ആവേശമുണര്‍ത്തിയവര്‍ നായാടി മുതല്‍ നമ്പൂതിരി വരെയുളളവരെ സംഘടിപ്പിക്കുവാന്‍ മുന്നോട്ടു വന്നത് കാലത്തിന്റെ തിരിച്ചുപോക്കായി വിലയിരുത്തുന്നു.

(ലേഖകന്‍ വൈക്കം സത്യഗ്രഹം ഒരു ഇതിഹാസ സമരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ്.)

 

 

Continue Reading

columns

വൈക്കത്ത് നിന്നുയര്‍ന്നത് സാമൂഹ്യമാറ്റത്തിന്റെ ജ്വാല

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം 

മധ്യതിരുവിതാംകൂറില്‍ വേമ്പനാട്ടുകായലിന്റെ കിഴക്കേക്കരയില്‍ നിന്ന് ജാതിവാദത്തിനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റ്, അത് ആളിപ്പടര്‍ന്ന് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന ജ്വാലയായി മാറി. വൈക്കം സത്യഗ്രഹം. ചരിത്രത്തില്‍ സമാനതകളിലാത്ത ആ പോരാട്ടത്തിന് ഇന്ന് നൂറുവയസ്. ചരിത്രപുസ്തകങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്ന വൈക്കം സത്യഗ്രഹം ഒരു കാലഘട്ടത്തിലെ തിന്മകളെ പൊളിച്ചെഴുതുകയായിരുന്നു.

1924 മാര്‍ച്ച് 30 തുടങ്ങി 603 ദിവസം നീണ്ടുനിന്ന അയിത്തത്തിനെതിരായ സത്യഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് സത്യഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു സത്യഗ്രഹത്തിന്റെ ലക്ഷ്യം.

യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. സത്യഗ്രഹത്തിന് ശ്രീനാരായണഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസഹകരണ പ്രസ്ഥാനം നിര്‍ത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവര്‍ത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തില്‍ അയിത്തോച്ചാടന വിഷയത്തില്‍ ദേശവ്യാപകമായ നടപടികള്‍ വേണമെന്ന ഒരു പ്രമേയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാസാക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് അന്നത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തത്.

കോണ്‍ഗ്രസ് നേതാവ് ടി.കെ മാധവനായിരുന്നു സമരനായകന്‍. അദ്ദേഹത്തിനൊപ്പം കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, ബാരിസ്റ്റര്‍ എ.കെ പിള്ള തുടങ്ങിയവരും മുന്‍നിരയില്‍ നിന്നു. സവര്‍ണ ക്ഷേത്രങ്ങളിലേക്കുള്ള വഴിയിലൂടെ അവര്‍ണര്‍ക്ക് യാത്ര നിഷേധിക്കുകയും അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും കൊടികുത്തി വാഴുകയും ചെയ്ത കാലത്ത് ഒരു സാമൂഹ്യപരിവര്‍ത്തനത്തിന്റെ വിത്താണ് അന്ന് വൈക്കത്ത് പാകിയത്.

നമ്പൂതിരി, ക്ഷത്രിയര്‍, നായര്‍, നസ്രാണികള്‍, ഈഴവര്‍, എഴുത്തച്ഛന്‍, വിശ്വകര്‍മജര്‍, നാടാര്‍, അരയര്‍, പുലയര്‍, പാണര്‍ തുടങ്ങിയവര്‍ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വെച്ചുപുലര്‍ത്തിയിരുന്നു. തീണ്ടല്‍ എന്നാല്‍ ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയാകുന്ന കീഴ്ജാതിക്കാരെ മര്‍ദ്ദിക്കാനും ശിക്ഷിക്കാനും മേല്‍ജാതിക്കാര്‍ക്ക് അവകാശമുണ്ടായിരുന്നു. ചില വഴികളില്‍ ഈഴവര്‍ക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇത്തരം വഴികളില്‍ ഈഴവര്‍ക്കും സവര്‍ണരായവര്‍ പോകുമ്പോള്‍ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരെയും വിലക്കിയിരുന്നു. ഇതിനെതിരായി ഈഴവ സമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവര്‍ക്കിടയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവര്‍ക്കൊരു സംഘടിതസമര ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനമുണ്ടാകുന്നത്. നാരായണഗുരു ധാര്‍മിക പിന്തുണ നല്‍കി. കുമാരനാശാനാകട്ടെ ക്ഷേത്ര വീഥികളില്‍ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നല്‍കി. എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു ടി.കെ മാധവന്റെ പോരാട്ടം.
ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളിലുള്ള വഴികളില്‍ മാത്രം പ്രവേശനം നേടാന്‍ കഴിഞ്ഞതുകൊണ്ട്, അവര്‍ണജനതക്ക് സത്യാഗ്രഹത്തില്‍ നിന്നു സിദ്ധിച്ച വിജയം ഭാഗികം ആയിരുന്നു എന്നൊരു പക്ഷമുണ്ട്. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വഴി അവര്‍ക്ക് തുറന്നു കിട്ടിയില്ല. ക്ഷേത്രത്തില്‍ കടന്ന് ആരാധന നടത്താനുള്ള അവകാശമാകട്ടെ അവര്‍ക്ക് പൂര്‍ണമായും നിരോധിതമായി തുടരുകയും ചെയ്തു. ആ അവകാശം സ്ഥാപിച്ചു കിട്ടാന്‍ അവര്‍ണര്‍ക്ക് പിന്നെയും ഒരു ദശകം കൂടി കാത്തിരിക്കേണ്ടിവന്നു- 1936ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം വരെ. നേരത്തേ ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ വഴികളിലും പ്രവേശനത്തിന് അവകാശമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമാകട്ടെ, സത്യഗ്രഹത്തെ തുടര്‍ന്ന് കിഴക്കുഭാഗത്തെ വഴിയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്തു.

 

Continue Reading

Trending