ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട ഘട്ടത്തില്‍ നാളെ കഴുത്തറത്ത് പ്രതിഷേധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കഴുത്തറുത്ത് സമരം നടത്തുമെന്നുള്ള ഭീഷണി സമരത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നുറപ്പ്.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ഡല്‍ഹിയിലെത്തിയ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വെറും തറയില്‍ വിളമ്പിയ ചോറുകഴിച്ച് ഇന്ന് പ്രതിഷേധിച്ചിരുന്നു. കാര്‍ഷികക്കടങ്ങള്‍ എഴുതിത്തള്ളുക, പ്രത്യേക കര്‍ഷക പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആരംഭിച്ച സമരം മൂന്നാഴ്്ച പിന്നിട്ടിരിക്കുന്നു.

ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് സമരക്കാര്‍ നഗ്നരായി പ്രകടനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സമരനേതാക്കളുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയത്. കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളിലുറച്ച് നിന്നതോടെ ചര്‍ച്ച വിജയകരമായില്ല.

പാര്‍ലമെന്റ് സമ്മേളനം നാളെ അവസാനിക്കാനിരിക്കെയാണ് സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന ഭീഷണിയുമായി സമരക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.