Connect with us

kerala

പേടി വേണ്ട, പ്രതിരോധമാണ് പ്രധാനം ; നിപ്പ വൈറസിനെ അറിയാം

നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

Published

on

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വൈറസ് പടരാതിരിക്കാൻ പ്രതിരോധമാണ് പ്രധാനം. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
· നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
· രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
· നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
· അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
· അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം

നിപ വൈറസ്

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന രോഗികളില്‍ അതില്‍ത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരില്‍ ആന്റിവൈറല്‍ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉപവിഭാഗത്തില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പര്‍ക്കത്തില്‍ വന്നവരോ വന്നിരിക്കാന്‍ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

പൊതുജനങ്ങള്‍ ഈ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പൊതുവില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
· വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
· വവ്വാല്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

kerala

ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ടുപേര്‍ മരിച്ചു.കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബൈക്ക് യാത്രക്കാറാണ് മരിച്ചത്.

ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിനിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിയാണ്.നിര്‍ത്തിയിട്ട ബസ്സിലിടിച്ച് ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമാക്കിയത്.

 

Continue Reading

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

Trending