News

കുവൈത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു, നാല് പേര്‍ ആശുപത്രിയില്‍

By webdesk17

December 27, 2025

കുവൈത്ത് സിറ്റി:കുവൈത്തിലെ ഫര്‍വാനിയ പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്.

തീപിടിത്ത വിവരം ലഭിച്ച ഉടന്‍ ഫര്‍വാനിയയിലെയും സുബ്ഹാനിലെയും അഗ്നിശമന നിലയങ്ങളില്‍ നിന്നുള്ള സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലം തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു.

അപകടത്തില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.