ഭോപ്പാല്‍: ഭര്‍ത്താവ് മരിച്ച് രണ്ടാം ദിവസം ഷോപ്പിങ് മാളില്‍ നിന്നും ചാടി യുവതിയുടെ ആത്മഹത്യാശ്രമം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഫരീദാബാദ് സ്വദേശിനിയും എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായ യുവതി ഇന്‍ഡോറിലെ സി21 മാളില്‍നിന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിതാവിനൊപ്പം മാളിലെത്തിയ യുവതി മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അതേസമയം, യുവാവിന്റെ മരണവും യുവതിയുടെ ആത്മഹത്യ ശ്രമവും മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കംകൊടുത്തിരിക്കയാണ്. രണ്ട് ദിവസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് ശുഭം ഖണ്ഡേല്‍വാല്‍ മരിച്ചത് സര്‍ക്കാറില്‍ ഓഫീസില്‍ നിന്നും നേരിട്ട പീഡനം മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്.

ഉജ്ജയിനില്‍ കോണ്‍ട്രാക്ടറായ ശുഭം ബുധനാഴ്ച രാത്രി കാര്‍ അപകടത്തില്‍ലാണ് മരണപ്പെട്ടത്. വിഷം കഴിച്ചാണ് ശുഭം വാഹനമോടിച്ചതെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. എന്നാല്‍ വാഹനത്തില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ആഭ്യന്തര മന്ത്രി നരോട്ടാം മിശ്രയ്ക്കും എഴുതിയ രണ്ട് ആത്മഹത്യാ കുറിപ്പുകളും കണ്ടെത്തിയിരുന്നു. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അതിന് കാരണം ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ രണ്ട് സബ് എന്‍ജിനീയര്‍മാരാണെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

Ujjain Municipal Corporation contractor Shubham Khandelwal

ശുഭത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മുനിസിപല്‍ കോര്‍പറേഷനില്‍ നിന്ന് കോണ്‍ട്രാക്ടറായ ശുഭത്തിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും 13 ലക്ഷം രൂപ എന്‍ജിനീയര്‍മാര്‍ തടഞ്ഞുവച്ചെന്നാണ് ശുഭം ആരോപിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം, ശുഭത്തിനെതിരേ ആരോപണവിധേയരായ എന്‍ജിനീയര്‍മാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ശുഭവും എംബിബിഎസ് വിദ്യാര്‍ഥിനിയായ യുവതിയും തമ്മിലുള്ള പ്രണയവിവാഹം 15 ദിവസം മുമ്പാണ് നടന്നത്്. ശുഭം മരിച്ചതോടെ സാനിയയുടെ പിതാവ് മകളെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഉജ്ജയിനില്‍ നിന്ന് ഇന്‍ഡോറിലെത്തി. രാവിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും സി21 ഷോപ്പിങ് മാളില്‍ കയറിയത്.

ജ്യൂസ് കുടിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മാളില്‍ വന്നതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ മൂന്നാം നിലയിലേക്ക് കയറിയ യുവതി അല്പനേരം കൈവരിക്ക് സമീപം നിന്ന ശേഷം താഴേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാ ജീവനക്കാരും പിതാവും യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ ഹാന്‍ഡ്ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഭര്‍ത്താവിനൊപ്പം തന്റെ അന്ത്യകര്‍മ്മങ്ങളും നടത്തണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. യുവതി മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.