Health
മെലാനോമ സ്കിന്‍ കാന്‍സര്‍; ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍ ഇവ, നിസാരമാക്കരുത് ലക്ഷണങ്ങള്‍
പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്.
മെലാനോമ എന്നത് അപൂര്‍വമല്ലാത്തതും ഗുരുതരവുമായ ഒരു സ്കിന്‍ കാന്‍സറാണ്. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ രോഗം നിയന്ത്രിക്കാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും ചെറിയ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് രോഗം ഗുരുതരമാകാന്‍ കാരണമാകുന്നത്. ശരീരം മുന്‍കൂട്ടി നല്കുന്ന ചില സൂചനകള്‍ ഇവയാണ്. ചര്‍മ്മത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന പുതിയ പാടുകള്‍, മറുകുകള്‍, കറുത്ത പാടുകള്‍ എന്നിവ നിസാരമായി കാണരുത്. ചര്‍മ്മത്തിലെ പഴയ പുള്ളികള്‍ വലുപ്പം കൂടുക, നിറം മാറുക, രൂപഭേദം വരിക തുടങ്ങിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
നഖങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മെലാനോമയുടെ ലക്ഷണമായേക്കാം. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേരിയ കറുത്ത വരകള്‍, നഖം പിളരുക, വിള്ളല്‍ വരിക, നഖം പൊട്ടുക അല്ലെങ്കില്‍ രൂപഭേദം സംഭവിക്കുക എന്നിവ ഗൗരവത്തോടെ കാണണം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, വ്രണം, മുറിവുകള്‍, രക്തസ്രാവം എന്നിവ ദീര്‍ഘകാലം തുടരുന്നുവെങ്കില്‍ അത് മെലാനോമ സ്കിന്‍ കാന്‍സറിന്റെ സൂചനയാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മുറിവുകള്‍ ഭേദമാകാതെ തുടരുന്ന സാഹചര്യത്തില്‍ വൈദ്യസഹായം തേടണം. മുഖക്കുരുവും ചിലപ്പോള്‍ മുന്നറിയിപ്പാകാം. ഒരിക്കല്‍ വന്ന മുഖക്കുരു പൂര്‍ണ്ണമായി മാറാതെ പോകുക, അല്ലെങ്കില്‍ അതേ സ്ഥലത്ത് വീണ്ടും വീണ്ടും മുഖക്കുരു വരിക തുടങ്ങിയവയും അവഗണിക്കരുത്. കാല്‍പാദത്തിലോ കൈവെള്ളയിലോ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത വ്രണങ്ങള്‍ എന്നിവയും ചിലപ്പോള്‍ സ്കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളായേക്കാം.
ശ്രദ്ധിക്കുക
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നുവെങ്കില്‍ സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കരുത്. നിര്‍ബന്ധമായും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് പരിശോധനകള്‍ക്ക് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാവൂ.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ശ്വാസംമുട്ടലിന് നല്കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
ശ്വാസംമുട്ടലിന് നല്കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
