News

ക്രിക്കറ്റ് ചരിത്രത്തിലേക്ക് മെല്‍ബണ്‍; ബോക്‌സിങ് ഡേ ടെസ്റ്റില്‍ കാണികളുടെ പ്രളയം

By webdesk17

December 26, 2025

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് പുതിയൊരു റെക്കോര്‍ഡ് എഴുതിക്കൂട്ടി. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നേരില്‍ കാണാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയത് 93,442 ആരാധകര്‍.

ഇതോടെ ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ ഈ സ്‌റ്റേഡിയത്തിലെത്തിയ ഏറ്റവും കൂടുതല്‍ കാണികളുടെ റെക്കോര്‍ഡും പുതുക്കപ്പെട്ടു. 2015ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ (ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ്) എത്തിയ 93,013 കാണികളുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്.

2013ലെ ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ 91,112 പേരാണ് സ്‌റ്റേഡിയത്തിലെത്തിയത്. 100,024 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മെല്‍ബണ്‍ ഗ്രൗണ്ടിന് സമീപകാലത്തെ ഏറ്റവും വലിയ ക്രിക്കറ്റ് തിരക്കാണ് ഇത്.

മത്സരത്തില്‍ ബാറ്റര്‍മാരെക്കാള്‍ ബൗളര്‍മാരാണ് ആദ്യ ദിനം കൈയ്യടക്കിയത്. പേസര്‍മാരുടെ ആധിപത്യത്തില്‍ ആദ്യ ദിനത്തില്‍ തന്നെ 20 വിക്കറ്റുകള്‍ വീണു. ഓസ്‌ട്രേലിയ 152 റണ്‍സിന് പുറത്തായപ്പോള്‍, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 110 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ ഓസ്‌ട്രേലിയക്ക് 42 റണ്‍സിന്റെ ലീഡ് ലഭിച്ചു. പേസര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയ ഓസ്‌ട്രേലിയന്‍ ടീം തന്ത്രം ഫലം കാണിച്ചപ്പോള്‍, ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ബൗളിങ് ആക്രമണത്തെ ചെറുക്കാന്‍ സാധിച്ചില്ല. ആവേശവും റെക്കോര്‍ഡുകളും നിറഞ്ഞ ബോക്‌സിങ് ഡേ ടെസ്റ്റ് ആദ്യ ദിനം ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.