റിയാദ്: ഹൂത്തി വിമതര്‍ റിയാദ് വിമാനത്താവളത്തിനു നേരെ യമനിലെ ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സൗദി അറേബ്യന്‍ പ്രതിരോധ സൈന്യം വെടിവെച്ചിട്ടു. പ്രാദേശിക സമയം രാത്രി 8.45-നാണ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്കു സമീപമാണ് മിസൈലുകള്‍ വന്‍ ശബ്ദത്തോടെ വന്നു വീണത്. ആളപായവും വലിയ നാശനഷ്ടവുമില്ലെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളം ലക്ഷ്യമിട്ട് അയച്ച മിസൈലുകള്‍ സൈന്യത്തിന്റെ സമയോചിത ഇടപെടല്‍ കാരണമാണ് റണ്‍വേയില്‍ വീണത്.

അല്‍ മസീറ ടെലിവിഷനിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു.

800 കിലോമീറ്ററിലധികം വേഗപരിധിയുള്ള ബുര്‍കാന്‍ 2 എച്ച് ഗണത്തില്‍പ്പെടുന്ന മിസൈല്‍ യമനില്‍ നിന്നാണ് ഹൂത്തികള്‍ തൊടുത്തതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് ഹൂത്തികളുടെ വക്താവ് അല്‍ജസീറയോട് പറഞ്ഞു. രാത്രി 8.07-ന് പുറപ്പെട്ട മിസൈല്‍ ആണ് 38 മിനുട്ടുകള്‍ക്കു ശേഷം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വീഴ്ത്തിയത്.

ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് സൗദി ആരോപിച്ചു. ഹിസ്ബുല്ലയും ഇറാനും ചേര്‍ന്ന് മേഖലയെ അസ്വസ്ഥമാക്കാനാണ് ശ്രമിക്കുന്നതെന്നും മുമ്പ് മക്കയെ ലക്ഷ്യമിട്ട് മിസൈല്‍ അയച്ച ഹൂത്തികള്‍ ഇപ്പോള്‍ സൗദിയിലെ സാധാരണക്കാരായ ജനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൗദി രാഷ്ട്രീയ നിരീക്ഷകന്‍ ഡോ ഹംദാന്‍ അല്‍ ഷെഹ്‌രി പറഞ്ഞു.