X

നിപ : സമ്പർക്ക പട്ടികയിലെ എല്ലാവരും ഐസൊലേഷനിൽ നിന്നും പുറത്തു വന്നതായി മന്ത്രി വീണാ ജോർജ്

ജില്ലയിൽ നിപ സ്ഥിരീകരിച്ച ശേഷം വിവിധ ഘട്ടങ്ങളിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഐസൊലേഷനിൽ നിന്നും പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മേഖലാ തല അവലോകന യോഗത്തിന് ശേഷം ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബർ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബർ അഞ്ചിന് 21 ദിവസം പൂർത്തിയായി. അടുത്ത ഒരു 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിൾ ഇൻകുബേഷൻ പീരിയഡ് ആയി കണക്കാക്കി കൺട്രോൾ റൂം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക പട്ടികയിലുള്ള മുഴുവൻ വ്യക്തികളും ഒക്ടോബർ അഞ്ചോടെ ഐസൊലേഷനിൽ നിന്നും പുറത്ത് വന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1288 പേരാണ് സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. 1180 സാമ്പിളുകളാണ് പരിശോധിച്ചത്. നിപ പോസിറ്റീവ് കേസ് കണ്ടെത്തി ഒരാഴ്ചക്കുള്ളിൽ തന്നെ രോഗബാധ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. ഇൻഡക്സ് രോഗിയെ കണ്ടെത്താൻ കഴിഞ്ഞു.

കോൺടാക്ട് ട്രെയ്‌സ് ചെയ്യുന്നതിനും സാമ്പിൾ ടെസ്റ്റ് ചെയ്യുന്നതിനും വലിയ ജാഗ്രതയാണ് പുലർത്തിയത്. തൊണ്ണൂറ് ശതമാനത്തിനടുത്ത് മരണനിരക്കുള്ള ഒരു രോഗത്തിന് മരണനിരക്ക് 33 ശതമാനം മാത്രമാക്കി ചുരുക്കാൻ കഴിഞ്ഞുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സന്തോഷം നൽകുന്നതാണ്.

രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നാം കണ്ടത് ഒരു ടീം വർക്കിന്റെ കൂടി വിജയമാണ്. പത്തൊമ്പതോളം കോർ കമ്മിറ്റികളുടെ ഭാഗമായ എല്ലാവർക്കും മന്ത്രി നന്ദി പറഞ്ഞു. ഒക്ടോബർ 26 നു കൺട്രോൾ റൂം പ്രവർത്തനങ്ങൾ അവസാനിപ്പിക്കും. കോഴിക്കോടിനോടും മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

കൂട്ടായ ഇടപെടലിന്റെ വിജയം : മന്ത്രി പി എ മുഹമ്മദ് റിയാസ്

നിപയിൽ ജില്ലയിൽ കണ്ടത് ടീം വർക്കിന്റെ വിജയമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവരമറിഞ്ഞ ഉടനെ കോഴിക്കോടേക്ക് ഓടിയെത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും സർക്കാർ ആകെയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വളരെ മാതൃകാപരമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. ഏത് കാലത്തും മായ്ച്ചു കളയാൻ കഴിയാത്ത കൂട്ടായ്മയും ഇടപെടലുമാണത്.

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ത്യാഗസന്നദ്ധതയാണത്. കോഴിക്കോട്ടെ ഓരോ പൗരനും സ്വയമേവ ആരോഗ്യ വകുപ്പും സർക്കാരും പറയുന്ന കാര്യങ്ങൾ ഏറ്റെടുത്ത് സ്വയം നേതൃത്വമായി മാറി. കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

മന്ത്രിമാർക്ക് പുറം ജില്ലാ കളക്ടർ എ ഗീത, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡി എം ഓ ഡോ, രാജാറാം, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

webdesk13: