ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഐപിഎല്‍ 14ാം സീസണില്‍നിന്ന് താരങ്ങള്‍ക്കു പുറമെ അംപയര്‍മാരും പിന്മാറുന്നു. ഐപിഎലിലെ അംപയര്‍മാരുടെ പാനലിലുള്ള ഇന്ത്യന്‍ അംപയര്‍ നിതിന്‍ മേനോന്‍, ഓസ്‌ട്രേലിയന്‍ അംപയര്‍ പോള്‍ റീഫല്‍ എന്നിവരാണ് ബയോ സെക്യുര്‍ ബബ്‌ള് സംവിധാനം ഉപേക്ഷിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. ‘വ്യക്തിപരമായ കാരണങ്ങള്‍’ ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും പിന്‍മാറ്റം.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) എലീറ്റ് പാനലിലുള്ള ഏക ഇന്ത്യന്‍ അംപയറായ നിതിന്‍ മേനോന്‍, ബയോ സെക്യുര്‍ ബബ്ള്‍ ഉപേക്ഷിച്ച് സ്വദേശമായ ഇന്‍ഡോറിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും കോവിഡ് ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

‘അടുത്ത കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ നിതിന്‍ മേനോന്‍ ബയോ സെക്യുര്‍ ബബ്ള്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം’ ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബോളര്‍ കൂടിയായ പോള്‍ റീഫലും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു തന്നെ സ്വദേശത്തേക്ക് മടങ്ങിയതായാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇവിടെനിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് സൂചന ലഭിച്ചതോടെയാണ് അദ്ദേഹം ഇന്ത്യ വിട്ടത്.

ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണ്‍, ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ക്കു പിന്നാലെയാണ് രണ്ട് അംപയര്‍മാര്‍ കൂടി ഐപിഎലില്‍നിന്ന് പിന്‍മാറിയത്.

അതേസമയം, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാനായി ആഭ്യന്തര തലത്തിലുള്ള അംപയര്‍മാരെ ബിസിസിഐ മുന്‍കൂട്ടി തയാറാക്കിയിരുന്നുവെന്നും, നിതിന്‍ മേനോനും പോള്‍ റീഫലും നിയന്ത്രിക്കേണ്ട മത്സരങ്ങളില്‍ ഇവരുടെ സേവനം ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.