തിരുവനന്തപുരം: പി.ബി അബ്ദുല്‍ റസാക്കിന് കേരള നിയമസഭയുടെ സ്മരണാഞ്ജലി. നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ ആദ്യദിനം, നിര്യാതനായ മഞ്ചേശ്വരം അംഗം പി.ബി അബ്ദുല്‍ റാസാക്കിന് ചരമോപചാരം അര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിഞ്ഞു.
കന്നടഭാഷയില്‍ സത്യപ്രതിജ്ഞചെയ്ത റസാക്കിനെ സ്മരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് റസാക്ക് നിലകൊണ്ടതെന്ന് ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന നിലയില്‍ മാത്രമല്ല, വിഭ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും സ്പീക്കര്‍ എടുത്തുപറഞ്ഞു. കാസര്‍കോട് ജില്ലയുടെ വികസനപ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുള്‍ റസാക്ക് കാട്ടിയ താല്‍പര്യത്തെ സ്പീക്കര്‍ ശ്ലാഘിച്ചു. സംസ്ഥാനത്തിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവ ശ്രദ്ധപതിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സാധാരണക്കാര്‍ക്കൊപ്പം നിന്ന ഒരു മികച്ച പൊതുപ്രവര്‍ത്തകനേയും, കഴിവുറ്റ സാമാജികനേയുമാണ് നഷ്ടപ്പെട്ടതെന്നും സ്പീക്കര്‍ അനുസ്മരിച്ചു. ഏത് ഘട്ടത്തിലും ഏത് സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ റസാക്ക് എന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ അനുസ്മരിച്ചു. ഉത്തരകേരളത്തിന്റെ വികസനവും സാധാരണക്കാരുടെ ക്ഷേമ ഐശ്വര്യങ്ങളും നെ േഞ്ചാട് ചേര്‍ത്ത വ്യക്തിയായിരുന്നു. പുഞ്ചിരിക്കുന്ന ആ സാന്നിദ്ധ്യം പൊലിഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ആവേശവും ആഹ്ളാദവും കണ്ടെത്തിയിരുന്ന നേതാവായിരുന്നു റസാക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.സി.സിയില്‍ ചികിത്സതേടിയെത്തുന്ന മലബാറില്‍ നിന്നുള്ള പ്രത്യേകിച്ച് കാസര്‍കോട് നിന്നുള്ളവര്‍ക്ക് വലിയ ആശ്രയമായിരുന്നു റസാക്ക് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൂവിരിച്ച പാതയിലൂടെയല്ല സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വര്‍ഗീയശക്തികളെ കാസര്‍കോടും മഞ്ചേശ്വരത്തും തടഞ്ഞുനിര്‍ത്താന്‍ കോട്ടപോലെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു. നല്ല പൊതുപ്രവര്‍ത്തകന്‍, മാതൃക ജനസേവകന്‍ എന്ന നിലയില്‍ ആര്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വര്‍ഗീയതയ്ക്കെതിരായ വിജയമായതുകൊണ്ട് അബ്ദുല്‍റസാക്കിന്റെ വിജയം വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തനിക്ക് അദ്ദേഹം സഹോദരതുല്യനായിരുന്നുവെന്നും സുനില്‍കുമാര്‍ അനുസ്മരിച്ചു. തങ്ങളുടെ രാഷ്ട്രീയപ്രസ്ഥാനത്തിന് മാത്രമല്ല, കേരളത്തിനും തീരാനഷ്ടമാണ് റസാക്കിന്റെ വേര്‍പാടെന്ന് ഡോ: എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി തന്റെ സമ്പാദ്യം പോലും പാവങ്ങള്‍ക്ക് ദാനം ചെയ്യുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നു. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കൊടി ഇവിടെ പാറിക്കാതിരിക്കാന്‍ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു റസാക്ക് എന്നും മുനീര്‍ അനുസ്മരിച്ചു. മതേതരത്വത്തിന്റെ മുഖമായിരന്നു അബ്ദുല്‍ റസാക്ക് എന്ന് കെ.എം. മാണി അനുസ്മരിച്ചു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ച് അര്‍പ്പണം ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്നും മാണി ചുണ്ടിക്കാട്ടി. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും നല്ല നിലയില്‍ വ്യക്തിബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ റസാക്കിനായെന്ന് ഒ.രാജഗോപാല്‍ അനുസ്മരിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ കക്ഷിനേതാക്കളായ സി.കെ. നാണു, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, കെ.ബി ഗണേഷ്‌കുമാര്‍, എന്‍. വിജയന്‍പിള്ള, പി.സി. ജോര്‍ജ് എന്നിവരും അബ്ദുല്‍ റസാക്കിനെ അനുസ്മരിച്ചു.