Connect with us

News

രാജ്യത്ത് ഏഴിലൊരാള്‍ക്ക് 45 വയസ്സിന് മുമ്പ് സ്‌ട്രോക്ക്; പ്രധാന കാരണം അനിയന്ത്രിത ബി.പി.

രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Published

on

കണ്ണൂര്‍: മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ആശുപത്രി അധിഷ്ഠിത സ്‌ട്രോക്ക് രജിസ്ട്രി വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനം International Journal of Stroke ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2020 മുതല്‍ 2022 വരെ രേഖപ്പെടുത്തിയ 34,792 സ്‌ട്രോക്ക് കേസുകള്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്‌ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണെങ്കിലും, 13.8 ശതമാനം കേസുകളില്‍ ഇത് 45 വയസ്സിന് മുമ്പാണ് സംഭവിക്കുന്നത്. ഇവരില്‍ 63.4 ശതമാനം പുരുഷന്മാരാണ്.

മസ്തിഷ്‌കാഘാത ലക്ഷണങ്ങള്‍ കണ്ടതിന് 24 മണിക്കൂര്‍ കഴിഞ്ഞാണ് അഞ്ചില്‍ രണ്ടുപേരും ആശുപത്രിയിലെത്തുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് മരണത്തിനും ദീര്‍ഘകാല പക്ഷാഘാതത്തിനും കാരണമാകുന്നു. ആദ്യ മണിക്കൂറില്‍ ചികിത്സ തേടുന്നത് 20 ശതമാനം പേര്‍ മാത്രമാണെന്നതും ആശങ്കാജനകമാണ്.

തലച്ചോറിലേക്കുള്ള രക്തധമനികള്‍ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദമാണ് പ്രധാന കാരണം. 74.5 ശതമാനം കേസുകളിലും അമിത ബി.പി.യാണ് സ്‌ട്രോക്കിന് കാരണമായത്. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6 ശതമാനം) എന്നിവയും മറ്റ് പ്രധാന കാരണങ്ങളാണ്.

സ്‌ട്രോക്ക് സംഭവിച്ചാല്‍ ആദ്യ രണ്ട് മുതല്‍ മൂന്ന് മണിക്കൂറുകള്‍ അത്യന്തം നിര്‍ണായകമാണ്. ഈ സമയത്തെയാണ് ‘സുവര്‍ണ മണിക്കൂര്‍’ എന്ന് വിളിക്കുന്നത്. അതിവേഗം കൃത്യമായ ചികിത്സ ലഭിച്ചാല്‍ മസ്തിഷ്‌കാഘാതത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വൈകിയുള്ള ചികിത്സ കാരണം പലര്‍ക്കും ആജീവനാന്ത വൈകല്യങ്ങളോടെ ജീവിക്കേണ്ടിവരുന്നതായി പഠനം വ്യക്തമാക്കുന്നു.

main stories

ഹോളി ആഘോഷം; യുപിയില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കെട്ടി മുസ്‌ലിം പള്ളികള്‍

പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു.

Published

on

By

ലഖ്നൗ: ഹോളി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ 48 മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിക്കെട്ടി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുമാണ് മുന്‍കരുതല്‍ നടപടികളെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കും ശേഷമാണ് ടാര്‍പോളിനുകള്‍ ഉപയോഗിച്ച് മൂടിക്കെട്ടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഷാജഹാന്‍പൂര്‍ ജില്ലയില്‍ ‘ജൂട്ടാ മാര്‍ ഹോളി’ എന്ന പേരില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഘോഷയാത്ര നടത്താറുണ്ട്. പ്രദേശത്തെ ഏറ്റവും വ്യത്യസ്തമായ ഹോളി പാരമ്പര്യങ്ങളിലൊന്നാണ് ഇത്. ഏകദേശം 10 കിലോമീറ്റര്‍ നീളുന്ന ഘോഷയാത്രയില്‍ ആളുകള്‍ ചെരുപ്പുകള്‍ ഉപയോഗിച്ചുള്ള ‘ജൂട്ടാ മാര്‍ ഹോളി’ കളിയില്‍ ഏര്‍പ്പെടും.

ഇത്തരം ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടികെട്ടിയത്. പള്ളികളില്‍ നിറങ്ങള്‍ പുരളുന്നത് തടയാനും ഇതുവഴി സാധിക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 13 സര്‍ക്കിള്‍ ഓഫീസേഴ്സ്, 310 സബ് ഇന്‍സ്പെക്ടേഴ്സ്, 1200 കോണ്‍സ്റ്റബിള്‍, 500 ഹോം ഗാര്‍ഡുകളെയടക്കം മേഖലയില്‍ വിന്യസിക്കുമെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. ഹോളിയുമായി ബന്ധപ്പെട്ട് ജാഥ നടക്കുന്ന എട്ട് കിലോമീറ്ററോളം ദൂരം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടിട്ടുണ്ട്. ആഘോഷത്തിനിടെ അനിഷ്ടകരമായ വല്ല സംഭവവും നടക്കുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

News

കൗണ്‍സലിംഗിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്.

Published

on

By

കണ്ണൂര്‍: കൗണ്‍സലിംഗിനായി എത്തിയ പതിനേഴുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജു (59)വിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു.

പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. പതിനേഴുകാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടത്തിയത്.

സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്ന ഇയാള്‍ ‘മാസ്റ്റര്‍ ട്രെയിനര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്നര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

News

ഫലസ്തീനിലെ കുടുംബങ്ങള്‍ക്കായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍

ഫലസ്തീന്‍ ജനതക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പര്‍ 78/36) ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്.

Published

on

By

മസ്‌കത്ത്: ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍.
ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് 10 ലക്ഷം ഒമാനി റിയാല്‍ പ്രാരംഭ മൂലധനത്തോടെയുള്ള ഒരു പ്രത്യേക ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്റ് (വഖഫ്) ഫൗണ്ടേഷന്‍ സ്ഥാപിച്ചത് .

ഫലസ്തീന്‍ ജനതക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പര്‍ 78/36) ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. കേവലം ഒരു താല്‍ക്കാലിക ആശ്വാസ പദ്ധതിയെന്നതിലുപരി, സുസ്ഥിരമായ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫലസ്തീനിലെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കായിരിക്കും ഇതില്‍നിന്നുള്ള വരുമാനം വിനിയോഗിക്കുക.

10 ലക്ഷം റിയാല്‍ എന്ന പ്രാരംഭ നിക്ഷേപം ഒരു സാമ്പത്തിക സ്രോതസ്സായി ഉപയോഗിക്കുകയും അതില്‍നിന്നുള്ള നിക്ഷേപ വരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യും. ഇത് സഹായം വിതരണം ചെയ്യുന്നതില്‍ സുതാര്യതയും തുടര്‍ച്ചയും ഉറപ്പാക്കും.

ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍ പുലര്‍ത്തുന്ന ഉറച്ച നിലപാടിന്റെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് ഈ നടപടി. നേരത്തെയും ഒമാന്‍ ഗസ്സയിലെ കുട്ടികള്‍ക്കായി യൂനിസെഫ് വഴിയും യു.എന്‍.ആര്‍.ഡബ്ല്യു.എ വഴിയും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കാന്‍ സമഗ്ര ഭരണ ചട്ടക്കൂടും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയരൂപവത്കരണം, പദ്ധതികളുടെ മേല്‍നോട്ടം എന്നിവക്കായി പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉത്തരവാദിത്വപരവും സുതാര്യവുമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുക എന്നതും ബോര്‍ഡിന്റെ ചുമതലയായിരിക്കും. വഖഫ് സംസ്‌കാരത്തെ സജീവമാക്കി സാമൂഹികാധിഷ്ഠിത പദ്ധതികള്‍ വികസിപ്പിക്കുകയാണ് ഒമാന്‍ ലക്ഷ്യമിടുന്നതെന്നും ഫലസ്തീന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

 

Continue Reading

Trending