health
കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ?
രോഗിയുടെ അവസ്ഥ, കാന്‍സറിന്റെ തരം, ഇപ്പോഴുള്ള ചികിത്സാഘട്ടം എന്നിവയെ ആശ്രയിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുള്ളൂ.
Dr. Salim VP
Senior Consultant, HOD-Surgical Oncology & Advanced Robotic Surgery Aster MIMS Kozhikode
കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ എന്നത് വളരെ സാധാരണവും പ്രധാനവുമായ ഒരു ചോദ്യം ആണ്. രോഗിയുടെ അവസ്ഥ, കാന്‍സറിന്റെ തരം, ഇപ്പോഴുള്ള ചികിത്സാഘട്ടം എന്നിവയെ ആശ്രയിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുള്ളൂ. അതോടൊപ്പം നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ. എന്നിരുന്നാലും താഴെ പറയുന്ന അവസ്ഥകളില്‍ രോഗിക്ക് ഡോക്ടറുടെ അനുമതിയോടെ നോമ്പ് അനുഷ്ഠിക്കാന്‍ സാധാരണയായി കഴിയാറുണ്ട്.
രോഗി സ്ഥിരമായ ആരോഗ്യ നിലയില്‍ ആണെങ്കില്‍
* കിമോതെറാപ്പി / റേഡിയോതെ റാപ്പി / വലിയ ശസ്ത്രക്രിയ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍
* ഹോര്‍മോണ്‍ ചികിത്സ അല്ലെങ്കില്‍ ഫോളോ-അപ്പ് നിരീക്ഷണം മാത്രമാണെങ്കില്‍
* ഗണ്യമായ ഭാരക്കുറവ് ഇല്ലെങ്കില്‍, പോഷകാഹാര നില നല്ലതാണെങ്കില്‍
* വൃക്ക പ്രവര്‍ത്തനം സാധാരണയായിരിക്കുകയാണെങ്കില്‍
* ഡയബെറ്റിസ് ഇല്ലെങ്കില്‍ അല്ലെങ്കില്‍ നല്ല നിയന്ത്രണത്തിലുള്ളതാണെങ്കില്‍
ഇഫ്താര്‍സുഫൂര്‍ സമയങ്ങളില്‍ മതിയായ ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് മുകളില്‍ സൂചിപ്പിച്ചപോലെ ഡോക്ടറുടെ ഉപദേശം തേടി നോമ്പ് എടുക്കാം. അതേപോലെ പല കാന്‍സര്‍ സര്‍വൈവേഴ്സിനും, മെയിന്റനന്‍സ് ചികിത്സയിലുളള രോഗികള്‍ക്കും നോമ്പ് സുരക്ഷിതമായി പാലിക്കാം(കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെയും, നിരീക്ഷണത്തോടെയും മാത്രം).
താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവരോ ചികിത്സയില്‍ ഇരിക്കുന്നവരോ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല.
* ആക്റ്റിവ് കീമോതെറാപ്പി നടക്കുകയാണെങ്കില്‍
* റേഡിയോതെറാപ്പി ലഭിക്കുകയാണെങ്കില്‍ (പ്രത്യേകിച്ച് തലകഴുത്ത്, ജിഐ കാന്‍സറുകള്‍)
വായില്‍ വ്രണം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍
ഗണ്യമായ ഭാരക്കുറവ് / പോഷകാഹാരക്കുറവ് ഉണ്ടെങ്കില്‍
* വൃക്ക പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ നിയന്ത്രണമില്ലാത്ത ഡയബെറ്റീസ് ഉണ്ടെങ്കില്‍
* അഡ്വാന്‍സ്ഡ് / മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ മൂലം ശരീര ക്ഷീണം ഉണ്ടെങ്കില്‍
* പകല്‍ സമയത്ത് പല മരുന്നുകളും ആവശ്യമായി വരുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നോമ്പ് ഡിഹൈഡ്രേഷന്‍, ഇലക്ട്രോലൈറ്റ് അസന്തുലനം, ക്ഷീണം എന്നിവ വര്‍ധിപ്പിക്കാം.
അതോടൊപ്പം
* കീമോതെറാപ്പി ലഭിക്കുന്ന ദിവസങ്ങള്‍
* ഇമ്യൂണോതെറാപ്പി / ടാര്‍ഗെറ്റഡ് തെറാപ്പി ഓരോ രോഗിയെയും പ്രത്യേകം വിലയിരുത്തണം
* ശസ്ത്രക്രിയക്ക് ശേഷമുള്ള കാലയളവ് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ
* സ്റ്റോമ ഉള്ള രോഗികള്‍ എന്നിവര്‍ അത്തരം ദിവസങ്ങളിലും അതോടനുബന്ധിച്ചുള്ള ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്.
പ്രത്യേകം ശ്രദ്ധിക്കുക നിങ്ങള്‍ക്ക് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയും എന്നുണ്ടെങ്കില്‍ സ്വയം തീരുമാനിച്ച് മുന്നോട്ട് പോവാതെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം നോമ്പ് അനുഷ്ടിക്കുക കൂടാതെ ഇസ്ലാം മത് വിശ്വാസം പ്രകാരം പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ക്ക് മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ.
രോഗാവസ്ഥ നോമ്പില്‍ നിന്ന് ഒഴിവാക്കാനുള്ള സാധുവായ കാരണം ആണ്. രോഗിക്ക് ആരോഗ്യം വീണ്ടെടുത്താല്‍ പിന്നീട് നോമ്പ് നികുത്താം അല്ലെങ്കില്‍ ദീര്‍ഘകാലമായി നോമ്പ് സാധ്യമല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളും മതപരമായി നിഷ്‌കരിച്ചിട്ടുണ്ട്.
നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക
പ്രോട്ടീന്‍ സമ്യദ്ധമായ അത്തായം കഴിക്കുക, ഇഫ്താര്‍ സുഹൂര്‍ ഇടയില്‍ മതിയായ വെള്ളം കുടിക്കുക, കാഫിന്‍, അധിക പഞ്ചസാര ഒഴിവാക്കുക തുടങ്ങിയവ നിര്‍ബന്ധമായും ശ്രദ്ധിക്കുക കൂടാതെ തല ചുറ്റല്‍,അതിക ക്ഷീണം, രക്തത്തില്‍ പഞ്ചസാര കുറയുക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാ
യാല്‍ ഉടന്‍ നോമ്പ് ഒഴിവാക്കണം. കാന്‍സര്‍ ഉണ്ടായത് കൊണ്ട് മാത്രം നോമ്പ് പാടില്ല എന്നില്ല ആക്റ്റീവ് ചികിത്സ, പോഷകക്കുറവ്, ശരീരക്ഷീണം ഉണ്ടെങ്കില്‍ സാധാരണയായി നോമ്പ് ഒഴിവാക്കണം. സ്വയം തീരുമാനം എടുക്കാതെ നിങ്ങളെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് നിങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി കൃത്യമായ തീരുമാനം നല്‍കുന്നതാണ്. നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കലാണ് പ്രധാന്യം.
health
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും; ഈ വിറ്റാമിന്റെ കുറവുക്കൊണ്ടുമാകാം!
നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം പെട്ടെന്നുള്ള ക്ഷീണവും മയക്കവും ജോലി സമ്മര്‍ദമോ, പ്രായക്കൂടുതലോ അല്ല വിറ്റാമിന്‍ ഡിയുടെ അഭാവം കൊണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കൂടുതലായി ഇത് ബാധിക്കുന്നുണ്ട്. മിക്ക ആളുകളും ദൈനംദിന സമ്മര്‍ദ്ദത്തിന്റെയോ ജോലിഭാരത്തിന്റെയോ ഭാഗമാണെന്ന് കരുതി അവഗണിക്കുന്നു. നന്നായി ഉറങ്ങുകയും പതിവായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം പിന്തുടരുകയും ചെയ്യുന്നവരിലും ഇത് സംഭവിക്കുന്നുണ്ട്.
വെറും എല്ലുകളുടെ ശക്തിക്ക് മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും വിറ്റാമിന്‍ ഡി നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡി ശരീരത്തിന്റെ ഊര്‍ജ്ജ കറന്‍സി എന്നറിയപ്പെടുന്ന അഡെനോസിന്‍ ട്രൈഫോസ്‌ഫേറ്റ് (എടിപി) ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. എടിപി ഉത്പാദനം കുറയുമ്പോള്‍, പേശികളെയും തലച്ചോറിനെയും ഇത് നേരിട്ട് ബാധിക്കുന്നു. പേശികള്‍ക്ക് ശക്തി കുറയുകയും, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നു.
കൂടാതെ, വിറ്റാമിന്‍ ഡി സെറോടോണിന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. സെറോടോണിന്‍ ന്യൂറോട്രാന്‍സ്മിറ്ററാണ്. നമ്മുടെ മാനസികാവസ്ഥയും ഊര്‍ജ്ജ സന്തുലിതാവസ്ഥയ്ക്കും നിയന്ത്രിക്കുന്നത് സെറോടോണിനാണ്. സെറോടോണിന്‍ കുറഞ്ഞാല്‍ മാനസികാവസ്ഥ മോശമാവുകയും, ഊര്‍ജ്ജം കുറയുകയും ചെയ്യും. സ്വാഭാവികമായി, ഉച്ചയ്ക്ക് ശേഷം കോര്‍ട്ടിസോള്‍ അളവ് സ്വാഭാവികമായി കുറയുന്നു.പക്ഷേ വിറ്റാമിന്‍ ഡി കുറവുള്ളപ്പോള്‍ ശരീരത്തിന് ഈ കുറവിനെ ക്രമീകരിക്കാന്‍ ബുദ്ധിമുട്ടാകുന്നു. അതിന്റെ ഫലമായി മന്ദത, ഉറക്കം, ക്ഷീണം എന്നിവ ഉണ്ടാകുന്നു.
വിറ്റാമിന്‍ ഡി അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. ഇത് പകല്‍ സമയത്ത് പെട്ടെന്നുള്ള ക്ഷീണത്തിനും അലസതക്കും കാരണമാകും. ആരോഗ്യമുള്ള ഒരാളില്‍ വിറ്റാമിന്‍ ഡി അളവ് 20 മുതല്‍ 50 ng/mL വരെ വേണം. എന്നാല്‍ ഒട്ടുമിക്ക പേരിലും ശരിയായ അളവില്‍ വിറ്റാമിന്‍ ഡി ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നു.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന ഒരു രാജ്യമാണെങ്കിലും, ഇന്ത്യയില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ 70 ശതമാനത്തിലധികം ആളുകളും വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും വീടിനുള്ളില്‍ ചെലവഴിക്കുന്നത്, വായു മലിനീകരണം ഇവയെല്ലാം വിറ്റാമിന്‍ ഡി കുറവിന് കാരണമാകുന്നു.
ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, ബ്ലഡ് ടെസ്റ്റ് വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ് എടുക്കുകയോ, രാവിലെയും വൈകിട്ടും 10-15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കുകയോ ചെയ്യാം..
health
വായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്.
വായ്പുണ്ണിനെ പലരും നിസാരമായി ആണ് കാണുന്നത്. വെറുതെ ഒരു വായ്പുണ്ണാണെന്നോ സ്‌ട്രെസ്സ് മൂലമുള്ളതാണെന്നോ കരുതി പലരും ഇത് അവഗണിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണെന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ഡോ. വിജയ് ഹരിഭക്തി പറയുന്നത്.
വായയിലെ കാന്‍സര്‍ കോശങ്ങള്‍ വളരെ വേഗത്തില്‍ കഴുത്തിലെ ലസികാ ഗ്രന്ഥികളിലേക്കും തുടര്‍ന്ന് ശ്വാസകോശം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പടര്‍ന്നു കഴിഞ്ഞാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ കാരണമാകുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഏത് മാറ്റവും അപകടസൂചനയാകാം. വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇത് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ് ആശ്വാസകരമായ വശം.
ഇതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
അള്‍സറുകള്‍: രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണുകള്‍.
വെള്ളയോ ചുവപ്പോ ആയ പാടുകള്‍: വായയുടെ ഉള്‍വശത്തോ നാക്കിലോ കാണപ്പെടുന്ന തടിക്കുപ്പുകള്‍.
ല്യൂക്കോപ്ലാകിയ: ഉരച്ചു കളയാന്‍ പറ്റാത്ത വിധം കവിളിന്റെ ഉള്‍വശത്തോ നാക്കിലോ കാണുന്ന വെളുത്ത പാടുകള്‍. ഇവ കാന്‍സറിന് മുന്നോടിയാകാന്‍ സാധ്യതയുണ്ട്.
എറിത്രോപ്ലാകിയ: രക്തം വരാന്‍ സാധ്യതയുള്ള ചുവന്ന പാടുകള്‍. ഇവ അപകടകരമാണ്.
മുഴകള്‍: വായയിലോ താടിയെല്ലിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകള്‍.
ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ചവക്കാനോ വിഴുങ്ങാനോ സംസാരിക്കാനോ ഉണ്ടാകുന്ന പ്രയാസം. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?
പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാന ശീലമുള്ളവര്‍, മോശമായ വായ ശുചിത്വമുള്ളവര്‍ ,വായക്കുള്ളില്‍ നിരന്തരം മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും വായ്പുണ്ണുകള്‍ അണുബാധയോ വിറ്റാമിന്‍ കുറവോ മൂലം ഉണ്ടാകുന്നതാകാം. എന്നാല്‍ വായയിലെ പാടുകളോ പുണ്ണുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കില്‍ വേദന, നാവിന്റെ ചലനം കുറയുകയോ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം കാണുമ്പോള്‍ ഓറല്‍ ഓങ്കോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്.
പ്രതിരോധ മാര്‍ഗങ്ങള്‍
പുകയിലയും മദ്യവും ഒഴിവാക്കുക: കാന്‍സര്‍ തടയാനുള്ള ഏറ്റവും പ്രധാന വഴി ഇതാണ്.
വായ ശുചിത്വം: കൃത്യമായി പല്ല് തേക്കുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ഭക്ഷണം: ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു.
വെയില്‍ ഏല്‍ക്കാതിരിക്കുക: ചുണ്ടുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ അമിതമായ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ ലിപ് ബാം എന്നിവ ഉപയോഗിക്കാം.
പരിശോധനകള്‍: പതിവായി ദന്തപരിശോധന നടത്തുന്നത് വായയിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
health
നിങ്ങൾ എത്ര തവണ കുളിച്ചാലും ശരീരത്തിലെ ഈ ഭാഗങ്ങളിലെ അഴുക്ക് പൂര്‍ണമായും പോകില്ല ?
‘ദുർഗന്ധവും ചർമ്മ പ്രശ്‌നങ്ങളുമുണ്ടാക്കും’
ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
-
Sports1 day agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News1 day agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories1 day agoഇറാനി പോള
-
Health23 hours agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
News3 days agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
Video Stories23 hours agoഅഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
-
world3 days agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
kerala22 hours agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
